ബിരുദ കോഴ്‌സില്‍ ഒറ്റ വര്‍ഷം കുറഞ്ഞത് 70,000ത്തോളം വിദ്യാര്‍ത്ഥികള്‍, വിദേശ സര്‍വകലാശാല കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് മുരളി തുമ്മാരുകുടി
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണ്. ഉയര്‍ന്ന ജീവിതനിലവാരം തേടി വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുന്നതാണ് ഇതിന് പ്രധാന കാരണം. കാലോചിതമായ പരിഷ്‌കാരത്തിലൂടെ കേരളത്തിലെ ബിരുദ കോഴ്‌സുകള്‍ ആകര്‍ഷകമാക്കുന്നതില്‍ യൂണിവേഴ്‌സിറ്റികള്‍ പരാജയപ്പെട്ടതും വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്നും വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നു.
സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര പഠനത്തില്‍ വലിയ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ ബജറ്റില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന കാര്യം എടുത്തുപറഞ്ഞിരുന്നു. എന്നാല്‍, വികസിത രാജ്യങ്ങളില്‍ പോലും ഇത്തരം സര്‍വകലാശാലകള്‍ വിജയിച്ചിട്ടില്ലെന്നും കൂടിയ ഫീ കൊടുത്തു കേരളത്തില്‍ തന്നെ പഠിക്കാന്‍ കുട്ടികള്‍ ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
പുതിയ സര്‍വ്വകലാശാലകള്‍: സ്വകാര്യവും വിദേശിയും
ഈ വര്‍ഷത്തെ ബജറ്റിലെ സുപ്രധാനമായ രണ്ടു നിര്‍ദ്ദേശങ്ങള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാന്‍ നടപടി എടുക്കും, വിദേശ സര്‍വ്വകലാശാലകളുടെ കാന്പസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കും എന്നിവയാണ്. അല്പം വൈകിപ്പോയെങ്കിലും നല്ല തീരുമാനമാണ്.
ഇന്ത്യയില്‍ 2023 ലെ ഹയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിലവില്‍ 24 യൂണിവേഴ്‌സിറ്റികള്‍ ഉണ്ട്. ഓള്‍ ഇന്ത്യ സര്‍വ്വേ ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (2021-22) അനുസരിച്ച് കേരളത്തില്‍ 25 യൂണിവേഴ്‌സിറ്റികളാണുള്ളത്. ആ ഒരു ചെറിയ വ്യത്യാസം തല്‍ക്കാലം നമുക്ക് വിടാം.
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത് ബിരുദം നേടാനാണ്. 2020-2021 ല്‍ ഇത് 1087978 ആയിരുന്നത് 2021- 2022 ആയപ്പോള്‍ 1016386 ആയി കുറഞ്ഞു, ഏകദേശം എഴുപതിനായിരത്തോളം കുട്ടികളുടെ കുറവ്. കഴിഞ്ഞ വര്‍ഷം (2022-23) നമ്മുടെ സര്‍വ്വകലാശാലകളിലെ കോളേജുകളില്‍ ഒരുപാട് സീറ്റുകള്‍ കാലിയായിരുതാണല്ലോ വാര്‍ത്ത. അപ്പോള്‍ ഇത് പഴയതിനേക്കാള്‍ കുറഞ്ഞിരിക്കാനാണ് സാധ്യത. ഇനിയങ്ങോട്ട് അതായിരിക്കും ട്രെന്‍ഡ്.
25 സര്‍വ്വകലാശാലകള്‍ ഉണ്ടായിരിക്കുകയും അതില്‍ത്തന്നെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സര്‍വ്വകലാശാലകളുടെ, അത് സ്വദേശി ആയാലും വിദേശി ആയാലും സ്വകാര്യം ആയാലും, എന്താണ് പ്രസക്തി?
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കേണ്ട ഒന്നാണെന്ന് കഴിഞ്ഞ പത്തുവര്‍ഷമായി അനവധി പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ല. ഗവര്‍ണറുമായുള്ള സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഉടക്കല്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വാര്‍ക്കലിന്റെ കാര്യത്തില്‍ അത്ര പുരോഗതി കാണുന്നില്ല.
