ചെന്നിത്തലയ്ക്ക് പറ്റിയത് വലിയ പിഴവ് , ഒരു ഉദ്യോഗസ്ഥനെയും മാറ്റിയില്ല, കേരള പൊലീസിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് സി.പി.എം ?
അതീവ രഹസ്യവും തന്ത്രപരവുമായ തീരുമാനങ്ങൾ എടുക്കേണ്ട പൊലീസ് ആസ്ഥാനത്ത് പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ വിശ്വസ്‌തരായ ഉന്നതർ ഇരിക്കുമ്പോൾ യുഡിഎഫ് സർക്കാറിന് എങ്ങനെയാണ് പൊലീസിനെ നിയന്ത്രിക്കാൻ കഴിയുക ? ആരാണ് 'തൂഫാൻ' ആവുക എന്നത് ചെന്നിത്തല ചിന്തിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ, സെക്രട്ടറിയേറ്റിൽ അതേ പൊളിറ്റിക്കൽ സെക്രട്ടറിയുടെ വിശ്വസ്‌തനായ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ സിൻഹ തുടരുമ്പോൾ നിങ്ങൾ എന്ത് ' ഓപ്പറേഷൻ പ്രോജക്ട് സീറോ' നടത്തിയിട്ടും വല്ല കാര്യവുമുണ്ടോ ?
മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പറ്റിയ വലിയ പിഴവാണ് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ കേരള പൊലീസിൻ്റെ മാനംകെടുത്തിയ സംഭവ പരമ്പരകൾക്ക് കാരണമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിന് എത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംഘടിച്ച് സി.പി.എം പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചപ്പോൾ, കടുത്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുന്നതിന് പകരം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നിന്നതാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടാൻ ഇടയാക്കിയിരിക്കുന്നത്.
ഇക്കാര്യത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണറുടെ ചാർജിൽ ഉണ്ടായിരുന്ന ഡിഐജിക്കും സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിസിപിക്കും മാത്രമല്ല, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവരെല്ലാം തന്നെ പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയപ്പോൾ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. അതുപോലെ തന്നെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയും പി ശശിയുടെ വിശ്വസ്ഥനാണ്.
17 വർഷത്തെ നീണ്ട ഡെപ്യൂട്ടേഷൻ കഴിഞ്ഞുവന്ന റവാഡ ചന്ദ്രശേഖറിന് , സംസ്ഥാനത്ത് വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ, ഈ അവസരം ഉപയോഗിച്ച് അഡ്മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്താണ് ഡിജിപിയെ നിയന്ത്രിക്കുന്നത് എന്ന ആരോപണം
പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ശക്തമാണ്. വഴിവിട്ട ഈ ഉപദേശങ്ങളാണ് ഈ രൂപത്തിൽ പൊലീസിനെ നിഷ്‌ക്രിയമാക്കിയതെന്ന വികാരമാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലും ഉള്ളത്. പൊലീസ് ആസ്ഥാനത്ത് അഡ്‌മിനിസ്‌ട്രേഷനിൽ ഒരു ഐജി ഉണ്ടെന്നിരിക്കെ എന്തിനാണ് എഡിജിപി പദവി എന്ന ചോദ്യവും ഇപ്പോൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് കോടതി ഉത്തരവിൻ്റെ ബലത്തിൽ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് എത്തിയ ടിപി സെൻകുമാറിനെ 'മെരുക്കാനും' പൊലീസിലെ നിയന്ത്രന്തണം കൈവിട്ടു