ബോഡിബിൽഡർമാരുടെ എസ്.ഐ നിയമനം; ഡിജിപിയും എഡിജിപിയും കുടുങ്ങും, വിജിലൻസ് അന്വേഷണത്തിന് സാധ്യത

Bodybuilders SI appointment DGP and ADGP will be trapped, possibility of vigilance investigation

ബോഡി ബിൽഡർമാരെ എസ്.ഐമാരാക്കാൻ  എഡിജിപി ശ്രീജിത്ത് നൽകിയ ശുപാർശയിൽ ഒപ്പിട്ട ഡിജിപിയും വെട്ടിലായി. വലിയ നിയമ നടപടിക്ക് കളമൊരുങ്ങുന്നു

കൊച്ചി: സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി രണ്ട് ബോഡിബിൽഡർമാർക്ക് എസ്.ഐമാരായി നിയമനം നൽകിയതിന് എതിരെ നിയമ നടപടിക്ക് നീക്കം. പ്രമുഖ ഹൈക്കോടതി അഭിഭാഷകനാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഇതിൻ്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി നൽകും. തുടർ നടപടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

പൊലീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിന് ബോഡിബിൽഡിങ് പരിഗണിക്കാറില്ലെന്നിരിക്കെയാണ് പൊലീസ് സേനയെ ആകെ ഞെട്ടിച്ച നിയമന ഉത്തരവ് പുറത്തിറങ്ങിയിരുന്നത്. എറണാകുളം വടുതല സ്വദേശിയായ ചിത്തരേശ് നടേശൻ, ഷിനു ചൊവ്വ എന്നിവരുടെ അപേക്ഷ  പ്രത്യേക കേസായി പരിഗണിച്ച് നിയമനം നൽകാൻ കഴിഞ്ഞ വർഷമാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. രാജ്യാന്തര ബോഡിബിൽഡിങ് മത്സരങ്ങളിൽ വിജയികളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ട് സ്പോർട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും ഈ നിയമ വിരുദ്ധ നിയമനത്തിനുവേണ്ടി അട്ടിമറിക്കുകയുണ്ടായി.

നിയമന നീക്കം പൊലീസിനകത്തും പുറത്തും വിവാദമായതോടെ അധികൃതർ ശാരീരികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ചിത്തിരേഷ് പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വ ഈ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്  ഇവരുടെ ഫയൽ പൊടിതട്ടിയെടുത്ത് അഡ്‌മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്ത് ഫയലിൽ എഴുതിയ ശുപാർശയിൽ സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ ഒപ്പുവെയ്ക്കുകയാണ് ഉണ്ടായത്. ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് ബോഡിബിൽഡർമാർക്ക് നിയമനം നൽകരുതെന്ന് എഴുതിയ ഫയൽ മറികടന്നാണ് എഡിജിപി ശ്രീജിത്ത് നിയമന ശുപാർശ നൽകിയിരുന്നത്. ഇത് കേട്ട് ഒപ്പിട്ട സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറും വിജിലൻസ് കേസിൽ പ്രതിയാകേണ്ട സാഹചര്യമാണ് ഇനിയുണ്ടാകാൻ പോകുന്നത്.

അതേസമയം, വൻ ശമ്പള സ്കെയിലിൽ ഇൻസ്പെക്ടർമാരായി നിയമിച്ചശേഷം നടത്തിയ വൈദ്യപരിശോധനയിൽ ചിത്തിരേഷ് നടേശൻ പരിജയപ്പെട്ടിട്ടുണ്ട്. ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്ന് കണ്ടെത്തിയതിനാലാണ് വൈദ്യപരിശോധനയിൽ ഇയാൾ പരാജയപ്പെട്ടിരിക്കുന്നത്. ചിത്തിരേഷിനൊപ്പം നിയമനം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വ നേരത്തേ ശാരീരികക്ഷമത പരിശോധനയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയിൽ കടന്നുകൂടിയിട്ടുണ്ട്.

ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടായാൽ ശുപാർശ നൽകിയ എഡിജിപിയും നിയമന ഉത്തരവിൽ ഒപ്പിട്ട സംസ്ഥാന പൊലീസ് മേധാവിയുമാണ് കുടുങ്ങുക. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിവാദ നായകനായ ഉന്നതനും ഈ നിയമനത്തിൽ പങ്കുള്ളതിനാൽ അന്വേഷണം ആ വഴിക്കും നടക്കേണ്ടതായി വരും. സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചാൽ, പിണറായി സർക്കാറിലെ ഉന്നതരെ കുടുക്കാനും സംസ്ഥാന പൊലീസ് ചീഫിനെ തൽസ്ഥാനത്ത് നിന്നും മാറ്റാനും ഈ വിഷയം യുഡിഎഫിനും  പിടിവള്ളിയാകും. അഡ്‌മിനിസ്ട്രേഷൻ എഡിജിപി ശ്രീജിത്തിന് എതിരെ, നിലവിൽ  മറ്റു ചില വിഷയങ്ങളിൽ ഹൈക്കോടതി തന്നെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതിനാൽ, പുതിയ ഒരു അന്വേഷണം കൂടി അദ്ദേഹത്തിന് നേരിടേണ്ടി വന്നാൽ അത് പൊലീസ് സേനയ്ക്ക് പുറത്തേക്കാണ് വഴിതുറക്കുക.

അബുദാബിയിയെ നവ ആയുർവേദിക് സെൻ്റർ എന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ  മുഖ്യാതിഥിയായി എഡിജിപി ശ്രീജിത്ത് പങ്കെടുത്തത് ഉൾപ്പെടെ അന്വേഷിക്കാനാണ് ഹൈകോടതി ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും വിജിലൻസ് ഡയറക്ടറോടും ആവശ്യപ്പെട്ടിരിക്കുന്നത്.

 ഈ സ്ഥാപനത്തിൻ്റെ ഔദ്യോഗിക പേജിൽ എഡിജിപി ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ നടി ഇനിയക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോകളും  മാർക്കറ്റിങ്ങിനായി വ്യാപകമായാണ് ഉപയോഗപ്പെടുത്തിയിരുന്നത്. 

Photos of ADGP Sreejith in police uniform with actress Iniya were also widely used for marketing

തന്നോടൊപ്പം ഗവൺമെൻ്റ് ഒഫിഷ്യൽസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് അബുദാബിയിൽ എത്തിയ ഉടനെ നവ ആയുർവേദിക് മെഡിക്കൽ സെൻ്ററിൻ്റെ ഇൻസ്റ്റ പേജിൽ പബ്ലിഷ് ചെയ്ത നടി ഇനിയയുടെ  വീഡിയോയിൽ എടുത്ത് പറഞ്ഞിരുന്നത്.

ഇതെല്ലാം  ഹൈക്കോടതി അതീവ ഗൗരവമായാണ് കണ്ടിരുന്നത്. വിദേശത്ത് ഇങ്ങനെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് പോകാൻ ആരാണ് എഡിജിപിക്ക് അനുമതി നൽകിയത് എന്നാണ് കോടതി ചോദിച്ചിരുന്നത്. ഇതോടൊപ്പം തന്നെ ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ എഡിജിപി ശ്രീജിത്ത് നടത്തിയ ഇടപെടലുകളും അന്വേഷിക്കാനും, ഇത് സംബന്ധമായി ട്രാൻസ്പോർട്ട് സ്പെഷ്യൽ സെക്രട്ടറി പിബി നൂഹ് നൽകിയ റിപ്പോർട്ട് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിട്ടിരിക്കുന്നത്. ഇതിനിടയിലാണിപ്പോൾ എഡിജിപി ശ്രീജിത്തിനും സംസ്ഥാന പൊലീസ് മേധാവിക്കും പുതിയ കുരുക്കായി  എസ്.ഐ നിയമനവുമായി ബന്ധപ്പെട്ട്  പുതിയ പരാതിയും വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags