ഒന്നര മാസത്തിലേറെയായി മൃതദേഹം മോർച്ചറി ഫ്രീസറിൽ; സംസ്കരിക്കാൻ സൗകര്യമൊരുക്കാതെ കണ്ണൂർ കോർപ്പറേഷൻ

Body in mortuary freezer for over a month Kannur Corporation fails to arrange for cremation

കണ്ണൂർ: അവകാശികളില്ലാത്ത മൃതദേഹം മറവുചെയ്യാൻ സൗകര്യമൊരുക്കാതെ കണ്ണൂർ കോർപ്പറേഷൻ അനാദരവ് തുടരുന്നതായി പരാതി ശക്തമാകുന്നു. കഴിഞ്ഞ മാസം ഏഴാം തീയതി കണ്ണൂർ ആയിക്കര ഹാർബറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലപ്പുഴ കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ഒന്നര മാസത്തിലേറെയായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ തുടരുന്നത്.

ആയിക്കര ഹാർബറിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്ന ബാബുവിനെ ജൂലൈ ഏഴാം തീയതിയാണ് ഹാർബറിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജൂലൈ 13ന് കണ്ണൂർ സിറ്റി പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. എന്നാൽ ബന്ധുക്കളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ആരും മൃതദേഹം ഏറ്റെടുക്കാൻ എത്തിയില്ല.

തിരിഞ്ഞുനോക്കാതെ കോർപ്പറേഷൻ ബന്ധുക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്നതിന് പൊലീസിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അജ്ഞാതമോ അവകാശികളില്ലാത്തതോ ആയ മൃതദേഹങ്ങൾ കുഴിച്ചുമൂടി സംസ്കരിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യമൊരുക്കണമെന്നാണ് ചട്ടം.

ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മറവുചെയ്യാൻ ആവശ്യമായ സ്ഥലം ഒരുക്കണമെന്ന് കാണിച്ച് കണ്ണൂർ സിറ്റി പൊലീസ് കോർപ്പറേഷൻ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനോ സംസ്കാരത്തിന് നടപടി സ്വീകരിക്കാനോ കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

Tags