മുസ്ലിങ്ങളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ നരാധമൻ ; ബാബു ബജ്റംഗി ഇപ്പോഴും പുറത്തോ ?


എംമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ വിമർശനം ശക്തമായതോടെ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് ഉൾപ്പെടെ 24 ഓളം ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ബാബു ബജ്റംഗിയെന്ന വില്ലന്റെ പേര് ബൽദേവ് എന്നാണ് മാറ്റിയത്. കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷിച്ച ഗുജറാത്ത് കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ബാബു ബജ്‌രംഗിയുടെ പേര് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് നൽകിയപ്പോൾ എന്തിനാണ് ഇത്രയും പ്രതിഷേധം ഉയർന്നത് ? ചിത്രത്തിൽ ഗുജറാത്ത് കലാപം പരാമർശിച്ചപ്പോൾ ആർക്കാണ് പൊള്ളിയത് ? സത്യത്തിൽ ആരാണ് ബാബു
ബജ്രംഗിയെന്ന് പലരും അന്വേഷിച്ചത് എമ്പുരാൻ വിവാദം ആക്കിയപ്പോഴായിരുന്നു.
ബാബു ബജ്റംഗി അഥവാ ബാബു ഭായി പട്ടേൽ. ബജ്റംഗ് ദൾ ഗുജറാത്ത് നേതാവ്. 2002 ഫെബ്രുവരി 28 ലെ ഗുജറാത്ത് കലാപത്തിൽ 35ഓളം കുട്ടികൾ അടക്കം 97 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത നരോദ പാട്യ കൂട്ടക്കൊലയുടെ സൂത്രധാരനായി അന്ന് ആരോപിക്കപ്പെട്ടത് ബജ്റംഗദൾ നേതാവായ ബാബു ബജ്‌രംഗിയാണ്.

മുസ്ലിങ്ങളെ കൊല്ലുന്നതിലും അവരെ കത്തിക്കുന്നതിലും ഞാൻ സന്തോഷിക്കുന്നു. കാരണം അവർ ദഹിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഇതിന് വേണ്ടി എന്നെ തൂക്കിലേറ്റിയാൽ പോലും എനിക്ക് സന്തോഷമേയുള്ളൂ എന്നും പറഞ്ഞ വ്യക്തി. തൂക്കിലേറ്റുന്നതിന് മുൻപ് 2 ദിവസം ഇളവ് തന്നാൽ ഇനിയൊരു 7-8 ലക്ഷം മുസ്ലിങ്ങളേ കൂടി കൊന്നു തള്ളാൻ തയ്യാറാണ് എന്നു പറഞ്ഞ തികഞ്ഞ വർഗീയവാദി.
2002 ഫെബ്രുവരി 27-ന്, സബർമതി എക്സ്പ്രസിൽ 59 യാത്രക്കാർ ഗോധ്രയിൽ വെന്തുമരിച്ചതിൽ നിന്നാണ് കലാപങ്ങളുടെ തുടക്കം. കർസേവകർ ഉൾപ്പെട്ട ട്രെയിനിന് മുസ്‌ലിംകൾ തീയിട്ടെന്ന വാർത്ത പരന്നതോടെ അത് ഗുജറാത്തിൽ ഒരു കലാപത്തിന് വഴിതുറക്കുകയായിരുന്നു. ട്രെയിൻ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി കലാപം പൊട്ടിപ്പുറപ്പെട്ടു . ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു, ഒട്ടേറെ സ്ത്രീകൾ കൂട്ട ബലാൽസംഗത്തിനിരയായി.
