ഒരു പ്രദേശത്ത് പല പള്ളികളുണ്ടെങ്കില്‍ ബാങ്കുവിളി ഒരു പള്ളിയില്‍നിന്നും മതിയെന്ന് മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍, ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു

Bombay high court
Bombay high court

ശബ്ദമലിനീകരണം ശരിവെച്ച കോടതി എല്ലാ മതസ്ഥാപനങ്ങളും ഉച്ചഭാഷണി ഉപയോഗം നിശ്ചിത ഡസിബെലില്‍ കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചു.

മുംബൈ: ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബോംബെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സമുദായ സംഘടനകള്‍. ചിലര്‍ ഇതിനെ വര്‍ഗീയമായ പ്രചരണത്തിന് ഉപയോഗിച്ചെങ്കിലും ഭൂരിപക്ഷം ഹിന്ദു മുസ്ലീം സമുദായ സംഘടനകളും വിധിയെ സ്വാഗം ചെയ്തു.

ജാഗോ നെഹ്റു നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും ശിവസൃഷ്ടി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റീസ് അസോസിയേഷനും പള്ളികളിലെ ഉച്ചഭാഷണി ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശബ്ദമലിനീകരണം ശരിവെച്ച കോടതി എല്ലാ മതസ്ഥാപനങ്ങളും ഉച്ചഭാഷണി ഉപയോഗം നിശ്ചിത ഡസിബെലില്‍ കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച പരാതി കിട്ടിയാല്‍ പരാതിക്കാരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടാതെ നടപടിയെടുക്കാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി.

ക്യുമുലേറ്റീവ് ആംബിയന്റ് ശബ്ദത്തിന്റെ അളവ് പകല്‍ 55 ഡെസിബെല്ലിലും രാത്രിയില്‍ 45 ഡെസിബെല്ലിലും കൂടരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തില്‍ ഹാജരായ അഭിഭാഷകന്‍ കൗശിക് മാത്രെ വിധിയെ സ്വാഗതം ചെയ്തു.

ഇന്റര്‍നാഷണല്‍ സൂഫി കാര്‍വാന്‍ ചെയര്‍മാന്‍ മുഫ്തി മന്‍സൂര്‍ മലിനീകരണം ഇന്ത്യയിലും ഒരു പ്രധാന ആശങ്കയാണെന്ന് വ്യക്തമാക്കി. ഇത് തടയാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമാക്കിയുള്ള വിവരണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, മതപരമായ വീക്ഷണത്തിനുപകരം, ഇരു സമുദായങ്ങളും ഈ വിഷയത്തെ ഒരു ദേശീയ പാരിസ്ഥിതിക പ്രശ്നമായി കാണണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം സാമൂഹികവും വ്യക്തിപരവുമായ പരിപാടികളിലും അവ നടപ്പാക്കണമെന്ന് മതപണ്ഡിതന്‍ പറഞ്ഞു.

ബാങ്ക് വിളിയിലൂടെ ആരെയെങ്കിലും ശല്യപ്പെടുത്തണമെന്ന് ശരീഅത്ത് പറയുന്നില്ലെന്ന് കല്‍ബാദേവി ജുമാ മസ്ജിദ് മുഫ്തി അഷ്ഫാഖ് ഖാസി പറഞ്ഞു. ശബ്ദമലിനീകരണം ആരെയും ബാധിക്കരുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ ഹൈക്കോടതിയുടെ ഈ ഉത്തരവിനെ പിന്തുണയ്ക്കുന്നു. മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ മാത്രമേ ബാങ്കുവിളി നടത്താറുള്ളൂ. അതേസമയം രാത്രി വൈകും വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്ന പരിപാടികളുണ്ട്. ഇക്കാര്യത്തില്‍ ഇരട്ട നയം പാടില്ല, എല്ലാത്തരം പരിപാടികള്‍ക്കും നിയമങ്ങള്‍ ഒന്നുതന്നെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നിലധികം പള്ളികളുള്ള പ്രദേശങ്ങളില്‍ ഒരു പള്ളി മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ എന്ന് മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം സാരംഗ് നിര്‍ദ്ദേശിച്ചു. ആളുകളെ അറിയിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ഒരു പള്ളിയിലെ ഉച്ചഭാഷണി ഉപയോഗത്തിലൂടെ സാധിക്കും. ചിലര്‍ ഇതിനെ വര്‍ഗീയ കോണിലൂടെ കാണുന്നു. വിധി മുസ്ലീങ്ങള്‍ക്ക് മാത്രമാണെന്ന് ചിത്രീകരിക്കുന്ന രാഷ്ട്രീയക്കാര്‍ മുസ്ലീം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിടുന്നെന്നും അദ്ദേഹം ആരോപിച്ചു.

മതപരമായ ആവശ്യങ്ങള്‍ക്കായി ദിവസവും ഒന്നിലധികം തവണ ഉച്ചഭാഷിണി ഉപയോഗിക്കുന്ന മുസ്ലീം സമുദായത്തെ പ്രത്യേകം ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് ചില ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ദിവസത്തില്‍ അഞ്ച് തവണ ഉച്ചഭാഷിണി പ്ലേ ചെയ്യുന്നത് വലിയ ശല്യമായതിനാല്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായര്‍ പറഞ്ഞു. ഹിന്ദുക്കള്‍ ഈ ഉച്ചഭാഷിണികള്‍ ഉത്സവസമയത്ത് മാത്രം മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും ആളുകളെ ശല്യപ്പെടുത്തുന്നില്ല. രാജ്യത്തെ നിയമം എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മുകളിലാണ്, അത് അവരുടെ മതം പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി മന്ദിര്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ സുനില്‍ ഘന്‍വത് പറഞ്ഞു. സമാനമായ ഉത്തരവുകള്‍ ഒന്നിലധികം ഹൈക്കോടതികളും സുപ്രീം കോടതിയും പാസാക്കിയിട്ടുണ്ടെങ്കിലും അവ കര്‍ശനമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇതുകൊണ്ടാണ് ദിവസത്തില്‍ അഞ്ച് തവണ പള്ളികള്‍ ഈ ഉത്തരവുകള്‍ ലംഘിക്കുന്നത്. കോടതി വിധി ഉടനടി നടപ്പാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags