പള്ളികളിലെ ബാങ്കുവിളി അസഹ്യമെന്ന് പരാതി, ഉച്ചഭാഷിണി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി, ഒരു മതത്തിന്റേയും അവിഭാജ്യഘടകമല്ല

Bombay high court
Bombay high court

മതം നോക്കാതെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം തടയണമെന്നും ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

മുംബൈ: പള്ളികളിലെ ബാങ്കുവിളി അസഹ്യമാണെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ നടപടിയെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. മതം നോക്കാതെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം തടയണമെന്നും ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

9 മസ്ജിദുകളും മദ്രസകളും ഉച്ചഭാഷിണി ഉപയോഗിച്ച് പുലര്‍ച്ചെ 5 മണിക്ക് തന്നെ ബാങ്ക് വിളിക്കുന്നതും മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനുമെതിരെ പോലീസ് നിഷ്‌ക്രിയത്വം കാണിച്ച് ജാഗോ നെഹ്റു നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും കുര്‍ളയിലെ ശിവസൃഷ്ടി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റീസ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

അമിതമായ ശബ്ദം വലിയ ആരോഗ്യ പ്രശ്‌നമാണെന്ന് കോടതി നിരീക്ഷിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചാല്‍ അവരുടെ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി അത്തരം കാര്യങ്ങള്‍ അംഗീകരിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25 പ്രകാരമുള്ള അവകാശങ്ങള്‍ ഒട്ടും ലംഘിക്കപ്പെടുന്നതല്ല ഉച്ചഭാഷണി നിയന്ത്രണമെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും ശ്യാം ചന്ദക്കും പറഞ്ഞു. ഡെസിബെല്‍ ലെവലുകള്‍ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. ഉച്ചഭാഷിണി ആംപ്ലിഫയറുകളില്‍ ഡെസിബെന്‍ നിയന്ത്രിക്കാന്‍ ഒരു ഇന്‍ബില്‍റ്റ് മെക്കാനിസം ഉണ്ടായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

ശബ്ദത്തിന്റെ ഡെസിബെല്‍ പരിധി പകല്‍ 55 ഡെസിബെലും രാത്രിയില്‍ 45 ഡെസിബെലും ആണ്. ഹര്‍ജിക്കാരുടെ പരിസരത്ത്, ഒന്നോ അതിലധികമോ മതസ്ഥലങ്ങള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഡെസിബെല്‍ പരിധി കടക്കുന്നതാണ്. ഡെസിബെല്‍ ലെവല്‍ പരിശോധിക്കാന്‍ ഡെസിബല്‍ ലെവല്‍ അളക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ എല്ലാ പോലീസ് ഓഫീസര്‍മാരോടും നിര്‍ദ്ദേശിക്കാന്‍ കോടതി മുംബൈ പോലീസ് കമ്മീഷണറോട് ഉത്തരവിട്ടു.

പരാതികള്‍ ലഭിക്കുമ്പോഴെല്ലാം പരാതിക്കാര്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് പുറമെ ആ വ്യക്തിയുടെ ഐഡന്റിറ്റി അന്വേഷിക്കുകയോ പരിശോധിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാതെ പോലീസ് നടപടികള്‍ സ്വീകരിക്കണമെന്ന ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചു.

Tags