ഇഡി കേസുണ്ടായാല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മതി, അന്വേഷണം ഉടന്‍ ഇല്ലാതാകും, പല കോണ്‍ഗ്രസ് നേതാക്കളും രക്ഷപ്പെട്ടതിങ്ങനെ

ED Cases

കേസുകള്‍ നേരിട്ടിരുന്ന പല നേതാക്കളും ബിജെപിയിലോ എന്‍ഡിഎയിലോ ചേര്‍ന്നതോടെ അന്വേഷണം നിന്നുപോകുകയോ ദുര്‍ബലമാവുകയോ ചെയ്തതായി കാണാം.

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്), സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതായുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നടപടികളില്‍ 95 ശതമാനത്തിലധികം കേസുകളും പ്രതിപക്ഷത്തില്‍ നിന്നുള്ളവരായിരുന്നുവെന്ന് 2022-ലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേസുകള്‍ നേരിട്ടിരുന്ന പല നേതാക്കളും ബിജെപിയിലോ എന്‍ഡിഎയിലോ ചേര്‍ന്നതോടെ അന്വേഷണം നിന്നുപോകുകയോ ദുര്‍ബലമാവുകയോ ചെയ്തതായി കാണാം. പ്രതിപക്ഷം ഇതിനെ ''വാഷിംഗ് മെഷീന്‍'' എന്ന് വിളിക്കുന്നു.

ദി ഇന്ത്യന്‍ എക്സ്പ്രസ് 2024 ഏപ്രിലിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, 2014 മുതല്‍ അഴിമതി അന്വേഷണം നേരിട്ട 25 പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ബിജെപിയിലേക്ക് മാറി. ഇതില്‍ 23 പേര്‍ക്ക് ആശ്വാസം ലഭിച്ചു. മൂന്ന് കേസുകള്‍ പൂര്‍ണമായും അടച്ചു, 20 എണ്ണം ദുര്‍ബലമായി. കോണ്‍ഗ്രസില്‍ നിന്ന് 10 പേരും, എന്‍സിപി-ശിവസേനയില്‍ നിന്ന് നാല് വീതവും, ടിഎംസിയില്‍ നിന്ന് മൂന്നും, ടിഡിപിയില്‍ നിന്ന് രണ്ടും ഉള്‍പ്പെടുന്നു.

ഹിമന്ത ബിസ്വ ശര്‍മ (അസം മുഖ്യമന്ത്രി)

കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ 2014-ല്‍ ശരദാ ചിറ്റ് ഫണ്ട് തട്ടിപ്പ് കേസില്‍ സിബിഐ റെയ്ഡും ചോദ്യം ചെയ്യലും നേരിട്ടു. 2015-ല്‍ ബിജെപിയില്‍ ചേര്‍ന്നു. അതിന് ശേഷം കേസ് കാര്യമായി മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുകളില്ല. ഇപ്പോള്‍ അസം മുഖ്യമന്ത്രിയാണ്.

സുവേന്ദു അധികാരി (പശ്ചിമ ബംഗാള്‍)  

ടിഎംസിയില്‍ നിന്ന് 2020-ല്‍ ബിജെപിയിലേക്ക് മാറി. നരദാ സ്റ്റിങ് ഓപ്പറേഷനില്‍ (കോഴ സ്വീകരിക്കുന്നതായി ആരോപണം) ഉള്‍പ്പെട്ടു. സിബിഐ 2019 മുതല്‍ പ്രോസിക്യൂഷന്‍ സാങ്ഷന്‍ തേടി കാത്തിരിക്കുകയാണ്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അന്വേഷണത്തില്‍ വലിയ പുരോഗതിയില്ല. പിന്നീട് ബംഗാളില്‍ ബിജെപി നേതൃനിരയിലും ഇപ്പോള്‍ മുഖ്യമന്ത്രയുമായി.

അജിത് പവാര്‍ (മഹാരാഷ്ട്ര)

എന്‍സിപി നേതാവ്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കേസ് (കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം). 2020-ല്‍ എംവിഎ ഭരണകാലത്ത് ഇഒഡബ്ല്യു ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കി. ബിജെപി തിരിച്ചെത്തിയപ്പോള്‍ വീണ്ടും തുറന്നു. 2023-ല്‍ അജിത് പവാര്‍ ഫാക്ഷന്‍ എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം 2024-ല്‍ വീണ്ടും അടച്ചു. ഇഡി കേസ് ഇതോടെ ദുര്‍ബലമായി.

പ്രഫുല്‍ പട്ടേല്‍

എന്‍സിപി നേതാവ്, മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവും വിമാനം ലീസ് ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നേരിട്ടിരുന്നു. 2023-ല്‍ എന്‍ഡിഎയില്‍ ചേര്‍ന്നതിന് ഏകദേശം എട്ട് മാസത്തിന് ശേഷം സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കി.

അശോക് ചവാന്‍ (മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി)  

കോണ്‍ഗ്രസില്‍ നിന്ന് 2024-ല്‍ ബിജെപിയില്‍ ചേര്‍ന്നു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണം (കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്ക് വേണ്ടി ഉദ്ദേശിച്ച ഫ്‌ലാറ്റുകള്‍ രാഷ്ട്രീയക്കാര്‍ക്ക്). ബിജെപിയിലെത്തിയതോടെ സിബിഐ/ഇഡി നടപടികളും നിശ്ചലമായി.

പ്രതാപ് സര്‍നായ്ക്, ഹസന്‍ മുഷ്രിഫ്, ഭാവന ഗവാലി (മഹാരാഷ്ട്രശിവസേന/എന്‍സിപി) തുടങ്ങിയവരുടെ കേസുകളും പാര്‍ട്ടി മാറ്റത്തിന് ശേഷം മുന്നോട്ട് പോയില്ല.  മഹാരാഷ്ട്രയിലാണ് ഇത്തരം കൂടുതല്‍ കേസുകള്‍ (12 പേര്‍).

പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ വേട്ടയും ''ഓപ്പറേഷന്‍ ലോട്ടസ്'' തന്ത്രവുമായി ബന്ധപ്പെടുത്തുന്നു. കേസുകള്‍ ഉപയോഗിച്ച് നേതാക്കളെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചേര്‍ന്നാല്‍ ആശ്വാസം നല്‍കുകയും ചെയ്യുന്നതായാണ് ആരോപണം. ഇഡി, സിബിഐ കേസുകളില്‍ കുറഞ്ഞ ശതമാനം മാത്രമേ ശിക്ഷയിലെത്തിയിട്ടുള്ളൂ എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബിജെപിയും സര്‍ക്കാരും ഏജന്‍സികള്‍ സ്വതന്ത്രമായി, തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു. പല കേസുകളിലും മുന്‍കാല ഏജന്‍സി റിപ്പോര്‍ട്ടുകള്‍ അടച്ചതിനാല്‍ ഇഡിക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.

ഇലക്ടറല്‍ ബോണ്ടിനായി കുത്തക മുതലാളിമാരേയും കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് വിരട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. ബിജെപിക്ക് സംഭാവന നല്‍കിയ പല പ്രമുഖര്‍ക്കും എതിരായ കേസുകള്‍ പിന്നീട് ദുര്‍ബലമായി.
 

Tags