ജീവിതത്തില്‍ സാമ്പത്തിക വിജയം നേടണോ, ചാണക്യന്‍ ഉപദേശിക്കുന്ന ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

Chanakya
Chanakya

ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനായിരുന്ന ചാണക്യനെ കുറിച്ച് അറിയാത്തവര്‍ അപൂര്‍വമായിരിക്കും. ചാണക്യന്റെ ആശയങ്ങളും തത്വങ്ങളും ചാണക്യ നീതി എന്ന് അറിയപ്പെടുന്നു. ജീവിതത്തിലെ വിജയത്തെക്കുറിച്ചുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ ചാണക്യന്റേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വങ്ങള്‍ വളരെ സ്വാധീനമുള്ളതാണ്. അവ ഇന്നും മാനേജ്‌മെന്റ് സിദ്ധാന്തങ്ങളായി ബഹുമാനിക്കപ്പെടുന്നു. ജീവിതത്തില്‍ സാമ്പത്തിക വിജയം നേടുന്നതിന് വലിയ സഹായകമാകുന്ന പാഠങ്ങളും ചാണക്യ നീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം നന്നായി കൈകാര്യം ചെയ്യാനും സാമ്പത്തികമായി വിജയിക്കാനും നമ്മെ സഹായിക്കുന്ന ചില ചാണക്യ നീതികളെക്കുറിച്ചറിയാം.

നിങ്ങളുടെ സമ്പത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുക എന്നാണ് ചാണക്യന്‍ പറയുന്നത്. അര്‍ഹിക്കാത്തവര്‍ക്ക് ഒരിക്കലും നല്‍കരുതെന്നും ചാണക്യന്‍ ഉപദേശിക്കുന്നു. മേഘങ്ങള്‍ ഏറ്റുവാങ്ങുന്ന ജലം മധുരമുള്ളതാണെന്നും അത് കടലില്‍ ചേര്‍ന്നാല്‍ ഉപ്പുവെള്ളമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപം ആരോഗ്യകരമായ നിരക്കില്‍ വളരുന്നുണ്ടോ അല്ലെങ്കില്‍ പെട്ടെന്ന് കുറയുന്നുവോ എന്നത് പണം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ ലക്ഷ്യം തീരുമാനിക്കാന്‍ കഴിയില്ലെങ്കില്‍ ജീവിതവിജയം എളുപ്പമല്ലെന്നാണ് ചാണക്യന്റെ മറ്റൊരു സാരോപദേശം. ചില ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ്, സ്വയം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുക. ഞാന്‍ എന്തിനാണ് ഇത് ചെയ്യുന്നത്?, ഫലങ്ങള്‍ എന്തായിരിക്കാം?, ഞാന്‍ വിജയിക്കുമോ?. നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കുകയും ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ. തന്റെ ലക്ഷ്യം തീരുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് വിജയിക്കാനാവില്ലെന്ന് ചാണക്യന്‍ പറയുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളെയും പോലെ, നിക്ഷേപങ്ങളില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നതും വിജയത്തിന്റെ താക്കോലാണ്. എവിടെ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം, എത്രകാലം നിക്ഷേപിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും.

എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പരാജയത്തെ ഭയപ്പെടരുതെന്നും അത് ഉപേക്ഷിക്കരുതെന്നും ചാണക്യന്‍ ഉപദേശിക്കുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ് ഏറ്റവും സന്തോഷമുള്ളവരെന്നാണ് ചാണക്യന്റെ വിലയിരുത്തല്‍.

എന്തും അമിതമായാല്‍ ദോഷമാണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. അമിതമായ സൗന്ദര്യം സീതയെ തട്ടിക്കൊണ്ടുപോയി, അമിതമായ അഹം രാവണനെ വധിച്ചു, അമിതമായ ദാനധര്‍മ്മം ബാലിയെ കുഴപ്പത്തിലാക്കി. അതിനാല്‍ എന്തും അമിതമായാല്‍ ദോഷമാണെന്ന് ചാണക്യന്‍ പറയുന്നു.

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് ഉയരാന്‍ കഴിയുകയുള്ളൂവെന്നാണ് ചാണക്യന്റെ മറ്റൊരു ഉപദേശം. നമ്മുടെ അനുഭവങ്ങളില്‍ നിന്ന് നാം പഠിക്കുന്നു, പ്രത്യേകിച്ച് തെറ്റുകളില്‍നിന്നും. അതോപോലെത്തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുക എന്നതും. ഇത് ജീവിത വിജയത്തിന് വലിയ പാഠമാകുമെന്നും ചാണക്യ നീതയിലുണ്ട്.

Tags