കുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസം എത്രവേണം? പലര്‍ക്കും അറിയില്ല ഈ കാര്യങ്ങള്‍

kids

വിവാഹം കഴിക്കുന്നതിന് മുന്‍പുതന്നെ എത്ര കുട്ടികള്‍ വേണമെന്നും കുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസം എത്രവേണമെന്നുമൊക്കെ തീരുമാനിക്കുന്നവരാണ് പുതിയ കാലത്തെ ദമ്പതിമാര്‍. ജോലിയും കരിയറും കുട്ടികളുടെ വിദ്യാഭ്യാസവും താമസ സൗകര്യവുമെല്ലാം കണക്കിലെടുത്ത് കൃത്യമായ ആസൂത്രണത്തോടെ ഇക്കാര്യം നടപ്പിലാക്കുന്നവരുമുണ്ട്.

ജോലിത്തിരക്കും ജീവിതത്തിരക്കുമെല്ലാമാകുമ്പോള്‍ കൂടുതല്‍ കുട്ടികളെന്നകാര്യം മാറ്റിവെച്ച് ഒറ്റക്കുട്ടി മതിയെന്ന തീരുമാനത്തിലെത്തുന്നവരാണ് പലരും. എന്നാല്‍, ഒരു കുട്ടി മാത്രമാകുമ്പോള്‍ ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസിലാക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അതുപോലെതന്നെ പ്രധാനമാണ് കുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസവും. ഇതും കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആസൂത്രിതവും ബോധപൂര്‍വവുമായ രക്ഷാകര്‍തൃത്വം ഈ തലമുറയിലെ മാതാപിതാക്കള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നേരത്തെ, വിവാഹം പിന്നീട് കുട്ടികള്‍ എന്ന സമവാക്യം ചോദ്യം ചെയ്യപ്പെടാത്തതും പരിശോധിക്കപ്പെടാത്തതുമായിരുന്നു. എത്ര കുട്ടികള്‍, ഏത് ഇടവേളകളില്‍, കരിയര്‍, ദമ്പതികളുടെ ആവശ്യകതകള്‍ എന്നിവയെല്ലാം ഇക്കാലത്ത് പ്രധാനമാണ്.

ഒന്നര വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ ഉണ്ടാകുന്നത് കൂടുതല്‍ സമ്മര്‍ദ്ദമാണെന്നും അമ്മയ്ക്കും കുട്ടികള്‍ക്കും ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കുറഞ്ഞത് 2 വര്‍ഷം വരെയുള്ള പ്രായവ്യത്യാസം മിക്ക വിദഗ്ധരും ഒരു മാനദണ്ഡമായി അംഗീകരിക്കുന്നു.

കുട്ടികള്‍ തമ്മില്‍ 2 വര്‍ഷത്തെ വ്യത്യാസമാണ് നല്ലത്. കാരണം വളരെ ചെറിയ കുട്ടികളെ പരിപാലിക്കുന്നത് അമ്മയായിരിക്കും, കൂടാതെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള കരിയര്‍ വിടവ് വളരെ കൂടുതലായിരിക്കില്ല. കാരണം കുട്ടികള്‍ നഴ്സറിയിലേക്ക് പോകുന്നതിനാല്‍ പരിചരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്.

2 വര്‍ഷത്തെ ഇടവേളകളിലുള്ള കുട്ടികളെ വളര്‍ത്താന്‍ എളുപ്പമാണ്. അവര്‍ക്ക് കൂടുതല്‍ ഒരുമിച്ച് കളിക്കാം. നിങ്ങള്‍ക്ക് ഒരേ സമയം ഒരേ കാര്യം അവരെ പഠിപ്പിക്കാന്‍ കഴിയും. അതേസമയം, കുട്ടികള്‍ തമ്മിലുള്ള പ്രായപരിധി കൂടുമ്പോല്‍ മുതിര്‍ന്ന കുട്ടി ചെറിയ കൂട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ജോലി കുറയുമെന്നതും വാസ്തവമാണ്.

സഹോദരങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസം സഹോദര ബന്ധത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ചെറിയ പ്രായവ്യത്യാസം കുട്ടികള്‍ തമ്മിലുള്ള വഴക്കുകൂട്ടും എന്ന് പറയാറുണ്ട്. അതേയവസരത്തില്‍ തന്നെ കുട്ടികള്‍ വലുതാകുന്തോറും അവര്‍ തമ്മിലുള്ള അടുപ്പം കൂടും. എന്നാല്‍, പ്രായ വ്യത്യാസം കൂടുതലുള്ള കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ അടുപ്പം കുറയും.

 

Tags