പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ അഴീക്കോടും മണലൂരും; നേതൃത്വത്തെ തിരുത്താൻ സൈബർ സഖാക്കളുടെ 'ഉറക്കമില്ലാത്ത രാത്രികൾ'
കഴിഞ്ഞ 10 വർഷത്തിനിടയിൽ കാൽനൂറ്റാണ്ട് കൊണ്ട് വരാത്ത വികസനം കൊണ്ടുവന്നിട്ടും, മുഖ്യമന്ത്രി പിണറായി വിജയൻ ആറ് റൗണ്ടുകളോളം പിന്നിലായി എന്നത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി നേതൃത്വത്തിന് നേരെ കടുത്ത സ്വയംവിമർശനവുമായി അണികളും അനുഭാവികളും രംഗത്ത് തുടരുകയാണ്. നേതൃത്വത്തെ തിരുത്തിയേ അടങ്ങൂ എന്ന വാശിയിലാണ് ഇക്കൂട്ടർ.വികസനം മാത്രം പറഞ്ഞാൽ പോരാ, ജനങ്ങളോടുള്ള പെരുമാറ്റത്തിലും രാഷ്ട്രീയ മാന്യതയിലും മാറ്റം വരണമെന്ന തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ഗ്രൂപ്പുകളിൽ ഇപ്പോഴും ചർച്ചയാകുന്നത്.
"പഠിക്കേണ്ടത് അഴീക്കോടിനെയും മണലൂരിനെയും നോക്കിയാണ്, തിരുത്തേണ്ടതും അവിടെ നോക്കിത്തന്നെ" എന്ന നിരീക്ഷണമാണ് ഈ ചർച്ചകളുടെ കേന്ദ്രബിന്ദു.
കോട്ടകൾ തകർന്നു, മുഖ്യമന്ത്രി പോലും പിന്നിലായി എന്നത് ഇവർ കുറിപ്പുകളിലൂടെ ഉയർത്തിക്കാട്ടുന്നു.പാർട്ടിയുടെ ചെങ്കോട്ടകളായി കരുതപ്പെട്ടിരുന്ന പല മണ്ഡലങ്ങളിലും ഏറ്റ തിരിച്ചടിയെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അക്കമിട്ട് നിരത്തുന്നുണ്ട്.
ഉരക്കു കോട്ടയായിരുന്ന പയ്യന്നൂരിൽ പാർട്ടി പരാജയപ്പെട്ടു.തദ്ദേശ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികൾ പോലുമില്ലാതിരുന്ന ആന്തൂരും മലപ്പട്ടവും അടങ്ങുന്ന, പാർട്ടിയുടെ പരമ്പരാഗത കരുത്തുറ്റ തട്ടകമായ തളിപ്പറമ്പിലും എൽഡിഎഫ് തോൽവി അറിഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കാൽനൂറ്റാണ്ട് കൊണ്ട് വരാത്ത വികസനം കൊണ്ടുവന്നിട്ടും, മുഖ്യമന്ത്രി പിണറായി വിജയൻ ആറ് റൗണ്ടുകളോളം പിന്നിലായി എന്നത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
യുഡിഎഫിന് എന്നും ബാലികേറാമലയായ മട്ടന്നൂരിൽ പോലും വിയർത്ത് വിയർത്താണ് ഇടതുപക്ഷം ജയിച്ചുകയറിയത്."വികസനം കൊണ്ട് മാത്രം വോട്ട് കിട്ടണമെന്നില്ല, ജനങ്ങളോടുള്ള സമീപനമാണ് പ്രധാനം" എന്നാണ് ഈ തിരിച്ചടികളെ മുൻനിർത്തി അണികൾ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നത്.