നരോദ പാട്യ കൂട്ട വംശഹത്യയുമായി ബന്ധപ്പെട്ട് 2007 ൽ തെഹൽക്ക ബജ്‍രംഗിയുമായി ഒരു ഒളിക്യാമറ അഭിമുഖം നടത്തി. നരോദ പാട്യ കൂട്ടക്കൊലയിൽ തനിക്കുള്ള പങ്കിനെക്കുറിച്ച് ബജ്‍രംഗി ഈ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
‘മുസ്‍ലിംകളുടെ ഒരു കട പോലും ഒഴിവാക്കിയില്ല, എല്ലാം നശിപ്പിച്ചു, തീയിട്ടു. മുസ്‌ലിംകളെ തുരത്തി ഒരു കുഴിയിലെത്തിച്ചു. ഭയന്നുവിറച്ച അവ4 പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുകയായിരുന്നു. അവരുടെ മേൽ പെട്രോളും ഡീസലും ഒഴിച്ചു. ടയറുകൾ കത്തിച്ച് അവ4ക്കുമേൽ ഇട്ടു. എനിക്ക് അവസാനമായി ഒരു ആഗ്രഹമേയുള്ളൂ… എന്നെ വധശിക്ഷയ്ക്ക് വിധിക്കട്ടെ. എന്നെ തൂക്കിലേറ്റിയാലും പ്രശ്‌നമില്ല. കൊല്ലുന്നതിനുമുൻപ് എനിക്ക് രണ്ട് ദിവസം തരണം. ഞാൻ ജുഹാപുരയിലേക്ക് പോകും. ആ ദിവസം ആഘോഷിക്കാൻ. ഏഴോ എട്ടോ ലക്ഷം മുസ്‍ലിംകൾ അവിടെയുണ്ട്. അവരെ ഞാൻ അവസാനിപ്പിക്കും. കുറേപ്പേർ കൂടി മരിക്കട്ടെ…’ തെല്ലും കുറ്റബോധമില്ലാതെയായിരുന്നു തികഞ്ഞ വർഗീയവാദിയായ ബജ്‍രംഗിയുടെ വാക്കുകൾ.
അന്നത്തെ കൂട്ടക്കൊലയ്ക്ക് ശേഷം ഇവയെല്ലാം ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി ആയിരുന്ന ഗോർദാൻ സദാഫിയയെയും VHP ജനറൽ സെക്രട്ടറി ജയ്ദീപ് പട്ടെലിനെയും വിളിച്ചു പറഞ്ഞു എന്നും ആ വിഡിയോയിൽ ഉണ്ട്. കലാപകേസിൽ ആദ്യത്തെ രണ്ട് തവണ കോടതിയിൽ ജഡ്ജിമാർ ബജ്രംഗിയെ തൂക്കിക്കൊല്ലാൻ വിധിക്കാൻ ഇരുന്നപ്പോൾ ജയിലിൽ നിന്ന് ബജ്രംഗിയെ മോചിപ്പിക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലിനെ കുറിച്ചും ബാബു ബജ്രംഗി വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്.
പിന്നീട് 2012 ൽ കൂട്ടക്കൊലക്കേസിൽ പ്രത്യേക കോടതി ബാബു ബജ്‍രംഗിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ബാബു ബജ്‌രംഗിയും ഗുജറാത്ത് മന്ത്രി മായ കോഡ്‌നാനിയും ഉൾപ്പെടെ 86 പേരായിരുന്നു പ്രതികൾ. കൂട്ടക്കൊല നടന്ന് എട്ട് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് 2019ൽ സുപ്രീംകോടതി ബജ്‍രംഗിക്ക് ജാമ്യം അനുഭവിച്ചു. 2016 വരെ, സ്വന്തം അനാരോഗ്യവും ഭാര്യയുടെ അനാരോഗ്യവും ചൂണ്ടിക്കാട്ടി ഇയാൾ 14 തവണ ജാമ്യത്തിലിറങ്ങി.
നരോദ പാട്യ കൂട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും 2023 ഏപ്രിലിൽ കോടതി വെറുതേവിട്ടു. ഇവർ ആരും പ്രതികൾ അല്ലെങ്കിൽ പിന്നെ ആരാണ് ഒരു തെറ്റും ചെയ്യാത്ത കുട്ടികളും സ്ത്രീകളുമടക്കം ഉള്ളവരെ ചുട്ടുകൊന്നത് ? ബജ്‌രംഗിയെ ബൽദേവ് ആക്കി പുതിയ എമ്പുരാൻ തിയറ്ററുകളിൽ എത്തിയെങ്കിലും ചരിത്രം ഒരിക്കലും മായിക്കപെടുകയില്ല.