മുത്തൂറ്റിന്റെ ഭീഷണിയും ജപ്തിയും, കടമെടുക്കുന്നവര്‍ സൂക്ഷിക്കുക, കുട്ടികളെ ഉള്‍പ്പെടെ കുടുംബത്തെ ഒന്നാകെ പുറത്താക്കി ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത, കേരളത്തില്‍ പലയിടത്തും ജപ്തി നടത്തി

muthoot housing finance
muthoot housing finance

സ്‌കൂള്‍ കുട്ടികളെയടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കിയാണ് മുത്തൂറ്റ് ഫിനാന്‍സ് വീട് ജപ്തി ചെയ്തത്. ഈ വീട് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് തുറന്നുനല്‍കി.

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫൈനാന്‍സ് ആപ്പുകളില്‍ നിന്നും കടമെടുത്ത് തിരിച്ചടവ് വൈകിയപ്പോള്‍ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ അടുത്തിടെ പതിവായിരുന്നു. സമാന രീതിയിലാണ് നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരോട് ഇടപെടുന്നതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന സംഭവം.

tRootC1469263">

സ്‌കൂള്‍ കുട്ടികളെയടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കിയാണ് മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് വീട് ജപ്തി ചെയ്തത്. ഈ വീട് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് തുറന്നുനല്‍കി. ചാനലുകളില്‍ വാര്‍ത്തയായതോടെ കേന്ദ്ര മന്ത്രി സുരഷേ് ഗോപി വായ്പ തുക മുഴുവന്‍ അടച്ച് കൊള്ളാമെന്ന് അറിയിച്ചിട്ടും മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നില്ല. ജപ്തി നടപടി സ്വീകരിച്ച വീടിന് മുന്നില്‍, രാത്രിയില്‍ പെരുവഴിയില്‍ കഴിയേണ്ടി വന്ന അമ്മയ്ക്കും മക്കള്‍ക്കും പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു.

ഉഴമലയ്ക്കല്‍ സ്വദേശി വിനോദിന്റെ വീട് ആണ് വൈകീട്ട് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപ ഇവര്‍ മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതില്‍ 50000 രൂപ കുടുംബം തിരിച്ചടച്ചു. എന്നാല്‍, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വിനോദിന് ജോലിക്കിടയില്‍ വീണ് പരിക്കേറ്റതോടെ അടവ് മുടങ്ങി. 

ലൈഫില്‍ നിന്ന് കിട്ടിയ പണം വീട് വെക്കാന്‍ തികയാതെ വന്നപ്പോഴാണ് ഇവര്‍ മൂന്നര ലക്ഷം രൂപ വായ്പ എടുത്തത്. വായ്പാ തിരിച്ചടവിന് സാവകാശം നല്‍കണമെന്ന് കുടുംബം ബാങ്കിനോട് അപേക്ഷിച്ചെങ്കിലും അത് ഗൗനിക്കപ്പെട്ടില്ല. തുടര്‍ന്ന് വീട് ജപ്തി ചെയ്യുകയും കുടുംബം നിരാലംബരാകുകയും ചെയ്തു.

സംഭവം വിവാദമായതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ കുടുംബവുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കുടുംബത്തിന്റെ ദുരവസ്ഥയില്‍ ബാങ്കിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് വിമര്‍ശിച്ചു.

പരസ്യ കെണികളില്‍ വീണാണ് പലരും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പയെടുക്കുന്നത്. എന്നാല്‍, ഒന്നോ രണ്ടോ തവണ അടവ് വീഴ്ച വരുമ്പോഴേക്കും ഇവര്‍ ജപ്തിയുമായെത്തും.

കുടിശിക വായ്പാ തുകയുടെ 20% ത്തില്‍ കൂടുതല്‍, അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലായാല്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.

മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കേരളത്തില്‍ തന്നെ പലയിടത്തും സമാനരീതിയിലുള്ള ജപ്തി നടത്തിയിട്ടുണ്ട്. നേരത്തെ കോഴിക്കോട് പട്ടികജാതിക്കാരുടെ കുടുംബത്തെ ജപ്തിക്ക് ഇരയാക്കിയത് വാര്‍ത്തയായിരുന്നു.

Tags