ഞാനില്ലെങ്കില്‍ നീയും വേണ്ട, ടോക്‌സിക് ബന്ധമാണെന്നറിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെടണം, എന്തും ചെയ്യും അവര്‍, ഈ സ്വഭാവങ്ങള്‍ തിരിച്ചറിയുക


സുഹൃത്ത് ടോക്സിക് ആണെന്ന് തിരിച്ചറിയുമ്പോഴേക്കും രക്ഷപ്പെടാനാകാത്തവിധം അകപ്പെട്ടിരിക്കും. നേരത്തെ ഇക്കാര്യം മനസിലാക്കുകയും പതിയെ പിന്തിരിയുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.
കൊച്ചി: തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ ഏവരേയും കൂടുതല്‍ ഞെട്ടിച്ചത് അഫാന്‍ കാമുകിയെ കൊലപ്പെടുത്തിയതാണ്. പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. താനില്ലാതെ അവളും ജീവിക്കേണ്ട എന്ന ചിന്തയാണ് കാമുകിയെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
ടോക്‌സിക് ആയ ഒരു ബന്ധമായിരുന്നു അഫാന്റേതെന്ന് സംഭവം വെളിപ്പെടുത്തുന്നു. അടുത്തിടെ കാമുകിയെ കൊലപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അമിതമായുള്ള സ്‌നേഹവും അത് പിന്നീട് ക്രൂരമായ അക്രമത്തിലേക്കും തിരിയുകയായിരുന്നു. സുഹൃത്ത് ടോക്സിക് ആണെന്ന് തിരിച്ചറിയുമ്പോഴേക്കും രക്ഷപ്പെടാനാകാത്തവിധം അകപ്പെട്ടിരിക്കും. നേരത്തെ ഇക്കാര്യം മനസിലാക്കുകയും പതിയെ പിന്തിരിയുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.

തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ഒരു നല്ല ബന്ധത്തിന് നിങ്ങളുടെ ജീവിതം അസാധ്യമായ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. എന്നാല്‍, ഒരു ടോക്സിക് സുഹൃത്തുമായുള്ള അടുപ്പം വ്യക്തികളെ ഇല്ലാതാക്കും. ശാരീരികമോ മാനസികമോ ആയി ആരെങ്കിലും ദുരുപയോഗം ചെയ്താല്‍, അവരെ ഉപേക്ഷിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല.
ടോക്‌സിക് ബന്ധം തുടക്കം മുതലേ തിരിച്ചറിയണം. നിങ്ങളുടെ വികാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ നിങ്ങളുടെ പങ്കാളി കോപം അല്ലെങ്കില്‍ സ്വയം സഹതാപം എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടോക്‌സിക് ആയിരിക്കാം.
ടോക്‌സിക് സുഹൃത്ത് നിങ്ങളെ നിരന്തരം ഇകഴ്ത്തപ്പെടുകയോ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്‌തേക്കാം. സുഹൃത്തുക്കള്‍, കുടുംബം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തും. ഇതിനായി ശാരീരികമായ അക്രമം, ഭീഷണികള്‍ അല്ലെങ്കില്‍ വൈകാരിക ദുരുപയോഗം എന്നിവ പുറത്തെടുക്കും.
ശാരീരിക ദുരുപയോഗം, ആവര്‍ത്തിച്ചുള്ള അവിശ്വസ്തത, അനുചിതമായ ലൈംഗിക പെരുമാറ്റം, അനാദരവ്, സത്യസന്ധതയില്ലാത്ത, നിങ്ങളെ നിയന്ത്രിക്കുന്ന പെരുമാറ്റം തുടങ്ങിയവയെല്ലാം ഒരു ടോക്സിക് വ്യക്തിയുടെ ലക്ഷണങ്ങളാണ്.
ഇത്തരം ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമമാണ് പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത്. അതുകൊണ്ടുതന്നെ അരുതാത്ത അടുപ്പങ്ങളില്‍ നിന്നും വിട്ടുപോരുമ്പോള്‍ ജാഗ്രത പാലിക്കണം. സുഹൃത്ത് ടോക്സിക് ആണെന്ന് മനസിലാക്കിയാല്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുന്നതാകും നല്ലത്.
ടോക്സിക് ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് ശരിക്കും സങ്കീര്‍ണ്ണമായേക്കാം. എന്നാല്‍, എത്രയും വേഗം നിങ്ങള്‍ ഒരു ബന്ധം ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്. പ്രക്രിയ എളുപ്പമാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങള്‍ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് അതിനെ നേരിടാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു പ്ലാന്‍ തയ്യാറാക്കുക. ഇക്കാര്യം ആരെയെങ്കിലും അറിയിക്കുക. ഒരു കുടുംബാംഗത്തിന്റേയോ സുഹൃത്തിന്റേയോ സഹായം തേടാം. ഭീഷണി തോന്നുന്നുവെങ്കില്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്.
ടോക്സിക് ബന്ധം ഉപേക്ഷിക്കുന്നതിനും സ്വയം വീണ്ടെടുക്കുന്നതിനും പരിശ്രമവും സമയവും എടുക്കും. റിലേഷന്‍ഷിപ്പ് പ്രശ്‌നങ്ങളില്‍ അനുഭവപരിചയമുള്ള കൗണ്‍സിലര്‍മാരുടെ സഹായവും തേടാം.
ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ടോക്സിക് സുഹൃത്തുമായുള്ള സംസാരം കുറയ്ക്കുക. നിങ്ങളെ തിരികെ ആകര്‍ഷിക്കാന്‍ ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ഉപയോഗിച്ചേക്കാം. ഇത് മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രക്ഷപ്പെടുക എളുപ്പമാകില്ല. ടോക്സിക്കായ വ്യക്തിയെ പ്രകോപിപ്പിക്കാതിരിക്കാനും നിങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ പതിയെ തിരിക്കാനും സാധിക്കണം. പൊടുന്നനെയുള്ള അകല്‍ച്ച പ്രകോപനത്തിന് ഇടയാക്കുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സമയമെടുത്തുള്ള അകല്‍ച്ചയാകും നല്ലത്.