കേരളത്തിലെ ഇപ്പോഴത്തെ സര്‍വ്വകലാശാല സംവിധാനത്തിലെ അടിസ്ഥാന രീതികള്‍ അതുപോലെ നിലനിര്‍ത്തി നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം നവീകരിക്കാന്‍ പറ്റുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ല. അതുകൊണ്ടാണ് പുതിയ ആളുകള്‍ രംഗത്തേക്ക് വരുന്നതിനെ ഞാന്‍ പിന്തുണക്കുന്നത്. അതേ സമയം തന്നെ വിദേശിയാണെങ്കിലും സ്വകാര്യമാണെങ്കിലും അനവധി സര്‍വ്വകലാശാലകള്‍ കേരളത്തിലേക്ക് വരുമെന്നുള്ള പ്രതീക്ഷയും എനിക്കില്ല.
ഉദാഹരണത്തിന് വിദേശ സര്‍വ്വകലാശാലകളുടെ ഉപഗ്രഹ ക്യാന്പസുകള്‍ വരുന്ന രീതി ലോകത്ത് പലയിടത്തും പരീക്ഷിച്ചിട്ടും വിജയിക്കാത്ത ഒന്നാണ്. ഗള്‍ഫ് രാജ്യങ്ങളും മലേഷ്യയും ഒക്കെ ക്യാംപസും കെട്ടിടങ്ങളും അധ്യാപര്‍ക്കുള്ള ദീര്‍ഘകാല വിസയും മറ്റുള്ള രാജ്യങ്ങളില്‍ നിന്നും വന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസയും താമസവും അറേഞ്ച് ചെയ്തിട്ടും ലോകത്തെ ഏറ്റവും നല്ല സ്ഥാപനങ്ങള്‍ ഒന്നും അങ്ങോട്ട് എത്തിയില്ല എന്ന് മാത്രമല്ല, എത്തിയവയില്‍ തന്നെ അല്പം പേരുള്ള പലതും പേര് ചീത്തയാകുന്നതിന് മുന്‍പ് അവ നിര്‍ത്തി പോകാനുള്ള ശ്രമത്തിലുമാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്, അതിപ്പോള്‍ പറയുന്നില്ല. വിദേശത്ത് പോയി കാന്പസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ മാതൃരാജ്യങ്ങളില്‍ തന്നെ വലിയ എതിര്‍പ്പുണ്ട് എന്നതും ഒരു കാരണമാണ്.
ഇങ്ങനെ സര്‍വ്വ സഹായങ്ങളും ചെയ്യുന്ന, ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ കഴിവുള്ള ജനങ്ങളുള്ള, നിയമത്തിന്റെ നൂലാമാലകള്‍ അധികമില്ലാത്ത രാജ്യങ്ങളില്‍ പോലും വിദേശ സര്‍വ്വകലാശാലകള്‍ പച്ചപിടിച്ചില്ലെങ്കില്‍ പിന്നെ കേരളത്തില്‍ ലോകത്തെ മുന്‍ നിര സര്‍വ്വകലാശാലകള്‍ എത്താനുള്ള സാധ്യത എന്താണ്?
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കാന്പസുകള്‍ സ്ഥാപിക്കാനുള്ള യു.ജി.സി. യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചു. യു.ജി.സി. പോലുള്ള ഒരു സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍, പത്തു വര്‍ഷത്തെ മാത്രം ലൈസന്‍സുമായി എത്ര സ്ഥാപനങ്ങള്‍ വരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. വലിയ പ്രതീക്ഷ വേണ്ട എന്നുതന്നെയാണ് എന്റെ അഭിപ്രായം.
(എന്നാല്‍ ഇത്തരം സര്‍വ്വകലാശാലകള്‍ വരുന്നതില്‍ എനിക്ക് വ്യക്തിപരമായി സന്തോഷമേ ഉള്ളൂ. റിട്ടയര്‍ ചെയ്താല്‍ ഒരു പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് ആയി നാട്ടില്‍ കൂടാമല്ലോ).