എന്തുകൊണ്ട് അഴീക്കോടും മണലൂരും മാതൃകയാക്കണമെന്നതും ഇവർ അക്കമിട്ട് നിരത്തുന്നു.സംസ്ഥാനത്താകെ യുഡിഎഫ് സുനാമി ആഞ്ഞടിച്ചിട്ടും, അഴീക്കോടും മണലൂരും എൽഡിഎഫ് നിലനിർത്തിയത് കൃത്യമായ പാഠമാണെന്ന് പോസ്റ്റുകൾ വ്യക്തമാക്കുന്നു.
അഴീക്കോട്ടെ കെ.വി. സുമേഷിന്റെ വിജയം,മുസ്ലിം ലീഗും യുഡിഎഫും ഏറ്റവും മികച്ച സ്ഥാനാർത്ഥിയായ കരീം ചേലേരിയെയാണ് അഴീക്കോട് രംഗത്തിറക്കിയത്. ലീഗ് മത്സരിപ്പിച്ച 27-ൽ 22 പേരും സംസ്ഥാനത്താകെ ജയിച്ചുകയറിയ തരംഗത്തിലും കെ.വി. സുമേഷിനെ തോൽപ്പിക്കാൻ യുഡിഎഫിനായില്ല.കോൺഗ്രസിന്റെ സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാവായ ടി.എൻ. പ്രതാപൻ മത്സരിച്ചിട്ടും മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചുകയറി.

എന്താണ് ഇവിടങ്ങളിലെ വിജയരഹസ്യമെന്നതാണ് വിമർശനങ്ങളുടെ കാതൽ. വികസനത്തിനൊപ്പം സൗമ്യതയും ഈ രണ്ട് മണ്ഡലങ്ങളിലെയും ജനപ്രതിനിധികൾ നൽകുന്ന പാഠം എന്താണെന്ന് സൈബർ ലോകത്തെ പോസ്റ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവുമാണ് രണ്ടിടങ്ങളിലും എൽഡിഎഫ് പ്രതിനിധികൾ പിന്തുടർന്നു വന്നത്. ജനങ്ങളോട് ഇടപഴകുമ്പോൾ കാട്ടുന്ന വിനയവും ലാളിത്യവും ഇവർ മുഖമുദ്രയാക്കി.
മറ്റ് എടുത്തു പറയേണ്ടത് ഇവർ പുലർത്തുന്ന രാഷ്ട്രീയ മാന്യതയാണ്. എതിരാളികളെ ഒരു കുത്തുവാക്ക് കൊണ്ടുപോലും നോവിക്കാത്ത പ്രകൃതം ഇവരെ വ്യത്യസ്ഥരാക്കിയെന്ന് സൈബറിടം എടുത്തു കാട്ടുന്നു. രാഷ്ട്രീയ എതിരാളികൾ എന്ത് പ്രകോപനം സൃഷ്ടിച്ചാലും അതിലൊന്നും വീണുപോകാത്ത ഉയർന്ന രാഷ്ട്രീയ സംസ്കാരവും ഇവർ പിന്തുടർന്നു.
വലതുപക്ഷ വോട്ട് ഏകീകരണത്തെയും ശക്തമായ ഭരണവിരുദ്ധ വികാരത്തെയും മറികടക്കാൻ വികസനം മാത്രം പോരാ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. അഹങ്കാരവും പ്രകോപനപരമായ പ്രസംഗങ്ങളും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുമെന്നും, അഴീക്കോട്ടെയും മണലൂരിലെയും നേതാക്കളുടെ ശൈലിയിലേക്ക് പാർട്ടി മാറണമെന്നുമാണ് ഇക്കൂട്ടർ ഉയർത്തുന്ന ആവശ്യം.
ഏത് പ്രതികൂല സാഹചര്യത്തിലും ജനമനസ്സുകളിൽ സ്ഥാനം നേടാൻ നേതാക്കൾക്ക് വേണ്ടത് 'ജനകീയ ശൈലി'യാണെന്ന് അടിവരയിട്ടുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ ഈ സ്വയംവിമർശന കുറിപ്പുകൾ അവസാനിക്കുന്നത്. നേതൃത്വം ഇത് കണ്ട് പഠിക്കുമോ തിരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
.jpg)

