അധികാരം ഗവര്‍ണറുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി, വിസി ആയി ഇനി ബിജെപി അനുകൂലികളെ നിയമിച്ചാലും പരാതിയില്ല, ലക്ഷ്യം കേന്ദ്ര ഫണ്ടും വായ്പാ പരിധി ഉയര്‍ത്തലും
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസ് ഒത്തുതീര്‍പ്പിലെത്തിച്ച്, ഗവര്‍ണറുടെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പൂര്‍ണമായി കീഴ്പ്പെട്ട കരാറില്‍ ഏര്‍പ്പെട്ടതായി വിമര്‍ശനം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസ് ഒത്തുതീര്‍പ്പിലെത്തിച്ച്, ഗവര്‍ണറുടെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ഇതോടെ വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ അധികാരം പ്രായോഗികമായി നഷ്ടപ്പെട്ടു. ഇനി ബിജെപി അനുകൂലികളെയോ സംഘപരിവാര്‍ ചായ്വുള്ളവരെയോ വിസിയായി നിയമിച്ചാലും പരാതി പറയാനുള്ള ധാര്‍മികാവകാശം പോലും ഈ സര്‍ക്കാരിന് ഇല്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.
എല്‍ഡിഎഫ് ഭരണകാലത്ത് യൂണിവേഴ്സിറ്റികളില്‍ സംഘപരിവാര്‍ കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് പോരാടിയിരുന്നു. ഗവര്‍ണറുടെ ഏകപക്ഷീയ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സുധാന്‍ഷു ധൂലിയ കമ്മിറ്റി പാനല്‍ നല്‍കിയശേഷവും, സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനുള്ള നിയമനടപടികള്‍ തുടര്‍ന്നു. എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആ പ്രതിരോധം തകര്‍ന്നു. ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മുന്‍പേ പ്രഖ്യാപിച്ച സര്‍ക്കാര്‍, ഇപ്പോള്‍ പൂര്‍ണമായി കീഴടങ്ങി.
സിസ തോമസ് കെടിയുവിലും സജി ഗോപിനാഥ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയിലും തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഗവര്‍ണറുടെ സെക്രട്ടറിയറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പും ഒപ്പുവച്ചു. യുജിസി ചട്ടങ്ങള്‍ക്കനുസൃതമായി സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ഒത്തുതീര്‍പ്പ് അറിയിച്ചതോടെ സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കി. ഗവര്‍ണറുടെ ഏകപക്ഷീയ നിലപാടിനെ നിയമപരമായി ചെറുത്ത് നില്‍ക്കേണ്ട സ്ഥാനത്ത് നിന്ന്, സര്‍ക്കാര്‍ അധികാരം കൈയൊഴിഞ്ഞു.
ബിജെപി ഉദ്ദേശിക്കുന്നതെല്ലാം അതിവേഗത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരായി യുഡിഎഫ് മാറി എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിന്റെ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യ മുന്നണി തന്നെ പറയുമ്പോഴാണ് കേരളത്തില്‍ ഇത്തരമൊരു സമ്പൂര്‍ണ കീഴടങ്ങല്‍ നടക്കുന്നത്. യുഡിഎഫ് വന്നശേഷം മഹാത്മാഗാന്ധി സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും സംഘപരിവാര്‍ ചായ്വുള്ളവരെ താല്‍ക്കാലിക വിസിമാരാക്കിയ നടപടികളും ഇതിന്റെ തുടര്‍ച്ചയാണ്.
എന്തിനാണ് ഈ കീഴടങ്ങല്‍ എന്ന ചോദ്യമുയരുന്നുണ്ട്. കേന്ദ്ര ഫണ്ടും വായ്പാ പരിധി ഉയര്‍ത്തലും ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ബിജെപിക്കെതിരായ നിലപാട് മയപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതും, ഓഫ്-ബജറ്റ് ബോറോയിങ് ഉള്‍പ്പെടുത്തി പരിധി കുറച്ചതും സംസ്ഥാന ഖജനാവിനെ ഞെരുക്കുന്നു. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവ നല്‍കാന്‍ പോലും വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, ഗവര്‍ണറെയും കേന്ദ്രത്തെയും പ്രീണിപ്പിച്ച് ഫണ്ടും വായ്പാ പരിധിയും ഉയര്‍ത്തിക്കിട്ടാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലാണ് വിസി നിയമനത്തിലെ ഈ ഒത്തുതീര്‍പ്പിന് പിന്നിലെന്നാണ് സംശയം.
കാരാറോടെ വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ പങ്ക് നാമമാത്രമായി. ചാന്‍സലര്‍ എന്ന നിലയില്‍ ഇഷ്ടമുള്ളവരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. യൂണിവേഴ്സിറ്റികളുടെ സ്വയംഭരണവും അക്കാദമിക് സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉപേക്ഷിച്ച്, കേന്ദ്ര-ഗവര്‍ണര്‍ അജണ്ടയ്ക്ക് വഴിയൊരുക്കുന്ന നടപടിയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലനിന്ന നിയമപരമായ സ്ഥാനങ്ങള്‍ പോലും യുഡിഎഫ് ഒറ്റയടിക്ക് ത്യജിച്ചു.
വിസി നിയമനം വെറും അഡ്മിനിസ്‌ട്രേറ്റീവ് വിഷയമല്ല. അത് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നയത്തിന്റെ നിയന്ത്രണവും, ഫെഡറല്‍ തത്വങ്ങളും, സെക്കുലര്‍ മൂല്യങ്ങളും സംബന്ധിച്ചതാണ്. ഗവര്‍ണര്‍ക്ക് അധികാരം സമര്‍പ്പിച്ച്, ഇനി പരാതിയില്ല എന്ന നിലപാടിലേക്ക് മാറിയ യുഡിഎഫ് സര്‍ക്കാര്‍, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരണത്തിന് തുറന്നിട്ടിരിക്കുകയാണ്. ലക്ഷ്യം കേന്ദ്ര ഫണ്ടും വായ്പാ പരിധി ഉയര്‍ത്തലും മാത്രമാണെങ്കില്‍, അതിന് വേണ്ടി സംസ്ഥാനത്തിന്റെ അധികാരവും അക്കാദമിക് സ്വാതന്ത്ര്യവും ബലികഴിക്കുന്നത് ചരിത്രം ക്ഷമിക്കുകയില്ല.
.jpg)

