പുലിക്കളിക്കാര്‍ക്ക് മാത്രമല്ല, കുടവയര്‍ ആര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കും, ഷുഗര്‍ കുറയില്ല, കൊളസ്‌ട്രോള്‍ കൂട്ടും, നടുവേദനയും സന്ധിവേദനയും, തടി കുറയ്ക്കണമെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്

Belly

ഒരു ദിവസത്തെ ക്ഷണിക നേരത്തെ ആഘോഷത്തിന് വേണ്ടി വയറും ശരീരവും അങ്ങനെ നിലനിര്‍ത്തുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: നടന്‍ വികെ ശ്രീരാമന്‍ പുലിക്കളിക്കാരെക്കുറിച്ച് പറഞ്ഞ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി ഡോക്ടര്‍ മനോജ് വെള്ളനാട്. വയറിന് ചുറ്റും കൊഴുപ്പടിയുന്ന സെന്‍ട്രല്‍ ഒബീസിറ്റി എന്നത് ആരോഗ്യപരമായി അത്ര നിസ്സാരക്കാരനല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസത്തെ ക്ഷണിക നേരത്തെ ആഘോഷത്തിന് വേണ്ടി വയറും ശരീരവും അങ്ങനെ നിലനിര്‍ത്തുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെയും ആയുസിനെയും വലിയ രീതിയില്‍ ബാധിക്കുമെന്നത് ഇന്നത്തെ കാലത്ത് ആര്‍ക്കും അറിയാത്ത വസ്തുതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

വി.കെ.ശ്രീരാമന്‍ മാപ്പ് പറയണമെന്ന പുലിക്കളിക്കാരുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. കാരണം പുലിക്കളിക്കാരുടെ വയറും ശരീരപ്രകൃതവും ഇന്നത്തെ രീതിയില്‍ നിന്നും മാറണം എന്നേ അദ്ദേഹം പറഞ്ഞുള്ളൂ. എന്തുകൊണ്ട് മാറണം എന്ന് പറഞ്ഞില്ല. ഒരു കാര്യം പറയുമ്പോള്‍ മുഴുവനും പറയണ്ടേ? അത് പറയാന്‍ മറന്നു പോയതിനാണ് മാപ്പ് പറയേണ്ടത്. കുന്നംകുളത്ത് മാപ്പിന് ക്ഷാമമില്ല എന്നും കരുതുന്നു. തല്‍ക്കാലം അദ്ദേഹം പറയാന്‍ മറന്നത് ഞാനൊന്ന് ഓടിച്ച് പറയാം.

തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലെ ചെണ്ടമേളത്തിനൊപ്പം കുലുങ്ങുന്ന വലിയ 'പുലിവയറുകള്‍' കാഴ്ചക്കാര്‍ക്ക് വലിയൊരു ഹരമാണ്. എന്നാല്‍ ഈ ഉത്സവലഹരി മാറ്റി വച്ചാല്‍, വയറിന് ചുറ്റും കൊഴുപ്പടിയുന്ന സെന്‍ട്രല്‍ ഒബീസിറ്റി (Central Obesity / Visceral Fat) എന്നത് ആരോഗ്യപരമായി അത്ര നിസ്സാരക്കാരനല്ല. ഒരു ദിവസത്തെ ക്ഷണിക നേരത്തെ ആഘോഷത്തിന് വേണ്ടി വയറും ശരീരവും അങ്ങനെ നിലനിര്‍ത്തുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെയും ആയുസിനെയും വലിയ രീതിയില്‍ ബാധിക്കുമെന്നത് ഇന്നത്തെ കാലത്ത് ആര്‍ക്കും അറിയാത്ത വസ്തുതയല്ല.

ഒരു ഡോക്ടര്‍ ഒരാളോട് 'ശരീരഭാരം കൂടുതലാണ്, കുറയ്ക്കണം' എന്ന് പറയുന്നത് ഒരിക്കലും ബോഡി ഷെയ്മിങ് അല്ല; മറിച്ച് അത് ശാസ്ത്രീയമായ ഒരു രോഗനിര്‍ണയവും മുന്നറിയിപ്പുമാണ്. കാരണം ഒബീസിറ്റി എന്നത് സ്വയം ഒരു രോഗാവസ്ഥയും, ഒപ്പം മറ്റ് പല ഗുരുതര രോഗങ്ങളിലേക്കുള്ള പ്രവേശന കവാടവുമാണ്. നീയൊരു പുലിയാണെന്ന് പൊതുവേ പറഞ്ഞാല്‍ നീയൊരു കിടിലമാണ് എന്നാണര്‍ത്ഥമാക്കാറ്. പക്ഷെ ഓണക്കാലത്തെ പുലികള്‍, മാവേലിമാര്‍ ഒക്കെ അനാരോഗ്യത്തിന്റെ വാസ്തുശില്‍പരൂപങ്ങളാണ്. വയറിന്റെ വലിപ്പം കൂടുന്നത് അനുസരിച്ച് ആ രൂപങ്ങളുടെ സൗന്ദര്യം കൂടുന്നു എന്നാണ് നമ്മുടെ ധാരണ. സൗന്ദര്യം എന്നത് വ്യക്തിനിഷ്ടമായ ഒന്നാണെങ്കിലും അമിതമായ വയര്‍ വസ്തുനിഷ്ടമായി അനാരോഗ്യത്തിന്റെ ലക്ഷണമാണ്.

