മലപ്പുറത്ത് വീട്ടില്‍ വെച്ചുള്ള പ്രസവം പതിവാകുന്നു, യുവതി മരിച്ചത് അഞ്ചാമത്തെ പ്രസവത്തില്‍, മതം തലയ്ക്കുപിടിച്ചവര്‍ ഒരു സമുദായത്തെ പിറകോട്ട് വലിക്കുമ്പോള്‍


യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന സിറാജുദ്ദീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഗര്‍ഭിണിയായിട്ടും ഭാര്യയ്ക്ക് പരിചരണം നല്‍കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
മലപ്പുറം: വീട്ടില്‍വെച്ചുള്ള പ്രസവം മലപ്പുറത്ത് ഏറിവരികയാണെന്ന വാര്‍ത്തകള്‍ക്കിടെ വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി മരിച്ചു. ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) ആണ് മരിച്ചത്.
ആലപ്പുഴ സ്വദേശിയാണ് ഭര്‍ത്താവ് സിറാജുദ്ദീന്‍. ഇയാള്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ വിദഗ്ധ ചികിത്സ നല്‍കാനോ തയ്യാറായില്ല. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
മരണം സംഭവിച്ച കാര്യം പോലീസിനെ അറിയിച്ചില്ലെന്ന് മാത്രമല്ല, പെട്ടെന്നുതന്നെ സംസ്‌കരിക്കാനായി യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു. മലപ്പുറത്ത് പ്രസവം നടന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചട്ടിപ്പറമ്പ് ഈസ്റ്റ് കോഡൂരില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സിറാജുദ്ദീനും കുടുംബവും. യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന സിറാജുദ്ദീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഗര്‍ഭിണിയായിട്ടും ഭാര്യയ്ക്ക് പരിചരണം നല്‍കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
ആദ്യത്തെ മൂന്നു ആശുപത്രിയിലാണ് നടന്നത്. നാലാമത്തെ പ്രസവം വീട്ടിലും. വീണ്ടും വീട്ടില്‍ പ്രസവിക്കാനായിരുന്നു സിറാജുദ്ദീന്‍ നിര്‍ദ്ദേശിച്ചത്. അടുത്തിടെ ഒരുവിഭാഗം മുസ്ലീം സമുദായത്തിനിടയില്‍ വീട്ടിലെ പ്രസവത്തിന് പ്രചരണം നടക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് സിറാജുദ്ദീന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതും.
നിഗൂഢത നിറഞ്ഞ ജീവിതമാണ് സിറാജുദ്ദീന്റേതെന്നാണ് അയല്‍ക്കാര്‍ പോലും പറയുന്നത്. സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. മടവൂര്‍ ഖാഫില എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ മതപ്രഭാഷണം നടത്തുക പതിവാണ്.
പൂര്‍ണമായും സൗജന്യമായി ചികിത്സയും പരിചരണവുമെല്ലാം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഗര്‍ഭിണിയായ വിവരം പോലും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കാറില്ല. ഇതേതുടര്‍ന്ന് വീട്ടില്‍ പ്രസവിച്ച കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് വിവാദമായിരുന്നു.