പിണറായിയുടെ ജനസമ്മിതിയോട് ഏറ്റുമുട്ടാന്‍ യുഡിഎഫില്‍ ഒരാള്‍ മാത്രം, പക്ഷെ മുഖ്യമന്ത്രിയാകാനില്ല

പിണറായിയുടെ ജനസമ്മിതിയോട് ഏറ്റുമുട്ടാന്‍ യുഡിഎഫില്‍ ഒരാള്‍ മാത്രം, പക്ഷെ മുഖ്യമന്ത്രിയാകാനില്ല

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടന്ന് ഒറ്റക്കെട്ടായി നിയമസഭാ പോരാട്ടത്തിനിറങ്ങാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

നേതൃത്വത്തിലെ പാളിച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും നേതൃതലത്തില്‍ മാറ്റം വരുത്തുന്നതും മറ്റൊന്നുകൊണ്ടുമല്ല.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസിനകത്തും യുഡിഎഫിനുള്ളിലും കൈയ്യടി നേടാനാകാത്തത് തെരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതിഫലിച്ചേക്കാം. അതുകൊണ്ടുതന്നെ ചെന്നിത്തലയെ രണ്ടാം നിരയിലേക്ക് മാറ്റി പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും യുഡിഎഫിന്റെ കടിഞ്ഞാണ്‍ കൈയ്യിലെടുക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കിടയില്‍ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്മിതിയായിരിക്കും യുഡിഎഫ് മറികടക്കേണ്ട പ്രധാന വെല്ലുവിളി. ഉമ്മന്‍ ചാണ്ടിക്കു മാത്രമേ പിണറായിയോട് കിടപിടിക്കുന്ന നേതൃത്വം കാഴ്ചവെക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും മറ്റൊന്നുകൊണ്ടുമല്ല.

ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നിട്ടുള്ള വികാരം. അതേസമയം, ഇനിയൊരു തവണകൂടി മുഖ്യമന്ത്രിയാകാന്‍ താന്‍ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഭരണം വീണ്ടെടുക്കുകയാണെങ്കില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍, ചെന്നിത്തലയെ മുന്‍നിര്‍ത്തി പ്രചരണം നടത്താന്‍ യുഡിഎഫിന് ധൈര്യമില്ല.

സോളാര്‍ ആരോപണത്തിന്റെ കരിനിഴല്‍ പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മിതിക്ക് കുറവുവന്നിട്ടില്ല. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന മുന്‍ മുഖ്യമന്ത്രിക്ക് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തോല്‍വി മറകടക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

The post പിണറായിയുടെ ജനസമ്മിതിയോട് ഏറ്റുമുട്ടാന്‍ യുഡിഎഫില്‍ ഒരാള്‍ മാത്രം, പക്ഷെ മുഖ്യമന്ത്രിയാകാനില്ല first appeared on Keralaonlinenews.