കാരണം ചര്‍മ്മത്തിന് താഴെയുള്ള കൊഴുപ്പിനേക്കാള്‍ അപകടകാരിയാണ് ആന്തരാവയവങ്ങള്‍ക്ക് ചുറ്റും കൂടുകൂട്ടുന്ന വിസറല്‍ ഫാറ്റ്. ഈ കൊഴുപ്പ് വെറുതെ ഒരു കുടവയറായി ഒതുങ്ങിനില്‍ക്കാതെ രക്തത്തിലേക്ക് നേരിട്ട് ചില രാസവസ്തുക്കളും ഫാറ്റി ആസിഡുകളും പുറത്തുവിട്ടുകൊണ്ടിരിക്കും. ഇതിന് ആരോഗ്യപരമായ ധാരാളം ദോഷങ്ങളുണ്ട്.

1. അടിവയറ്റിലെ കൊഴുപ്പ് രക്തത്തില്‍ LDL  കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കൂട്ടുന്നു. ഇത് രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും ഹൃദയാഘാത സാധ്യതയിലേക്കും സ്‌ട്രോക്കിനും വഴിതുറക്കാം.

2. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂട്ടും. വയറ്റിലെ ഈ അമിത കൊഴുപ്പ് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. പാന്‍ക്രിയാസ് എത്ര ജോലി ചെയ്താലും ഗ്ലൂക്കോസ് കോശങ്ങളിലേക്ക് എത്താതെ ഒടുവില്‍ അയാള്‍ പ്രമേഹ രോഗിയായി മാറുന്നു.

3. ഫാറ്റി ലിവര്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ ഇല്ലല്ലോ.  ആന്തരികാവയവങ്ങള്‍ക്ക് അടുത്തുള്ള കൊഴുപ്പ് ആദ്യം വില്ലനാകുന്നത് കരളിനാണ്. മദ്യപിക്കാത്തവരില്‍ പോലും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന 'നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' ഉണ്ടാകാന്‍ ഇത് കാരണമാകുന്നു.

4. സ്ലീപ് അപ്നിയ പോലുള്ള ഉറക്കത്തിലെ പല അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകും. ശരീരത്തിന്റെ മധ്യഭാഗത്ത് ഭാരം കൂടുമ്പോള്‍ അത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തെയും ഡയഫ്രത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഉറക്കത്തില്‍ കൂര്‍ക്കംവലിയും ശ്വാസംമുട്ടലും ഉണ്ടാകുന്നത് ഇതിന്റെ ലക്ഷണമാണ്.

5. സന്ധികള്‍ക്കും നട്ടെല്ലിനും അധികപ്പണിയാണ് ഈ വയര്‍ കാരണം ഉണ്ടാവുന്നത്. മുന്നിലേക്ക് ഉന്തിനില്‍ക്കുന്ന വയര്‍ ശരീരത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റിയെ മുന്നിലേക്ക് ഷിഫ്റ്റ് ചെയ്യുകയും നട്ടെല്ലിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയും കാല്‍മുട്ടുകളിലേക്കും ഇടുപ്പിലേക്കും അധിക സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. ഇതുമൂലം പ്രായമാകുമ്പോള്‍ വരേണ്ട പല രോഗാവസ്ഥകളും ചെറു പ്രായത്തിലേ തന്നെ വന്നു തുടങ്ങും.

അതുപോലെ അമിതവണ്ണമുള്ള ഒരാളെ ചികിത്സിക്കുന്നത് ഡോക്ടര്‍മാര്‍ക്കും വലിയൊരു വെല്ലുവിളിയാണ്.

1. സര്‍ജറി ചെയ്യുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടാണ്. രോഗിയെ ഓപറേഷന്‍ ടേബിളില്‍ നമുക്കാവശ്യമായ പൊസിഷനില്‍ കിടത്തുക എന്നത് തന്നെ പലപ്പോഴും വെല്ലുവിളി ആകാറുണ്ട്. പിന്നെ വയറ്റിലെ അമിതമായ കൊഴുപ്പ് ആന്തരാവയവങ്ങള്‍ വ്യക്തമായി കാണുന്നതിനും ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇതിന് കൂടുതല്‍ സമയമെടുക്കും. ശസ്ത്രക്രിയ നീളുന്തോറും അനസ്തേഷ്യ കൊടുക്കേണ്ട സമയവും നീളും. ഇതൊക്കെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കുറച്ചു നേരത്തെ ബുദ്ധിമുട്ടാണെങ്കിലും രോഗിക്ക് അതങ്ങനെ ആവണമെന്നില്ല. 

2. അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും അമിത വണ്ണമുള്ളവര്‍ക്ക് മയക്കം നല്‍കുമ്പോള്‍ പലതരം ആശങ്കകളാണ്. വണ്ണമുള്ള രോഗികള്‍ക്ക് കൃത്യമായ അളവില്‍ അനസ്‌തേഷ്യ നല്‍കുന്നതും, ശ്വാസനാളം കണ്ടെത്തി ട്യൂബിടുന്നതും അല്‍പം സങ്കീര്‍ണ്ണമാണ്.

3. മുറിവുകള്‍ ഉണങ്ങാനുള്ള താമസം. കൊഴുപ്പുകലകളിലേക്കുള്ള രക്തയോട്ടം കുറവായതിനാല്‍ സര്‍ജറിക്ക് ശേഷമുള്ള മുറിവുകള്‍ ഉണങ്ങാന്‍ വൈകാനും അണുബാധയുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

ഉത്സവകാലത്തെ പുലിക്കളി ഒരു കലയും കായികവിനോദവുമാണ്; എന്നാല്‍ ആ 'പുലിക്കൂട്ടില്‍' ഉള്ളിലുള്ള ആന്തരാവയവങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും നിലനിര്‍ത്തുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ ആര് പറഞ്ഞാലും അതിന്റെ നല്ല വശങ്ങള്‍ എടുക്കാതെ വിവാദമുണ്ടാക്കാന്‍ നടക്കുന്നത് അത്ര ആരോഗ്യകരമായ കാര്യമല്ല. 

ഇന്നത്തെ ചില ന്യൂസ് കാര്‍ഡുകള്‍ തന്നെ വലിയ തമാശയാണ്. വി.കെ ശ്രീരാമന്‍ പറഞ്ഞത് തങ്ങള്‍ വാര്‍ത്തയാക്കിയിട്ടും വിവാദമായില്ലെങ്കിലോ എന്ന് കരുതി വലിയ അക്ഷരത്തില്‍ ഇത് വിവാദമാണ് കേട്ടോ എന്ന് പ്രത്യേകം എഴുതിയും വച്ചിട്ടുണ്ട്. ശരിക്കും അനാരോഗ്യത്തിന്റെ പ്രദര്‍ശനശാലയാണ് നിലവിലെ പുലിക്കളികള്‍. അത് മാറണം. പുലിക്കളി നിലനില്‍ക്കണം. പുലിക്കളി ഒരു കായികാഭ്യാസമല്ലേ. അപ്പോള്‍ മെലിഞ്ഞവര്‍ക്കും പുലിയാകാന്‍ കഴിയണം. അത്തരം മെലിഞ്ഞ പുലികളെ വേണം നമ്മള്‍ നോര്‍മലൈസ് ചെയ്യാന്‍. പുലിക്കളി എന്ന കല നിലനിര്‍ത്താന്‍ കുറച്ചു മനുഷ്യര്‍ തങ്ങളുടെ ആരോഗ്യവും ആയുസും ഇതുപോലെ നശിപ്പിക്കേണ്ടതില്ലല്ലോ.

(ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ കൊണ്ടും ജനിതകപരമായ പ്രത്യേകതകള്‍ കൊണ്ടും ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ പലരും ഉണ്ടാവാം. അവര്‍ക്കും വണ്ണക്കൂടുതല്‍ മൂലം മേല്‍പ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവും. അത്തരക്കാരോട് പക്ഷെ അവരുടെ  അടിസ്ഥാനപരമായ പ്രശ്നത്തെ മാനിച്ചുകൊണ്ട് പെരുമാറണം എന്നേയുള്ളു. ഒരാള്‍ക്ക് അവമതിപ്പ് ഉണ്ടാവാത്തവിധം സോദ്ദേശ്യത്തോടെ അയാള്‍ക്ക് ശരീരഭാരം കൂടുതലാണ് എന്ന് ഒരാള്‍ പറയുന്നതിനെ ബോഡി ഷെയിമിംഗായി കാണേണ്ടതില്ല. എന്തിലും ഏതിലും പൊ. ക. തിരുകിക്കയറ്റുന്നത് ഒരല്‍പ്പം കുറച്ചാല്‍ തന്നെ ആരോഗ്യവും ഉണ്ടാവും മനസമാധാനവും ഉണ്ടാവും.)

അപ്പൊ പുലി കളി തുടരട്ടെ..

Tags