ഓണസിനിമകളില്‍ തകര്‍ത്തടിച്ച് ബത്‌ലഹേം കുടുംബ യൂണിറ്റ്, കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് നിവിനും മമിതയും, ടിക്കറ്റ് കിട്ടുക എളുപ്പമാകില്ല, ബ്ലോക് ബസ്റ്റര്‍ ഹിറ്റിലേക്ക്

Bethlehem Kudumba Unit

ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും ചേര്‍ന്നുള്ള തിരക്കഥ, സാധാരണ സാഹചര്യങ്ങളില്‍ നിന്ന് പൊലിമയുള്ള നിറഞ്ഞ ഹാസ്യവും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കുന്നു.

കൊച്ചി: ഓണം റിലീസായി തിയേറ്ററുകളിലെത്തിയ നിവിന്‍ പോളി മമിത ബൈജു ചിത്രം ബത്ലഹേം കുടുംബ യൂണിറ്റിന് ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ മികച്ച പ്രതികരണം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത റൊമാന്റിക് കോമഡി, ഭാവന സ്റ്റുഡിയോസിന്റെ (ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍) ആറാമത്തെ ചിത്രമാണ്. പ്രേമലു ടീമിന്റെ തുടര്‍ച്ചയായും നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവായും സിനിമ വിലയിരുത്തപ്പെടുന്നു.

ആഷ്‌ലി (മമിത ബൈജു) വിദേശത്ത് നിന്ന് തിരിച്ചെത്തി കുടുംബത്തോടൊപ്പം അങ്കമാലി-കറുകുറ്റി ഭാഗത്ത് പുതിയ വീട്ടിലേക്ക് താമസം മാറുന്നു. അയല്‍വീട്ടിലെ ജസ്റ്റിന്‍ (നിവിന്‍ പോളി) കല്യാണപ്രായം കഴിഞ്ഞിട്ടും ഒറ്റയ്ക്ക് നടക്കുന്ന, നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട കാറ്ററിങ് ബിസിനസ്സുകാരന്‍ ആണ് നായകന്‍. ജസ്റ്റിന്റെ സഹോദരന്‍ ഷോര്‍ട്ട് ഫിലിം ഭ്രാന്തനായ ജോയല്‍/റോഹന്‍ (സംഗീത് പ്രതാപ്) ഉള്‍പ്പെടെയുള്ള കുടുംബവും അയല്‍പക്കവും ചേര്‍ന്ന് 'ബത്ലഹേം കുടുംബ യൂണിറ്റ്' രൂപപ്പെടുന്നു. പ്രണയം, കുടുംബബന്ധങ്ങള്‍, സാധാരണ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ എന്നിവയാണ് ചിത്രത്തിന്റെ കാതല്‍.

ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും ചേര്‍ന്നുള്ള തിരക്കഥ, സാധാരണ സാഹചര്യങ്ങളില്‍ നിന്ന് പൊലിമയുള്ള നിറഞ്ഞ ഹാസ്യവും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കുന്നു.

നിവിന്‍ പോളി തന്റെ 'പ്രേമം' കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എക്‌സ്പ്രഷനുകള്‍, കോമഡി ടൈമിങ്, സഹജമായ അഭിനയം എല്ലാം പ്രേക്ഷകനെ കീഴടക്കുന്നതാണ്.

നിവിന്‍ മമിത കെമിസ്ട്രി ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ (ബൈജു ചേട്ടന്‍), വിനയ് ഫോര്‍ട്ട്, ബിന്ദു പണിക്കര്‍, ശ്രിന്ദ, മീനാക്ഷി രവീന്ദ്രന്‍, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍ തുടങ്ങിയവരുടെ എന്‍സംബിള്‍ അഭിനയം ചിത്രത്തെ ജീവസ്സുറ്റതാക്കുന്നു.

2 മണിക്കൂര്‍ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പക്കാ ഫീല്‍ ഗുഡ് ഫാമിലി ചത്രമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ആദ്യദിനം ഏകദേശം 4.70 കോടി രൂപ കളക്ഷന്‍ നേടി.

ഓണക്കാലത്ത് കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന സിനിമയെന്ന രീതിയില്‍ ബത്‌ലഹേം കുടുംബ യൂണിറ്റ് മാറിക്കഴിഞ്ഞു. ഇതോടെ, ഈ ഓണക്കാലത്ത് വമ്പന്‍ കളക്ഷന്‍ നേടി ബ്ലോക് ബസ്റ്റര്‍ ഹിറ്റാകാനുള്ള സാധ്യതയുമുണ്ട്.

Tags