ഓട്ടോറിക്ഷയിൽ കയറിയത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞു, കണ്ണൂരിലെ ഓട്ടോ ഡ്രൈവർ പ്രതിയെ അകത്താക്കിയത് മണിക്കൂറുകൾക്കുള്ളിൽ


തളിപ്പറമ്പ്: തൻ്റെ ഓട്ടോറിക്ഷയുടെ പിന്നിൽ രാത്രിയിൽ ഇരുന്ന് യാത്രചെയ്യുന്നത് അരുംകൊല നടത്തിയ ഇതര സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ പ്രതിയെ അകത്താക്കിയത് ഞൊടിയിടക്കുള്ളിൽ .മൊറാഴയിൽ സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന:സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ വളപട്ടണം പൊലീസ് സ്‌റ്റേഷനിലെത്തിച്ചാണ് ഡ്രൈവർ മനോജ് നാടിന് അഭിമാനമായത്.
ഞായറാഴ്ച്ച രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ ഇതരതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ വിളിച്ച ഓട്ടോറിക്ഷ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി.ഹൗസില്‍ കെ.വി.മനോജ്കുമാറിന്റെ(52)തായിരുന്നു.
കൊലപതാകവിവരം ഈ സമയത്ത് മനോജ് അറിഞ്ഞിരുന്നില്ല. വളപട്ടണത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി തന്റെ വണ്ടിയിലെ യാത്രക്കാരനാണെന്ന് മനോജിന് മനസിലായത്.ആദ്യം നടുക്കമുണ്ടായെങ്കിലും കളരിവാതുക്കല്‍വഴി ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.വിവരം അറിഞ്ഞ വളപട്ടണം പൊലിസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു.

മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ ചെയ്യാന്‍ പോലീസിന് സാധിച്ചത്. പ്രതിയെ പിടികൂടാൻ സഹായിച്ചതിന്കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിനെ അഭിനന്ദിച്ചു.