മിന്നൽപ്പിണറായി 79 വർഷങ്ങൾ : തുടർഭരണത്തിൽ ഹാട്രിക്ക് അടിക്കുമോ ക്യാപ്റ്റൻ

pinarayi
pinarayi

കണ്ണൂർ: പാർട്ടിയിലും സർക്കാരിലും ക്യാപ്റ്റനായി പിണറായി യുഗം തുടരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ എഴുപത്തിയൊൻപതാമത് വയസിലെത്തിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്ന വേളയിൽ 82 - ലേക്ക് കടക്കുന്ന പിണറായിക്ക് പകരം മറ്റൊരു പേര് സി.പി.എമ്മിന് നേതൃനിരയിലില്ല. 

tRootC1469263">

pinarayi vijayan

മൂന്നാം തവണ ഭരണവും എൽ.ഡിഎഫിന് ലഭിച്ചാൽ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യത ഇപ്പോഴും പിണറായി വിജയനെന്ന ഒറ്റ പേരുകാരന് തന്നെയാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ 15 വർഷം പൂർത്തിയാക്കി പിണറായി വിജയൻ ചരിത്രം സൃഷ്ടിക്കുമോയെന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിൽ നിന്നും ഉയരുന്നത്. രാജ്യത്ത് നിർണ്ണായകമായൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ നടുവിൽ നിൽക്കുമ്പോഴാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പിറന്നാളെത്തുന്നത്. 

കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയൻ്റെയും പിറവി. ആ പോരാട്ട ചരിത്രം തന്നെയാണ് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെയും നയിക്കുന്നത്. ഒരു ചെത്തു തൊഴിലാളി കുടുംബത്തിൽ ജനിച്ച് നെയ്ത്തു തൊഴിലാളിയായി വളർന്ന പിണറായി തൊഴിലാളി വർഗ്ഗ നായകനായത് പണിയെടുക്കുന്നവരുടെ ജീവിതവും വേദനയും ആഴത്തിൽ അറിയുന്നതു കൊണ്ടാണ്. 

ആധുനിക കേരളം രൂപപ്പെട്ട ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പോരാട്ട ജീവിതമാണത്.1964 ൽ സിപി എം രൂപം കൊണ്ട വർഷമാണ് പിണറായി പാർട്ടി അംഗമാകുന്നത്. ബ്രണ്ണൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കെ എസ് എഫിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി വിപ്ലവ വിദ്യാർത്ഥി രാഷ്ട്രിയത്തെ നയിച്ചത്. 

എഴുപതുകളുടെ ആദ്യം തലശ്ശേരിയിൽ വർഗ്ഗീയ സംഘർഷം കത്തിപ്പടരുന്നത് തടയാൻ പാർട്ടി സെക്രട്ടറി സി എച്ച് കണാരൻ തലശ്ശേരിയിലേക്കയച്ചത് പിണറായിയെയാണ്. മാറാട് കലാപകാലത്ത് വർഗീയവാദികളുടെ ഒരു ഭീഷണിയിലും കുലുങ്ങാതെ അവിടം സന്ദർശിച്ച ഏക രാഷ്ട്രീയ നേതാവ് പിണറായിയാണ്. അതിൻ്റെ തുടർച്ചയാണ് ഇന്നും മത നിരപേക്ഷത സംരക്ഷിക്കാനുള്ള പിണറായിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ.


1970-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 26-മത്തെ വയസ്സിലാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും പിണറായി നിയമസഭയിലെത്തിയത്. 91 ൽ  വീണ്ടും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 96-ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ലും 2021 ലും ധർമ്മടം മണ്ഡലത്തിൽ നിന്നും. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം പിണറായി കണ്ണൂർ സെൻട്രൽജയിലിലടക്കപ്പെട്ടു. 

Sangh Parivar spreads hatred and hatred Chief Minister Pinarayi Vijayan

പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിപടിയായി പാർട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബൂറോ അംഗവുമായി. 98 മുതൽ 2015 വരെ, ഇ.കെ.നായനാർക്ക് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. നായനാർ മന്ത്രി സഭയിൽ പിണറായി വൈദ്യുതി വകുപ്പ് മന്ത്രിയായപ്പോഴാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടത്.

2016 തൊട്ട് കേരളത്തിൻ്റെ മുഖ്യമന്ത്രി. ചരിത്രത്തിൽ ആദ്യമായി തുടർഭരണവും. ലോകം ഉറ്റുനോക്കുന്ന ഒരു നാടായി, രാജ്യത്തിന് മാതൃകയായി കേരളം പിണറായിയുടെ ഭരണത്തിൽ പടർന്ന് പന്തലിക്കുന്നു. നാടിൻ്റെ നന്മയിലും ഒരുമയിലും വികസനത്തിലും ആർജവുമുള്ള തീരുമാനങ്ങളുടെയും ഇച്ഛാശക്തിയുടെയും വിശ്രമമില്ലാത്ത രാഷ്ട്രീയം കേരളം കാണുന്നത് പിണറായിയിലൂടെയാണ് . നവകേരള നായകന് കേരളം പിറന്നാൾ ആശംസിക്കുമ്പോൾ ആ നേതൃശക്തിയിൽ അഭിമാനം കൊള്ളുകയാണ് കണ്ണൂരിൻ്റെ ചുവന്ന മണ്ണ് .

Tags