പോകാതിരിക്കാനുമാണ് എഡിജിപി റാങ്കിലെ ടോമിൻ തച്ചങ്കരിയെ അഡ്‌മിനിസ്ട്രേഷൻ എഡിജിപിയായി പ്രതിഷ്ടിച്ചിരുന്നത്. ആ സ്ഥാനത്താണ് രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് പി ശശിയുടെ അടുപ്പക്കാരനായ എസ് ശ്രീജിത്തിനെ നിയമിച്ചിരിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യേണ്ട സൈബർ പൊലീസ് ഓപ്പറേഷൻ വിഭാഗം മേധാവിയുടെ ചുമതല എഡിജിപി ശ്രീജിത്തിന് നൽകിയതും പി ശശി പ്രത്യേക താല്പര്യമെടുത്തായിരുന്നു. ഈ പദവിയിൽ കടിച്ച് തൂങ്ങാൻ എഡിജിപി ശ്രീജിത്ത് ശ്രമിക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന് എതിരായ അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന പരാതിയും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ തന്നെ ഈ ഉദ്യോഗസ്ഥരെയെല്ലാം മാറ്റി മറ്റൊരു ടീമിനെ യുഡിഎഫ് സർക്കാർ നിയമിച്ചിരുന്നെങ്കിൽ, ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന രൂപത്തിലേക്ക് കാര്യങ്ങൾ വഷളാകില്ലായിരുന്നു എന്ന അഭിപ്രായം സർവ്വീസിൽ നിന്നും വിരമിച്ച മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലും നിലവിലുണ്ട്. കേന്ദ്ര ഏജൻസികൾ റെയ്ഡിന് പോകുമ്പോൾ സാധാരണ ഗതിയിൽ മുൻകൂട്ടി പൊലീസിനെ അറിയിക്കാറില്ല. രഹസ്യങ്ങൾ ചോരുമെന്നതിനാലാണ് ഈ ജാഗ്രത. അതു തന്നെയാണ് മാസപ്പടി കേസിലെ കേരളത്തിലെ റെയ്ഡിലും സംഭവിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടത്തുന്ന വിവരം കേരള പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ, പിന്നെ റെയ്ഡ് നടത്തിയിട്ട് വല്ല കാര്യവും ഉണ്ടാകുമോ? പ്രത്യേകിച്ച് പിണറായി സർക്കാർ നിയമിച്ച പൊലീസ് സംവിധാനം തന്നെ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. റെയ്ഡ് തുടരുമ്പോൾ തന്നെ തടിച്ച് കൂടിയ സി.പി.എം പ്രവർത്തകർ പ്രകോപിതരാകുന്നത് കണ്ടപ്പോൾ തന്നെ ആ പ്രവർത്തകരെ അവിടെ നിന്നും മാറ്റാൻ പൊലീസ് തയ്യാറാകണമായിരുന്നു. ഇഡി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ക്രമസമാധാന വിഷയം ഉണ്ടാകുമെന്ന് കണ്ടാൽ ഉടൻ ഇടപെടേണ്ടത് ലോക്കൽ പൊലീസിൻ്റെ ഉത്തരവാദിത്വമാണ്. അതവർ ചെയ്തില്ലെന്ന് മാത്രമല്ല, റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്ന ഇഡി സംഘത്തിന് തിരിച്ചു പോകാൻ ഇൻ്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടിട്ട് പോലും സുഗമമായ പാത ഒരുക്കിയതുമില്ല. സംഘർഷാന്തരീക്ഷം ചാനലുകളിലൂടെ വീക്ഷിച്ച പൊലീസ് ആസ്ഥാനത്തെ ഏമാൻമാർ ഉത്തരവാദികളാകുന്നതും ഇവിടെയാണ്.
10 വർഷം അധികാരത്തിന് പുറത്ത് നിന്ന യു ഡി എഫ് സർക്കാരിലെ ഉന്നതർക്ക് ഈ പത്ത് വർഷവും പുതുതായി സർവ്വീസിൽ കയറിയ ഐപിഎസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഒരു ബന്ധവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ പൊലീസ് സേനയ്ക്ക് കൂടി സ്വീകാര്യരായ കർക്കശക്കാരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ ഉന്നത തസ്‌തികയിൽ പ്രതിഷ്ടിച്ചാൽ മാത്രമേ പൊലീസ് ഭരണം സുഗമമായി മുന്നോട്ട് കൊണ്ടു പോകുവാൻ രമേശ് ചെന്നിത്തലയ്ക്ക് കഴിയുകയുള്ളൂ.
