ബിജെപി മുഖപത്രം ജന്മഭൂമിയില്‍ പ്രതിസന്ധി രൂക്ഷം, കോടികള്‍ മുക്കി ജിഎമ്മും എംഡിയും, രാജിവെച്ച ജീവനക്കാർ കൊച്ചി ഓഫീസിന് മുന്നിൽ സമരത്തിന് ഒരുങ്ങുന്നു


കൊച്ചി: ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പല ജീവനക്കാര്‍ക്കും മാസങ്ങളോളമായി ശമ്പളം നല്‍കിയിട്ടില്ല. രാജിവെച്ച ജീവനക്കാരുടെ പിഎഫ് പൂര്‍ണമായും അടക്കാത്തത് കാരണം പണം ലഭിക്കുന്നില്ല. പ്രതിസന്ധിയെ തുടര്‍ന്ന് ബിജെപി പിരിച്ചുനല്‍കിയ 14 കോടി രൂപ എവിടെ പോയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ജനറല്‍ മാനേജരും എംഡിയും ചേര്‍ന്ന് പണം മുക്കിയതായി ജീവനക്കാര്‍ ആരോപിക്കുന്നു.
tRootC1469263">ജന്മഭൂമിയില്‍ നിന്ന് 9 മാസം മുന്‍പ് രാജിവച്ച നീരജ് ജി ജിക്ക് പിഎഫ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. ഗ്രാറ്റുവിറ്റിയായി ജന്മഭൂമി നല്‍കാനുള്ളത് 56,482 രൂപയാണ്. രണ്ട് തവണ ബന്ധപ്പെട്ടവര്‍ക്ക് മെയില്‍ അയച്ചു. ജനുവരി 30ന് ആകെ നല്‍കിയത് 20000 രൂപ. ഇക്കാര്യം അറിയിച്ച് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറെ ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ നോക്കാം എന്നു മാത്രമായിരുന്നു മറുപടി.

കൂടാതെ പിഎഫില്‍ മൂന്നുമാസത്തിലധികം അടവ് തെറ്റിച്ചതിനാല്‍ അതില്‍ നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. പൂര്‍ണമായും അടക്കാതെ പണം ലഭിക്കില്ലെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും മുന്‍ ജീവനക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ നീരജിന്റെ പേരില്‍ ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് എടുത്ത വായ്പയില്‍ ഇനി 91,802 രൂപയും അടയ്ക്കാനുണ്ട്. പുറത്ത് പോയ ജീവനക്കാരെ എത്രമാത്രം കഷ്ടപ്പെടുത്താമോ അങ്ങനെയെല്ലാം മാനേജ്‌മെന്റ് ക്രൂശിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു.
ബി ജെ പി 14 കോടി രൂപയാണ് അടുത്തിടെ പിരിച്ചു കൊടുത്തത്. ഇതില്‍ നിന്നും പിഎഫ് അടച്ചില്ല. പല യൂണിറ്റുകളിലും മൂന്ന് മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. കണ്ണൂര്‍ യൂണിറ്റില്‍ അഞ്ചു മാസത്തെയും. ഒരു ജീവനക്കാരന്റെ വീട്ടില്‍ ഗ്യാസ് വന്നപ്പോള്‍ കൊടുക്കാന്‍ പോലും പണം ഇല്ലായിരുന്നു. എന്നാല്‍ മനുഷ്യത്വ വിരുദ്ധമായി പെരുമാറുമ്പോഴും ജന്മഭൂമി എം ഡി, ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ദേശീയ നേതൃത്വം സ്ഥാനക്കയറ്റം നല്‍കാന്‍ മടിച്ചില്ല.
കടുത്ത സമരപരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജീവനക്കാര്‍ക്ക് ഇരട്ടിജോലിയാണ്. എന്നാല്‍, ശമ്പളമില്ലാതെ ജോലി ചെയ്യില്ലെന്നും കുടിശ്ശികയാക്കിയ മുഴുവന്‍ തുകയും കിട്ടാലെ ജോലിക്ക് കയറില്ലെന്നും ഒരുവിഭാഗം ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജിവെച്ച ജീവനക്കാർ കൊച്ചി ഓഫീസിന് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ്.