കൊട്ടിയൂർ ഭക്തർക്ക് ആശ്വാസമായി ചാത്തോത്ത് കയ്യാലയിലെ ചുക്ക് കാപ്പി
ആചാരങ്ങളിൽ വ്യത്യസ്ത നിലനിൽക്കുന്ന ഉത്തരകേരളത്തിൽ തന്നെ അപൂർവ്വം ക്ഷേത്രം , ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ക്ഷേത്രമില്ല ക്ഷേത്രമായ അക്കരെ കൊട്ടിയൂരിൽ സ്ഥിരമായ യാതൊരു നിർമിതികളും കാണാനാകില്ല. വൈശാഖോത്സവകാലത്ത് കൊട്ടിയൂരിൽ അവകാശികൾക്കും ഉത്സവനടത്തിപ്പ് കാര്യങ്ങൾക്കുമായി ഒരുക്കുന്ന പർണ്ണശാലകളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. കൊട്ടിയൂരിലെ പാരമ്പര്യ ട്രസ്റ്റിമാരിൽ രണ്ടാം ഊരാളൻന്മാരാണ് കരിമ്പനയ്‌ക്കൽ ചാത്തോത്ത്. ഈ ചാത്തോത്ത് കയ്യാലയിൽ നിന്നും
കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായി അര നൂറ്റാണ്ടിലേറെയായി ചുക്ക് കാപ്പി വിതരണം നടത്തി വരുന്നു.
കാനന നടുവിലെ അക്കരെ സന്നിധിയിൽ മേല്ക്കുര ഇല്ലാതെ തുറസായാണ് സ്വയംഭൂ വിഗ്രഹം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടോലകളിൽ കെട്ടിയ ശ്രീകോവിൽ ഉയരുക ഉത്സവം തുടങ്ങിയ ശേഷം മാത്രം ആയിരിക്കും. കാലങ്ങൾക്ക് മുമ്പേ പ്രകൃതി ഭാവങ്ങളുടെ വേഷപ്പകർച്ചയിൽ ഓലക്കുട ചൂടിയും ഈ യാഗപർണ്ണശാലയിൽ തീർത്ഥാടകർ എത്തിയിരുന്നു. വൈശാഖോത്സവത്തിനായി മാത്രം തുറക്കുന്ന അക്കരെ സന്നിധിയിൽ അവകാശികൾക്കും ഉത്സവനടത്തിപ്പ് കാര്യങ്ങൾക്കുമായി കയ്യാലകൾ ഒരുക്കാറുണ്ട്.
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഐതിഹ്യത്തോടും ഭരണത്തോടും ചേർന്നുനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിയന്തരക്കാരാണ് ഊരാളന്മാർ. മണത്തണ സ്വദേശികളായ കുളങ്ങരയത്ത്, ആക്കൽ, കരിമ്പനയ്‌ക്കൽ ചാത്തോത്ത്, തിട്ടയിൽ എന്നീ നാല് പ്രമുഖ നായർ തറവാടുകളിലെ ഏറ്റവും മുതിർന്ന കാരണവന്മാരാണ് ഊരാളന്മാരായി സ്ഥാനമേൽക്കുന്നത്. കൊട്ടിയൂരിന്റെ ഉടമസ്ഥരാണിവർ. അക്കരെ സന്നിധാനത്ത് ഈ നാല് ഊരാള തറവാട്ടുകാർക്കും പ്രത്യേകം ‘കയ്യാലകൾ’ ഉണ്ട്.
ഇവയിൽ കരിമ്പനയ്‌ക്കൽ ചാത്തോത്ത് കയ്യാലയിൽ നിന്നും കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായി അര നൂറ്റാണ്ടിലേറെയായി ചുക്ക് കാപ്പി വിതരണം നടത്തി വരുന്നു. ഇത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്.
ആദിവാസികൾമുതൽ ബ്രാഹ്‌മണർ വരെയുള്ളവരായി നൂറുകണക്കിന് അവകാശികളാണ് കൊട്ടിയൂരിൽ ഉള്ളത് , എല്ലാ ജാതിവിഭാഗങ്ങൾക്കും ഇതുപോലെ പങ്കാളിത്തമുള്ള മറ്റൊരു ദേവസ്ഥാനം കൊട്ടിയൂരല്ലാതെ മറ്റൊരിടത്തും ഉണ്ടാവില്ല. ഒരു വിഭാഗക്കാർ ഇതിൽ വിട്ടു നിന്നാൽ പോലും ഉത്സവം നടക്കില്ല. അവകാശികൾക്കെല്ലാവർക്കും ഓരോ ആചാരപ്പേരുകൾ, ഉത്സവത്തിൽ വ്യത്യസ്തമായ ചുമതലകൾ. ഇവയെല്ലാം കൂടുന്നതാണ് പ്രകൃതിയുടെ മടിത്തട്ടിലെ ഉത്സവം.
.jpg)