സാധ്യതയുള്ളത് അധികം പേരുകേള്‍ക്കാത്ത വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹ്രസ്വകാല കോഴ്സുകളും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ഒക്കെയായി വരിക എന്നതാണ്. ബിരുദപഠനത്തിന് പത്തുലക്ഷം വിദ്യാര്‍ത്ഥികള്‍ ഉള്ളതില്‍ ഒരു ശതമാനം പോലും അടുത്ത പത്തുവര്‍ഷത്തില്‍ കേരളത്തിലെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കും എന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ ഉള്ളത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആണ്.
ഇന്ത്യയില്‍ മൂന്നുതരം സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉണ്ട്.
ഒന്ന്, അതിസന്പന്നരായ ആളുകള്‍ അവരുടെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ പേരില്‍ ഒട്ടും ലാഭേച്ഛ ഇല്ലാതെ സ്ഥാപിച്ച സര്‍വ്വകലാശാലകള്‍. ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയും ഡല്‍ഹിയിലെ ശിവ് നാടാര്‍ യൂണിവേഴ്സിറ്റിയും എല്ലാം അതില്‍ പെടും.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലും വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിന് ലാഭേച്ഛയില്ലാത്ത മുതലാളിമാര്‍ വേണം. നമ്മുടെ സംസ്ഥാനത്തുള്ള ശതകോടീശ്വരന്മാര്‍ അവരുടെ പണം ഉന്നത വിദ്യാഭ്യാസരംഗത്ത് ചിലവാക്കാന്‍ തയ്യാറാകുമോ?
രണ്ടാമത്തേത് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള സര്‍വ്വകലാശാലകളില്‍ നിന്നും വ്യത്യസ്തമായ ലിബറല്‍ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റികള്‍ ആണ്. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ ഏറ്റവും പേരുകേട്ടത്. പക്ഷെ ഇവിടെ ഫീസ് വളരെ കൂടുതല്‍ ആണ്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളും കേരളത്തില്‍ വരണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ അവക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ സംവിധാനങ്ങള്‍ നല്‍കുമോ, നല്‍കിയാലും ഇത്ര കൂടിയ ഫീസ് കൊടുത്ത് കേരളത്തില്‍ തന്നെ പഠിക്കാന്‍ കുട്ടികള്‍ ഉണ്ടാകുമോ? നമുക്ക് നോക്കാം.
ഈ രണ്ടു തരം യൂണിവേഴ്‌സിറ്റികളിലും കുട്ടികളുടെ എണ്ണം കുറവാണ്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം 1500 ല്‍ താഴെയാണ്, അശോക യൂണിവേഴ്‌സിറ്റിയില്‍ അയ്യായിരത്തോളവും. അപ്പോള്‍ ഇത്തരം യൂണിവേഴ്‌സിറ്റികള്‍ വന്നാലും നമ്മുടെ മൊത്തം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വലിയ മാറ്റം ഉണ്ടാകില്ല.
പിന്നെ ഉള്ളത് ഇന്ത്യയില്‍ പലയിടത്തും കാന്പസുകള്‍ ഉള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഉദാഹരണത്തിന് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നൊളജിക്ക് നാലു കാന്പസുകളിലായി എണ്‍പത്തിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മണിപ്പാലിനും അമിറ്റിക്കും എല്ലാം ഇത്തരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള പല കാന്പസുകള്‍ ഉണ്ട്.
