എഡിജിപി ശ്രീജിത്തിനെ സഹായിച്ച ചീഫ് സെക്രട്ടറി കുരുങ്ങും, കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി അനുമതി
ആഭ്യന്തര സെക്രട്ടറി വിളിച്ച ഈ ഹിയറിങ്ങിൽ പരാതിക്കാരൻ പങ്കെടുത്തിരുന്നില്ല. എഡിജിപി ശ്രീജിത്ത് അഴിമതിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അഴിമതി കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി : എഡിജിപി എസ് ശ്രീജിത്തിന് എതിരെ ഉയർന്ന പരാതി സംബന്ധമായി ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ( നിലവിലെ ചീഫ് സെക്രട്ടറി ) സംയുക്ത യോഗം വിളിച്ചത് നിയമ വിരുദ്ധ നടപടിയാണെന്ന് തുറന്നടിച്ച് ഹൈക്കോടതി. ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ ? സർക്കാർ ഉണ്ടോ എന്നും തുറന്ന കോടതിയിൽ ജസ്റ്റിസ് ബദറുദീൻ ചോദിക്കുകയുണ്ടായി.

ഇതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടി സംബന്ധമായി വിശദീകരണം ജൂലൈ 28 ന് മുൻപായി സമർപ്പിക്കാനും ജസ്റ്റിസ് ബദറുദ്ദിൻ സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശ യാത്ര സംബന്ധിച്ചും, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തിയതായ പരാതിയെ സംബന്ധിച്ചും പരിശോധിച്ച് നടപടി സ്വീകരിക്കാൻ കോടതി നൽകിയ നിർദ്ദേശം പാലിക്കാതെ, അന്ന് ആഭ്യന്തര സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബിശ്വനാഥ് സിൻഹ പരാതിക്കാരനായ ദിപിൻ ഇടവനയെയും എഡിജിപി എസ് ശ്രീജിത്തിനെയും ട്രാൻസ്പോർട്ട്, വിജിലൻസ് വകുപ്പ് ഉന്നതരെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിപ്പിച്ച് ഹിയറിങ് നടത്തിയതാണ് കോടതിയുടെ വിമർശനത്തിന് കാരണമായിരിക്കുന്നത്. ഇത് നിയമത്തിന് അജ്ഞാതമായ ഒരു നടപടിക്രമമാണ് എന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറി വിളിച്ച ഈ ഹിയറിങ്ങിൽ പരാതിക്കാരൻ പങ്കെടുത്തിരുന്നില്ല. എഡിജിപി ശ്രീജിത്ത് അഴിമതിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അഴിമതി കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ ഡി ജി പി ശ്രീജിത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതായും, ബിനാമി പേരുകളിൽ ബിസിനസ് ആരംഭിച്ചതായും ഹർജിക്കാരൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. Money Laundering ലക്ഷ്യമാക്കി യു.എ.ഇ. സന്ദർശിച്ചതായാണ് ആരോപണം.
അബുദാബിയിലെ ഒരു സ്വകാര്യ ആയുർവേദ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീജിത്ത് പങ്കെടുത്തത് കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും ആവശ്യമായ അനുമതി ഇല്ലാതെയാണ് എന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്.
ഐ.പി.എസ് യൂണിഫോമിലുള്ള എഡിജിപി ശ്രീജിത്തിൻ്റെ ചിത്രങ്ങൾ സിനിമാ താരം ഇനിയക്ക് ഒപ്പം പരസ്യ പ്രചരണത്തിനായി അബുദാബിയിലെ ഈ സ്വകാര്യ സ്ഥാപനം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിച്ചത് സംബന്ധിച്ച തെളിവുകളും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഇതിനു പുറമെ, എഡിജിപി ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ ഔദ്യോഗിക അംഗീകാരമില്ലാത്ത ഒരു വിജിലൻസ് സ്ക്വാഡ് രൂപീകരിച്ചുവെന്നും, അത് അഴിമതിക്ക് വഴിയൊരുക്കുന്ന സംവിധാനമായിരുന്നുവെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ആ സ്ക്വാഡിൽ നിയമിതരായ ഉദ്യോഗസ്ഥർ അഴിമതിയിൽ ഏർപ്പെട്ടിരുന്നതായും, കീഴുദ്യോഗസ്ഥരെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചിരുന്നതായും ആരോപിക്കുന്നുണ്ട്.
ഈ കാലഘട്ടത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ അടുപ്പക്കാർക്ക് അനുകൂലമായ സ്ഥലങ്ങളിൽ നിയമനം നൽകുകയും, “Last Bench” എന്ന സംഗീതസംഘം വഴി വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും ആരോപിക്കുന്നുണ്ട്.
ബോഡി ബിൽഡർമാർക്ക് ഇൻസ്പക്ടർ നിയമനം നൽകാൻ ശുപാർശ ചെയ്ത അതേ എഡിജിപി ശ്രീജിത്തിൻ്റെ മേൽ നോട്ടത്തിൽ നടത്തിയ കേരള പൊലീസിലെ വോളിബോൾ (പുരുഷ) ടീമിലേക്ക് നടത്തിയ ഹവിൽദാർ നിയമനത്തിലും ക്രമക്കേടും അഴിമതിയും നടന്നതായും ദിപിൻ ഇടവന ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീജിത്ത് ഇടപെട്ട് അനർഹർക്ക് നിയമനം നൽകിയതായാണ് ആരോപണം. ഇതു സംബന്ധിച്ച പരാതിയും വിജിലൻസ് ഡയറക്ടർക്ക് ദീപിൻ ഇടവന നേരത്തെ നൽകിയിരുന്നു. വിജിലൻസ് ഡയറക്ടറാകട്ടെ പരാതിക്കാരൻ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് ചെയ്തത്.
എന്നിട്ടും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോൾ തന്നെ ആഭ്യന്തര സെക്രട്ടറിയോട് തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാൽ, വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നതിന് പകരം, ആരോപണ വിധേയനായ എഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു അസാധാരണ ഹിയറിങ് വിളിച്ചു ചേർത്ത് ആ യോഗത്തിലേക്ക് പരാതിക്കാരനെ കൂടി വിളിക്കുകയാണ് ചെയ്തിരുന്നത്. ഈ നടപടിയെ ആണ് കോടതിയും ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ ഹർജിക്കാരൻ്റെ അഭിഭാഷകന് കോടതി വാക്കാൽ അനുമതിയും നൽകിയിട്ടുണ്ട്.
അതേസമയം, എഡിജിപി എസ് ശ്രീജിത്തിന് എതിരായ പരാതിയിൽ ദിപിൻ ഇടവനയിൽ നിന്നും മൊഴി രേഖപ്പെടുത്തിയ വിജിലൻസ് ഡയറക്ടറേറ്റ്, പരാതിക്കാരൻ നൽകിയ രേഖകൾ സഹിതം അന്വേഷണ അനുമതി ആവശ്യപ്പെട്ട് വീണ്ടും ആഭ്യന്തര സെക്രട്ടറിക്ക് ഫയൽ കൈമാറിയിട്ടുണ്ട്.
.jpg)

