വെളിച്ചെണ്ണ ലൈംഗിക ബന്ധത്തിന് ലൂബ്രിക്കന്റായി ഉപയോഗിക്കുന്നത് സുരക്ഷിതമോ?, ഏവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

coconut oil
coconut oil

വെളിച്ചെണ്ണ പല ആവശ്യങ്ങള്‍ക്കും നിത്യേന ഉപയോഗിക്കുന്നവരാണ് മലയാളികള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും വെളിച്ചെണ്ണ സാന്നിധ്യമാണ്. ഒട്ടേറെ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമാണ് വെളിച്ചെണ്ണ എന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് ലൂബ്രിക്കന്റായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍, ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് പലര്‍ക്കും അറിയില്ല.

വേദനാജനകമായ ലൈംഗികബന്ധം ഇല്ലാതാക്കാനും ലൈംഗികാനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കുവാനുമായാണ് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത്. വിപണിയില്‍ പലതരത്തിലുള്ള ലൂബ്രിക്കന്റുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍, ചിലതൊക്കെ ലൈംഗികാവയവങ്ങള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. യോനിയില്‍ ബാക്ടീരിയയുടെ വളരെ സൂക്ഷ്മമായ ബാലന്‍സ് ഉണ്ട്. ഇത് തടസ്സപ്പെടുമ്പോള്‍, അണുബാധ ഉണ്ടാകാം. ചില ലൂബ്രിക്കന്റുകള്‍ ഈ ബാക്ടീരിയകള്‍ക്ക് സുരക്ഷിതമല്ല.

വെളിച്ചെണ്ണ ഉപയോഗിക്കാന്‍ പല കാരണങ്ങളുമുണ്ട്. പ്രത്യേകിച്ചും ഇത് പ്രകൃതിദത്തവും മിനുസമാര്‍ന്നതുമാണെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഒരു സെക്‌സ് ലൂബ്രിക്കന്റ് എന്ന നിലയില്‍ വെളിച്ചെണ്ണ എത്രത്തോളം സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയ പഠനങ്ങളൊന്നും വിപുലമായി നടന്നിട്ടില്ലെങ്കിലും മെഡിക്കല്‍ വിദഗ്ധര്‍ ഈ ലൂബ്രിക്കന്റിനെ പൂര്‍ണമായും തള്ളിക്കളയുന്നില്ല.

വെളിച്ചെണ്ണയുടെ രണ്ട് പ്രാഥമിക രൂപങ്ങളുണ്ട്, ശുദ്ധീകരിക്കാത്തതും ശുദ്ധീകരിച്ചതും. ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണ എന്നത് തേങ്ങയില്‍ നിന്ന് നേരിട്ടുള്ള എണ്ണയാണ്. അതായത് വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയയില്‍ ചൂട് ഉപയോഗിച്ചിട്ടില്ല. ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേക തേങ്ങാ മണവും രുചിയും ഉണ്ടാകും.

ശുദ്ധീകരിച്ച വെളിച്ചെണ്ണ കൂടുതല്‍ പ്രോസസ്സ് ചെയ്യപ്പെടുന്നു, കാരണം എണ്ണയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ചില ഘടകങ്ങള്‍ നീക്കം ചെയ്യാന്‍ ചില പ്രക്രിയകള്‍ ഉപയോഗിക്കുന്നു. ശുദ്ധീകരിച്ച വെളിച്ചെണ്ണയ്ക്ക് ആന്റിഓക്സിഡന്റുകള്‍ പോലെയുള്ള ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണയുടെ ചില ഗുണങ്ങളും നഷ്ടപ്പെട്ടേക്കാം.

ഈ വെളിച്ചെണ്ണ ഒരു ലൈംഗിക ലൂബ്രിക്കന്റായി ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വെളിച്ചെണ്ണ പ്രകൃതിദത്തവും പ്രിസര്‍വേറ്റീവില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഒരു ലൂബ്രിക്കന്റാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറ്റ് ലൂബ്രിക്കന്റുകളെപ്പോലെ ഇത് കട്ടപിടിക്കുകയില്ല.

വെളിച്ചെണ്ണ ലൂബായി ഉപയോഗിക്കാതിരിക്കാനും ചില കാരണങ്ങളുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം കോണ്ടം ഉപയോഗിച്ചാല്‍ അത് പൊട്ടാനിടയാക്കും. വെള്ളവും സിലിക്കണും അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റുകള്‍ക്ക് മാത്രമേ ലാറ്റക്‌സ് കോണ്ടം സുരക്ഷിതമാക്കാന്‍ സാധിക്കൂ. അതേസമയം, പോളിയുറീന്‍ ഉപയോഗിച്ചാണ് കോണ്ടം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ വെളിച്ചെണ്ണ സൂരക്ഷിതമാണ്.

യീസ്റ്റ് അണുബാധ പോലുള്ള യോനിയിലെ അണുബാധകള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വെളിച്ചെണ്ണ ഒരു ലൂബ്രിക്കന്റായി ഉപയോഗിക്കുന്നത് നല്ലതല്ല. ചില ആളുകള്‍ കൂടുതല്‍ അണുബാധയ്ക്ക് സാധ്യതയുള്ളത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമല്ല. അത്തരത്തിലൊരു വ്യക്തിയാണെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം. വെളിച്ചെണ്ണ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ആയതിനാല്‍, യോനിയിലെ പിഎച്ച് ബാലന്‍സ് തടസ്സപ്പെടുത്താനും യീസ്റ്റ് അണുബാധയ്ക്ക് കാരണമാകാനും ഇടയാക്കും.

ഏത് ഉല്‍പ്പന്നവും നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍, അത് സ്വാഭാവികമായാലും അല്ലെങ്കിലും, അതിനോട് ഒരു സെന്‍സിറ്റിവിറ്റി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, അലര്‍ജി ആയി മാറാം. വെളിച്ചെണ്ണയുടെ കാര്യത്തിലും അത് ഉണ്ടായേക്കാം.

അതിനാല്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കൈത്തണ്ടയില്‍ ചെറിയ അളവില്‍ വെളിച്ചെണ്ണ പരീക്ഷിക്കുക. അലര്‍ജിയുണ്ടോയെന്ന് കാണാന്‍ കുറച്ച് മിനിറ്റ് കാത്തിരിക്കുക. ഭാഗികമായി ഹൈഡ്രജന്‍ ഉള്ളതും ശുദ്ധീകരിച്ചതുമായ വെളിച്ചെണ്ണകളില്‍ അഡിറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ ദോഷകരമായി ബാധിച്ചേക്കാം.

കൂടാതെ, ഒരു സെക്സ് സെഷനില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര മാത്രം വെളിച്ചെണ്ണ ഉപയോഗിക്കുക. അമിതമായാല്‍ യോനിക്ക് നല്ലതല്ല. യോനിയില്‍ അധികമായി എണ്ണ അടിഞ്ഞുകൂടുന്നത് അനാവശ്യ ബാക്ടീരിയകളുടെയോ യീസ്റ്റിന്റെയോ പ്രജനന കേന്ദ്രമായിത്തീരാന്‍ ഇടയാക്കും.

 

Tags