ഇതിന് കേരളത്തില്‍ വലിയ സ്‌കോപ്പ് ഉണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ വി.ഐ.ടി. കേരളത്തില്‍ ഒരു കാന്പസ് തുടങ്ങുകയും അവിടെ കന്പ്യൂട്ടര്‍ സയന്‍സ് വിത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കന്പ്യൂട്ടര്‍ സയന്‍സ് വിത്ത് റോബോട്ടിക്സ് എന്നീ രണ്ടു സ്‌പെഷ്യലൈസേഷന്‍ മാത്രം ഓഫ്ഫര്‍ ചെയ്യുകയും ചെയ്താല്‍ കേരളത്തില്‍ നിന്നും ഒരു പതിനായിരം കുട്ടികളെ എങ്കിലും അവിടെ പഠിക്കാന്‍ കിട്ടും. മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉള്ള കോഴ്സുകള്‍ നടത്തുന്നത്, മാര്‍ക്കറ്റില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് ഉളളത്, സമയത്തിന് അഡ്മിഷന്‍, സമയത്തിന് പരീക്ഷ, പരീക്ഷ കഴിഞ്ഞാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് എന്നിങ്ങനെ മിനിമം കാര്യങ്ങള്‍ എങ്കിലും ഗ്യാരന്റി ചെയ്യുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് കേരളത്തില്‍ എത്ര വേണമെങ്കിലും സ്‌കോപ്പ് ഉണ്ട്. വിദ്യാഭ്യാസം (അഡ്മിഷന്‍ മുതല്‍ ഡിഗ്രി നല്‍കുന്നത് വരെ) കാര്യക്ഷമമായി നടക്കുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നാല്‍ കേരളത്തിലെ കോളേജുകളിലും സര്‍വ്വകലാശാലകളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ മൊത്തമായി കൂടുവിട്ടു കൂടുമാറും.
ഇത് സംഭവിക്കുമോ എന്നറിയില്ല. കേരളത്തിലെ ഹര്‍ത്താല്‍ സമര രീതികള്‍ ഒക്കെ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും നമുക്ക് ഒരു റെപ്യൂട്ടേഷന്‍ ലാഗ് ഉണ്ട്. ഇവിടെ എപ്പോഴും സമരവും കുഴപ്പവും ആണെന്നാണ് മറ്റുള്ളവര്‍ കരുതുന്നത്. പോരാത്തതിന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ വെല്ലൂരിലും ഭോപ്പാലിലും ഒക്കെ പോയി വി.ഐ.ടി. യില്‍ തന്നെ പഠിക്കുന്നുമുണ്ട്, അപ്പോള്‍ കേരളത്തിലേക്ക് കാംപസുമായി വന്നു തലവേദന ഉണ്ടാക്കേണ്ട എന്നവര്‍ കരുതാനും മതി.
വിദേശ സര്‍വ്വകലാശകള്‍ വന്നാലും വന്നില്ലെങ്കിലും, സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നാലും കേരളത്തില്‍ സര്‍വ്വകലാശാലകള്‍ മാറേണ്ട സമയം പണ്ടേ കഴിഞ്ഞു. വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുണ്ടാക്കിയ ആരോഗ്യ, കാര്‍ഷിക, മെഡിക്കല്‍, സാങ്കേതിക സര്‍വ്വകലാശാലകള്‍ എല്ലാം ചേര്‍ത്ത് ഒറ്റ യൂണിവേഴ്‌സിറ്റി ആക്കണം. തൊഴില്‍ കന്‌പോളത്തില്‍ ആവശ്യമുള്ള കോഴ്സുകളും സ്‌കില്ലുകളും പഠിപ്പിക്കണം. ആവശ്യമില്ലാത്തവ നിര്‍ത്തണം. കേരളത്തില്‍ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉള്ളവര്‍ക്ക് മറ്റ് ഏതൊരു സ്ഥാപനത്തിലും ഏതൊരു വിഷയവും ഓണ്‍ലൈന്‍ ആയും ക്ലാസില്‍ ഇരുന്നും പഠിക്കാനുള്ള ഫ്‌ലെക്‌സിബിലിറ്റി ഉണ്ടാകണം, പരീക്ഷ സമയത്ത് നടക്കണം, പരീക്ഷ കഴിഞ്ഞാല്‍ സമയത്തിന് റിസള്‍ട്ട് വരണം, സര്‍ട്ടിഫിക്കറ്റ് ലഭിക്കണം, വിദ്യാര്‍ത്ഥികളെ കുട്ടികകളായല്ലാതെ യങ്ങ് അഡള്‍ട്‌സ് ആയി കാണണം. ഇതൊന്നും ആസ്‌കിങ് ഫോര്‍ ടൂ മച്ച് ഒന്നുമല്ല.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍' എന്ന് എഴുതിയ മഹാന്റെ നൂറാമത് ചരമവാര്‍ഷികം ആണ്. ആ വരികള്‍ ഓര്‍ക്കാന്‍ പറ്റിയ സമയം കൂടിയാണ്.
.jpg)

