ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനും ജമാഅത്തെ ഇസ്ലാമിയും, ലക്ഷ്യം ഇന്ത്യയെ വളയല്‍, അയല്‍രാജ്യത്തെല്ലാം സൈനികതാവളം

Bangladesh
Bangladesh

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായി സൗഹൃദമുള്ള ബംഗ്ലാദേശില്‍ അധികാരത്തില്‍ സ്വാധീനമുണ്ടാക്കാനായി കോടികളുടെ ഫണ്ട് പാകിസ്ഥാനില്‍ നിന്നും ഒഴുകിയെത്തി. ചൈനീസ് കമ്പനികളാണ് ഫണ്ടിങ്ങിന് പിന്നിലെന്നാണ് സൂചന. ശ്രീലങ്കയിലും മാലദ്വീപിലും നേരത്തെ ചൈന സ്വാധീനമുറപ്പിച്ചിരുന്നു. ഇതോടെ യുദ്ധമുണ്ടായാല്‍ ഈ രാജ്യങ്ങളിലെല്ലാം സൈനിക താവളമുറപ്പിക്കാന്‍ ചൈനയ്ക്ക് അവസരം ലഭിക്കും.

സംവരണ നയങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം എന്ന നിലയില്‍ ആരംഭിച്ച ബംഗ്ലാദേശ് പ്രക്ഷോഭം ഒടുവില്‍ പ്രധാനമന്ത്രിയുടെ രാജ്യംവിടലിലാണ് കലാശിച്ചത്. നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്തര്‍ദേശീയവും ആഭ്യന്തരവുമായ ഗൂഢാലോചനകളാണ് ഇതിന് പിന്നില്‍.

പാകിസ്ഥാനും ചൈനയും ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ സൈന്യം, ഐഎസ്‌ഐ, ബംഗ്ലാദേശ് ആര്‍മി, ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) എന്നിവരെല്ലാം കലാപത്തിന് പിന്നിലുണ്ട്.

സംവരണ നയങ്ങളോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍, ഇന്ത്യാ വിരുദ്ധ, അവാമി ലീഗ് വിരുദ്ധ നിലപാടുകള്‍ക്ക് പേരുകേട്ട ജമാഅത്തെ ഇസ്ലാമിയുടെയും ബിഎന്‍പിയുടെയും പങ്കാളിത്തം പ്രകടമായിരുന്നു. ഐഎസ്‌ഐയുമായി അടുത്ത ബന്ധമുള്ള ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്രമം അഴിച്ചുവിടുന്നതില്‍ പ്രധാന പങ്കുവഹിച്ചതായാണ് ആരോപണം.

1971-ലെ വിമോചനയുദ്ധത്തില്‍ മുമ്പ് പാകിസ്ഥാനെ പിന്തുണച്ചിരുന്ന ഈ സംഘടന, തുടര്‍ച്ചയായി അവാമി ലീഗ് സര്‍ക്കാരുകളുടെ കണ്ണിലെ കരടാണ്. ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആദ്യ ശ്രമമായിരുന്നില്ല ഇത്. ഇതിന് മുമ്പ് 2009ലും 2012ലും പാകിസ്ഥാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ ചൈനയുടെ പിന്തുണയോടെ ഗൂഢാലോചന വിജയിച്ചു.

Tags