അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ജൂൺ 25ന് അൻപത് വർഷങ്ങൾ: രവീന്ദ്രൻ്റെ ഓർമ്മകളിലുണ്ട് ഇന്നും പൊലിസ് മർദ്ദനത്തിൻ്റെ കറുത്ത ദിനങ്ങൾ

Fifty years since the declaration of Emergency on June 25: Raveendran still remembers the dark days of police brutality
Fifty years since the declaration of Emergency on June 25: Raveendran still remembers the dark days of police brutality

കണ്ണൂർ : ഇന്ത്യയിൽ ജനാധിപത്യസംവിധാനത്തിന് തമസ്സു സൃഷ്ടിച്ച അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ജൂൺ 25ന് അമ്പതാണ്ട് പിന്നിടുമ്പോൾ,കിഴുന്ന ഇസബെല്ല എന്ന വീട്ടിലെ കൊട്ടുങ്ങൽ രവീന്ദ്രന്റെ ഓർമ്മയിലൂടെ കടന്നുവരുന്ന വാക്കുകൾ കരുത്തുറ്റതാണ്. 1975 മാർച്ച് മാസമാണ് സിപിഎമ്മിന്റെ കിഴുന്ന ബ്രാഞ്ച് കമ്മിറ്റി നിലവിൽ വന്നത്. ഇതിന്റെ ആദ്യ  സെക്രട്ടറിയാണ് രവീന്ദ്രൻ. ഇതോടെ രവീന്ദ്രൻ കോൺഗ്രസുകാരുടെ നോട്ടപ്പുള്ളിയായി. കിഴുന്നപ്പാറയിലെ എൻ. നാരായണന്റെ ഉടമസ്ഥതയിൽ ഉള്ള  കെട്ടിടത്തിന്റെ മുകൾ നിലയിൽ റെഡ് സ്റ്റാർ ക്ലബ്ബ് പ്രവർത്തിച്ചു കൊണ്ടിരിക്കെ,1975 ജൂൺ 25ന് അർദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് ജനാധിപത്യാവകാശങ്ങൾ ധ്വംസിച്ചുകൊണ്ടുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

tRootC1469263">

 ക്ലബ്ബ് ആക്രമിക്കാനും കൈയേറാനും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പല ശ്രമങ്ങളും നടന്നെങ്കിലും പ്രകോപനങ്ങൾക്ക് വഴിപ്പെടാതെ ധീരമായി ചെറുത്തു നിന്നു. ' മിസ ' എന്ന കാടൻ നിയമ പ്രകാരം പ്രതിപക്ഷ നേതാക്കളെ അറസ്റ്റ്  ചെയ്ത് ഭീകര മർദ്ദനത്തിനും പീഡനങ്ങൾക്കും ഇരയാക്കുന്ന കാലമായിരുന്നു അത്. സിപിഎം നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടാൻ പോലീസിനെ കോൺഗ്രസുകാർ സഹായിച്ചു. 'ഭാരതം ഒരു തടവറിയാക്കരുത് അടിയന്തരാവസ്ഥ പിൻവലിക്കുക ' എന്ന മുദ്രാവാക്യമുയർത്തി പോസ്റ്റർ നിർമ്മിച്ച്‌ പതിക്കാൻ പാർട്ടി നിർദ്ദേശം ഉണ്ടായി. രവീന്ദ്രനും രണ്ടുമൂന്നു പേരും ചേർന്ന് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പോസ്റ്റർ പതിച്ചു. 

സംഭവം അറിഞ്ഞ കോൺഗ്രസുകാർ പോലീസിന് ഒറ്റിക്കൊടുക്കുകയും  രവീന്ദ്രനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തുകയും ചെയ്തു. കുറച്ച് ദിവസം ഒളിവിൽ കഴിഞ്ഞ രവീന്ദ്രൻ, പാർട്ടിയിലെ മറ്റു പ്രവർത്തകരെയും പോലീസ് പീഡിപ്പിക്കാതിരിക്കാൻ വേണ്ടി പാർട്ടി തീരുമാനപ്രകാരം പോലീസിന് കീഴടങ്ങി.സ്റ്റേഷനിലെത്തുമ്പോൾ രവീന്ദ്രൻ എന്ന ഹെഡ് കോൺസ്റ്റബിളായിരുന്നു പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അഴീക്കോട്ടെ ഒരു വൻകിട കൈത്തറി മുതലാളിയുടെ മരുമകനും പോലീസ് സർവ്വീസിൽ കയറുന്നതിന് മുമ്പ് അവിടത്തെ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്നു അദ്ദേഹം.

 ആ പോലീസുകാരൻ്റെ മുഖത്ത് ഇഷ്ടഭക്ഷണം കിട്ടിയതുപോലുള്ള സന്തോഷം. രവീന്ദ്രനെ ലോക്കപ്പിലിടുകയും ആദ്യം ചുമരിൽ ചാരി വച്ച ലത്തിയെടുത്ത് കാൽവണ്ണയിൽ ആഞ്ഞടിക്കുകയും ചെയ്തു. ലാത്തി മൂന്ന് കഷ്ണങ്ങളായി തെറിച്ചു പോയി. അടി കിട്ടിയിട്ടും രവീന്ദ്രൻ കരഞ്ഞില്ല. അക്കാലത്ത് റിലീസായ നീലക്കണ്ണുകൾ എന്ന സിനിമയിലെ 'മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല,കരയാൻ ഞങ്ങൾക്ക് മനസ്സില്ല,മുതലാളിത്തമെ നിൻമുന്നിൽ,ഇനി മുട്ട് മടക്കാൻ മനസ്സില്ല ' എന്ന ഗാനം 'മരിക്കാൻ ഞങ്ങൾക്ക് മടിയില്ല' എന്ന് തിരുത്തി  വെറുതെ പാടാറുണ്ടായിരുന്ന ഇദ്ദേഹം, അത് ആവർത്തിച്ച് മനസിൽ പാടിക്കൊണ്ടിരുന്നു. ഇതു കണ്ടപ്പോൾ പോലീസിന് വീര്യം  കൂടി. 

