ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി, ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയ്ക്ക് വേണ്ടി ആര്‍പ്പുവിളിച്ച് പാക് താരങ്ങള്‍ ഗ്യാലറിയില്‍, എന്തൊരു നാണക്കേട്

asian champions trophy hockey
asian champions trophy hockey

ന്യൂഡല്‍ഹി: ഏഷ്യന്‍ ഹോക്കിയില്‍ ആധിപത്യം തുടരുന്ന ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് കഴിഞ്ഞ ദിവസമാണ്. സ്വന്തം രാജ്യത്ത് നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ടൂര്‍ണമെന്റിലെ ഒരു മത്സരത്തിലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ വിജയം.

ടൂര്‍ണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള ടീമായ ചൈന അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇക്കുറി പുറത്തെടുത്തത്. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മികവുറ്റ കളി കാഴ്ചവെച്ച അവര്‍ സെമിയില്‍ പാകിസ്ഥാനെ കീഴടക്കി. ഇന്ത്യയ്‌ക്കെതിരെ പ്രതിരോധ കോട്ടകെട്ടി പ്രത്യാക്രമണത്തിലൂടെ ജയിക്കുക എന്നതായിരുന്നു ചൈനയുടെ തന്ത്രം. നാലാം ക്വാര്‍ട്ടര്‍ വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ആതിഥേയര്‍ക്ക് ഇന്ത്യയുടെ കളിപരിചയത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ചൈനയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായ ഹുലുന്‍ബുയറില്‍ ഒഴുകിയെത്തിയ ചൈനീസ് ആരാധകരുടെ പിന്തുണയോടെയായിരുന്നു ഫൈനല്‍ വരെയുള്ള ടീമിന്റെ മുന്നേറ്റം. സെമിയില്‍ തോറ്റ പാകിസ്ഥാന്‍ ടീം ഫൈനല്‍ കാണാന്‍ ഗ്യാലറിയിലെത്തിയിരുന്നു. ചൈനയെ പിന്തുണയ്ക്കാനായാണ് പാക് ടീം എത്തിയത്. കളിക്കാരും പരിശീലക സംഘവും ചൈനീസ് പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ചില കളിക്കാരുടെ മുഖത്തും ചൈനീസ് പതാക വരച്ചിരുന്നു.

ദക്ഷിണകൊറിയയെ തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയത് പാകിസ്ഥാനാണെങ്കിലും പൂര്‍വകാല പ്രകടനത്തിന്റെ അടുത്തെങ്ങുമില്ലാത്ത കളിയാണ് അവര്‍ കാഴ്ചവെക്കുന്നത്. ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യയും പാകിസ്ഥാനും പ്രബലരായ രണ്ട് ടീമുകളാണ്. 2011, 2012, 2013 വര്‍ഷങ്ങളില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ആദ്യ മൂന്ന് എഡിഷനുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ നേടിയിരുന്നു. 2021-ല്‍ നാലാം സ്ഥാനത്തായി. 2023-ല്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ച് കിരീടങ്ങള്‍ നേടിയ ഇന്ത്യയാണ് കിരീട നേട്ടത്തില്‍ മുന്നില്‍.

1972 ന് ശേഷം ആദ്യമായി തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം. ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചൈനയെ 3-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ജപ്പാനെ 5-1നും മലേഷ്യയെ 8-1നും തകര്‍ത്തു. ദക്ഷിണ കൊറിയയെ 3-1 നും പാകിസ്ഥാനെ 2-1 നും മറികടന്ന ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയയെ 3-1 നും തോല്‍പ്പിച്ചു.

 

Tags