നാണംകെട്ട് പാകിസ്ഥാന്‍, ചാമ്പ്യന്‍സ് ട്രോഫി നടന്നത് സ്വന്തം നാട്ടില്‍, പക്ഷെ, ഫൈനല്‍ നേരിട്ട് കാണാനായില്ല, ട്രോഫി കൊടുക്കാന്‍ പോലും ആരുമെത്തിയില്ല

Champions Trophy 2025
Champions Trophy 2025

പാകിസ്ഥാന്‍ ഒരു പ്രതിനിധിയെ പോലും വേദിയിലേക്ക് അയച്ചില്ല എന്നത് അതിശയിപ്പിക്കുന്നതാണെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ പാകിസ്ഥാനെതിരെ മുന്‍ താരങ്ങള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു പ്രതിനിധിയെ പോലും ഫൈനലിന് അയക്കാത്തതാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്.

ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാ, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ദേവജിത് സൈകിയ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് (എന്‍എസ്സി) ഡയറക്ടര്‍ റോജര്‍ ടൊവോസ് എന്നിവര്‍ കളിക്കാര്‍ക്ക് പ്രൈസുകള്‍ സമ്മാനിക്കുന്നതിനായി വേദി പങ്കിട്ടു. എന്നാല്‍, ടൂര്‍ണമെന്റ് ആതിഥേരായ പാകിസ്ഥാനില്‍ നിന്നും ആരും വന്നില്ല.

പിസിബി ചീഫ് ഓപ്പറേഷന്‍സ് ഓഫീസറും ചാമ്പ്യന്‍സ് ട്രോഫി ഇവന്റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് ദുബായില്‍ ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് പോഡിയം ക്ഷണം ലഭിച്ചില്ല. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്ക് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ കാരണമാണ് ദുബായ് സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നാണ് വിശദീകരണം.

പാകിസ്ഥാന്‍ ഒരു പ്രതിനിധിയെ പോലും വേദിയിലേക്ക് അയച്ചില്ല എന്നത് അതിശയിപ്പിക്കുന്നതാണെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ പറഞ്ഞു. ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ആതിഥേയരായിരുന്നു. പക്ഷേ, ഇവിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ല. ഇതൊരു ലോക വേദിയാണ്. ഇവിടെ പാക് പ്രതിനിധികള്‍ ഉണ്ടാകേണ്ടിയിരുന്നെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയതോടെ കിരീടം നേടുമെന്ന് കരുതിയാണ് പിസിബി ചെയര്‍മാന്‍ ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് സൂചന. 29 വര്‍ഷത്തിനു ശേഷം ലഭിച്ച ആദ്യ ഹോം ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല. ന്യൂസിലാന്‍ഡിനോടും ഇന്ത്യയോടും തോറ്റതോടെ പാകിസ്ഥാന്‍ പുറത്തായി.

 

Tags