ചുമരിൽ ചാരിവച്ച ശീമക്കൊന്നയുടെ കമ്പെടുത്താണ് അടുത്ത പ്രയോഗം. 'പിണറായി വിജയൻ്റെ തുടയെല്ല് ചവിട്ടിപ്പൊട്ടിച്ചത് ഞാനാടാ. പിന്നെയല്ലേ നീ....... നീയൊരു വെറും നിലന്തെര (മണ്ണിര).  തല്ലുന്നതിനിടയിൽ പോലീസ്  ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് സാങ്കല്പിക കസേരയിലിരുത്തി മർദ്ദിച്ചയാൾ മുറിവിട്ടു. തുടർന്ന് വരുന്ന എല്ലാ  പോലീസുകാരും തല്ലിക്കൊണ്ടിരുന്നു. മലപ്പുറക്കാരനായ മജീദ് എന്ന പോലീസുകാരൻ  പിടലി പിടിച്ച് മുന്നോട്ട് വളച്ച് നെഞ്ചിൻ്റെ പുറക് വശത്ത് കൈമുട്ട് കൊണ്ട് പലവട്ടം ശക്തിയായി ഇടിച്ചു.

 മറ്റൊരാൾ വന്ന് ശീമക്കൊന്ന കമ്പെടുത്ത്  തല്ലിയ ശേഷം ചുമരിലടിച്ച് ഉറക്കെ കരയാൻ ആവശ്യപ്പെട്ടു. കരയാൻ   മാത്രം രവീന്ദ്രന് സാധിച്ചില്ല. രണ്ട് തല്ല് കൂടി തന്ന് അയാൾ മുറിവിട്ടു. തിരിച്ചു വന്ന പോലീസ് രവീന്ദ്രൻ ഭൂമിക്ക് സമാന്തരമായി കൈകൾ നീട്ടിവയ്‌പിച്ച് അറ്റത്ത് ഒരു കനത്ത റൂൾ വടി വച്ചു. കുറേ കഴിഞ്ഞ് വന്ന് കാൽ മടക്കിൽ മറ്റൊരു തടിച്ച റൂൾ വടി വച്ച് കുന്തിച്ചിരുത്തി. മറ്റൊരാൾ വന്ന് കൈവെള്ളകൊണ്ട് ഇരു ചെവിയിലും ഒരേ സമയം വീശിയടിച്ചു. ഇയർ ഡ്രമ്മിന് കേട് വരുത്താനുള്ള മുറയായിരുന്നു അത്. പിന്നീട്  ബൂട്ടിൻ്റെ മുന്നിലെ കൂർത്ത ഭാഗം കൊണ്ട് ഇടുപ്പിലും നട്ടെല്ലിലുംശക്തമായി തൊഴിച്ചു കൊണ്ടിരുന്നു. സാങ്കല്പിക കസേരയിരുത്തം ഒന്നേമുക്കാൽ മണിക്കൂർ പിന്നിടുമ്പോൾ കാതിന് തീപടരുന്ന അനുഭവമുണ്ടായി. വീഴുമെന്ന് തോന്നിയെങ്കിലും മനസ്സ് നിയന്ത്രിച്ച് പിടിച്ചു നിന്നു.  

സാങ്കല്പിക കസേര അവസാനിച്ച് മറ്റുള്ള കലാപരിപാടികൾ എത്ര നേരം തുടർന്നു എന്നറിയില്ല. പിറ്റേന്ന് പകൽ പതിനൊന്നോടെ ഏതൊക്കെയോ കടലാസിൽ ഒപ്പിടുവിച്ച് 'രാഷ്ട്രീയപ്രവർത്തനം കുറച്ച് കാലത്തേക്ക് നിർത്തിക്കൊ 'എന്ന ഉപദേശവും തന്ന് പരാതി കൊടുത്തവരെക്കുറിച്ച് കൃത്യമായ സൂചനയും തന്ന് 'മനസ്സിൽ കരുതിവച്ചോ..' എന്നും പറഞ്ഞ് ഒരു വയസ്സൻ ഹെഡ് കോൺസ്റ്റബിൾ പുറത്തേക്ക് വിട്ടു. കടുത്ത ശാരീരിക പ്രശ്നങ്ങൾക്ക്  നിരന്തര ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന രവീന്ദ്രൻ 68 വയസ്സായിട്ടും  ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാൽ മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് രവീന്ദ്രൻ അസുഖം ബാധിച്ച് റിട്ടയർ ചെയ്ത് ഏറെ വൈകാതെ മരിച്ചു.  എല്ലാ മർദ്ദക വീരന്മാർക്കുമായി കാലം കരുതിവെച്ച പാഠം. മനുഷ്യർ പരസ്പരം വിശ്വസിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം വരികതന്നെ ചെയ്യും എന്ന  പ്രതീക്ഷയോടെ രവീന്ദ്രൻ ഇന്നും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് സജീവമായി നിറഞ്ഞ് പ്രവർത്തിക്കുന്നുണ്ട്.

Tags