പുതിയ സാഹചര്യത്തിൽ ജൂൺ 30 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന രവത ചന്ദ്രശേഖറിന് കാലാവധി നീട്ടി നൽകുമോ എന്നത് എന്തായാലും സംശയമാണ്. ചീഫ് സെക്രട്ടറി ജയതിലകും ഉടൻ തന്നെ സർവ്വീസിൽ നിന്നും വിരമിക്കും. ഈ തസ്തികയിൽ വരാൻ പി ശശിയുടെ മറ്റൊരു വിശ്വസ്തനായ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയും ശ്രമിക്കുന്നുണ്ട്. ബിശ്വനാഥ് സിൻഹയ്ക്ക് എതിരെ മുൻപ് കോൺഗ്രസ്സ് നേതാവായ ജ്യോതികുമാർ ചാമക്കാല അതീവ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇതും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇനി പരിഗണിക്കേണ്ടതായി വരും. മാത്രമല്ല, വിജിലൻസ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ നിരവധി ഫയലുകൾ അനുമതി നൽകാതെ പിടിച്ചു വച്ചിരിക്കുന്നതും ഇതേ ആഭ്യന്തര സെക്രട്ടറി തന്നെയാണ്.
ഇതിനെല്ലാം പുറമെ, ഹൈക്കോടതി ഉത്തരവ് അട്ടിമറിയ്ക്കാൻ ആഭ്യന്തര സെക്രട്ടറി ഇടപെട്ടു എന്ന ഒരു പരാതിയും മോട്ടോർ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരിട്ട് നൽകിയിട്ടുമുണ്ട്. ഈ സംഭവം ചുണ്ടിക്കാട്ടി കോർട്ടലഷ്യത്തിന് ഉടനെ തന്നെ ഹൈക്കോടതിയിൽ ഹർജി വരുമെന്നാണ് ലഭിക്കുന്ന വിവരം.
പിണറായി സർക്കാറിൻ്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തര സെക്രട്ടറിയും എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള പൊലീസ് ആസ്ഥാനത്തെ ഉന്നതരും സ്വീകരിച്ച നടപടികൾക്ക് കുടപിടിക്കേണ്ട ഒരുകാര്യവും പുതിയ സർക്കാരിന് ഇല്ലാത്തതിനാൽ, എന്ത് നടപടിയാണ് ഇക്കാര്യങ്ങളിൽ ഇനി സർക്കാർ സ്വീകരിക്കുക എന്നതാണ് ഐഎഎസ് - ഐപിഎസ് ഉന്നതരും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുതൽ താഴെ തട്ടിലുള്ള സ്‌റ്റേഷൻ എസ് എച്ച് ഒ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം എന്തായാലും ഉടനെ തന്നെയുണ്ടാകും. അധികാരമേറ്റ ഉടനെ ചെയ്യേണ്ട നടപടിയാണ് വൈകിയെങ്കിലും ഇപ്പോൾ ആഭ്യന്തരമന്ത്രി ചെയ്യാൻ പോകുന്നത്.
അതേസമയം, ഉന്നത തലത്തിൽ അഴിച്ചുപണി ഉറപ്പായതോടെ സ്ഥാനം തെറിക്കാതിരിക്കാൻ പലരും നേട്ടോട്ടം ഓടി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, അഡ്മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്ത് എന്നിവർ ഏത് വിധേയനേയും സ്ഥലമാറ്റം ഒഴിവാക്കാനായി മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അടുപ്പക്കാർ വഴിയാണ് ഇടപെടൽ നടത്തുന്നത്. റവാഡ ചന്ദ്രശേഖറിനു വേണ്ടി ചില കേന്ദ്രങ്ങൾ പ്രമുഖ ഘടകകക്ഷി നേതാവിനെ തന്നെയാണ് ഇടപെടുത്തിയിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് , ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയെങ്കിലും തനക്ക് നിലനിർത്താൻ പറ്റുമോ എന്നാണ് നിലവിൽ ശ്രമിക്കുന്നത്.
ഇതിനിടെ, ഐപിഎസ് തലത്തിലും നീക്കങ്ങൾ ഇപ്പോൾ ശക്തമാണ്. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ജൂനിയർ ഐപിഎസുകാരെ മാത്രം തിരഞ്ഞ് പിടിച്ച് ബലിയാടാക്കാനുള്ള അണിയറ നീക്കമാണ് ഐ.പി എസ് ഓഫീസർമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏകപക്ഷീയമായാണ് നടപടിയെങ്കിൽ കൂട്ടത്തോടെ ഡെപ്യൂട്ടേഷനിൽ പോകാനാണ് ഒരു വിഭാഗത്തിൻ്റെ തീരുമാനമെന്നാണ് അറിയുന്നത്.
.jpg)

