ബ്ലാക്ക് മാജിക്കും നരബലിയും വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ സാക്ഷര കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?

narabali11

അരുണാചല്‍പ്രദേശില്‍ മലയാളികളായ ദമ്പതികളെയും  സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ബ്ലാക്ക് മാജിക് എന്ന അന്ധവിശ്വാസത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ചുരുളഴിയുന്നത്. വിദ്യാസമ്പന്നരായവർ പോലും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നുവെന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിനു മുൻപും നമ്മുടെ സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദത്തിൻ്റെയും പേരിലുള്ള വിചിത്രമായ കേസുകൾ ഉണ്ടായിട്ടുണ്ട്. ഇലന്തൂരിലെ ക്രൂരമായ നരബലി, കട്ടപ്പനയിലെ ഇരട്ട കൊലപാതകം, നന്തൻകോട് കൂട്ടക്കൊലപാതകം ഇതെല്ലം ചില ഉദാഹരണങ്ങൾ മാത്രം. കേരളത്തിന് പുറത്തും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മനുഷ്യന്റെ ചുടു ചോരയും പച്ചമാംസവും നൽകി ദൈവങ്ങളെ പ്രീതി പെടുത്താൻ ശ്രമിക്കുന്ന ഇത്തരം ആളുകൾ രക്തബന്ധങ്ങൾ പോലും മറന്നു പോകുന്നു. തിരുവനന്തപുരം നന്തൻകോട്ട് കാഡൽ ജീൻസൺ രാജ് സാത്താൻ സേവയെന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത്. 

 2017 ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമായാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീൻ പത്മ(58), മകൾ കരോലിൻ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. 

ദുർമന്ത്രവാദത്തിലെ ഉഗ്രരൂപമായ മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന 'ആസ്ട്രൽ പ്രൊജക്‌ഷൻ’ ആണ് നടപ്പാക്കിയതെന്നാണ് കാഡൽ മൊഴി നൽകിയത്. സാത്താന്‍ സേവയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമൊക്കെ കേരളം കേട്ടതും ചര്‍ച്ച ചെയ്തതും ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

സംസ്കാര സമ്പന്നമായ സമ്പൂർണ സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്ന മറ്റൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇലന്തൂരിലെ ക്രൂരമായ നരബലി. എറണാകുളം കടവന്ത്ര സ്വദേശിയായ  പത്മം എന്ന ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുര്‍മന്ത്രവാദക്കൊല പുറത്തുവന്നത്. പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ ചികില്‍സാ കേന്ദ്രം നടത്തുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായാണ് വീട്ടുപറമ്പില്‍ കുഴിച്ചിട്ടത്. കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങളിൽ ചിലത് പാകം ചെയ്ത ഭക്ഷിക്കുകയും ചെയ്തിരുന്നു ഈ പ്രതികൾ.

സ്വന്തം രക്തത്തിൽ പിറന്ന പിഞ്ചുകുഞ്ഞിനെ അന്ധവിശ്വാസത്തിന്റെ പേരിൽ നിഷ്‌ക്രൂരം കൊലപ്പെടുത്തിയതും ഈ കേരളത്തിലായിരുന്നു. ഒരു മോഷണക്കേസിന് പിറകെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം പുറം ലോകം അറിഞ്ഞത്. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും പിതാവായ നിതീഷ് വാങ്ങിക്കൊണ്ടുപോയത്. ഇതിന് കൂട്ട് നിന്ന കുഞ്ഞിന്റെ മുത്തച്ഛനേയും പിന്നീട് ഇതേ അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തുകയുമായിരുന്നു.

പുനർജന്മം ഉണ്ടാകുമെന്ന മണ്ടത്തരം വിളമ്പി പേരിൽ മക്കളെ കൊന്നുതള്ളിയ അച്ഛനേയും അമ്മയേയും ഓർത്തും ഒരിക്കൽ നാട് ലജ്ജിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപള്ളിയിൽ നിന്നാണ് അന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നത്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിരുന്ന അച്ഛനും അമ്മയുമാണ് ഈ കൊടുംക്രൂരതയ്ക്കു പിന്നിൽ കൂസലില്ലാതെ നിന്നതെന്നത് ഏറെ ഞെട്ടിക്കുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യലിനിടയില്‍ തന്റെ പൂജാവിധി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതില്‍ പത്മജ പൊലീസിന് നേരെ ക്ഷോഭിക്കുകയായിരുന്നു. പൊലീസ് വീട്ടിലേക്ക് സാത്താനെ കൊണ്ടു വന്നെന്ന് ഇവര്‍ പറഞ്ഞു. പൊലീസുകാര്‍ വാതില്‍ തുറന്നപ്പോള്‍ ദുഷ്ടശക്തികള്‍ വീട്ടിനുള്ളിലേക്ക് കയറിയതാണ് മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതെ പോയതെന്ന് പത്മജ പറഞ്ഞു. പൊലീസുകാര്‍ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നിരുന്നെങ്കില്‍ തന്റെ പെണ്‍മക്കള്‍ ഉയര്‍ത്തെഴുന്നേറ്റ് അത്ഭുതം സംഭവിച്ച വീടായി മാറിയേനെ എന്നും ഇവര്‍ പറഞ്ഞു.

ഇളയമകളുടെ തലയ്ക്കുള്ളില്‍ ദുഷ്ടശക്തി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്നും തല തകര്‍ത്ത് താന്‍ അതിനെ തുറന്നു വിട്ടെന്നും പത്മജ പറഞ്ഞു. അത്ഭുതങ്ങളുടെ വീടാകുമെന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും തങ്ങള്‍ക്ക് സന്ദേശം കിട്ടിയെന്നുമാണ് പുരുഷോത്തമന്‍ പോലീസിനോട് പറഞ്ഞത്. 

ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് വിദ്യാഭ്യാസപരവും നിയമപരവുമായ പരിഹാരം ആവശ്യമാണ്, അതോടൊപ്പം യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധവും ഉണ്ടായിരിക്കണം.