ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞ 10 ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളം, ഇതാ ആ സിനിമകള്‍


ദേശീയതലത്തില്‍ പോലും ശ്രദ്ധേയമായതും നിരൂപകപ്രശംസ പിടിച്ചുപറ്റിയതുമായ സിനിമകളാല്‍ സമ്പന്നമായിരുന്നു മലയാളം.
കൊച്ചി: 2024 മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ കാലഘട്ടമായിരുന്നു. പുറത്തിറങ്ങിയ പല സിനിമകളും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചു. ദേശീയതലത്തില്‍ പോലും ശ്രദ്ധേയമായതും നിരൂപകപ്രശംസ പിടിച്ചുപറ്റിയതുമായ സിനിമകളാല്‍ സമ്പന്നമായിരുന്നു മലയാളം. ഇപ്പോഴിതാ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞ ഇന്ത്യന്‍ സിനിമകളില്‍ 2 മലയാള സിനിമകളും ഇടംപിടിച്ചിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഏഴാം സ്ഥാനത്തും ആവേശം പത്താം സ്ഥാനത്തുമാണ് ഇടംനേടിയത്.
1. സ്ത്രീ 2
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഹൊറര്‍-കോമഡി സിനിമയായ സ്ത്രീയുടെ രണ്ടാംഭാഗം ബോളിവുഡ്ഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറിയത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ ഇത് കാണാം.
2. കല്‍ക്കി 2898 എ.ഡി
കല്‍ക്കി 2898 എഡി എന്ന നൂതന സാങ്കേതിക വിദ്യകളോട് കൂടിയ ഒരു ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ഇതിഹാസ മിത്തോളജിയും തീയേറ്ററുകളില്‍ തകര്‍ത്തോടി. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ ഒരു താരനിര തന്നെ ഇതിലുണ്ട്. ഡിസ്‌നി ഹോട്‌സ്റ്റാര്‍ ആണ് ഒടിടി റിലീസ്.

3. ട്വല്‍ത്ത് ഫെയില്‍
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, തീയേറ്ററിലെത്തിയ ട്വല്‍ത്ത് ഫെയില്‍ യുവപ്രേക്ഷകര്‍ ആവേശകരമായാണ് ഏറ്റെടുത്തത്. മുതിര്‍ന്ന ബോളിവുഡ് സംവിധായിക വിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രം ഐപിഎസ് നേടിയ മനോജ് കുമാര്‍ ശര്‍മ്മയെക്കുറിച്ചാണ്. വിക്രാന്ത് മാസിയാണ് നായകന്‍.
4. ലാപതാ ലേഡീസ്
കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ്, ഗ്രാമീണ ഇന്ത്യയുടെ പുതുകാഴ്ചയുടെ അനുഭവവുമായി പ്രേക്ഷകരുടെ കൈയ്യടി നേടി. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാണ് ഈ സിനിമ.
5. ഹനു-മാന്‍
തെലുങ്ക് സൂപ്പര്‍ഹീറോ ചിത്രമാണ് ഹനു-മാന്‍. പ്രതീക്ഷിച്ചതിലുമേറെ കളക്ഷന്‍ നേടാന്‍ ഈ സിനിമയ്ക്ക് സാധിച്ചു.
6. മഹാരാജ
വിജയ് സേതുപതിയും അനുരാഗ് കശ്യപും അഭിനയിച്ച ഗംഭീര സിനിമകളിലൊന്നാണ് മഹാരാജ. ചൈനയില്‍പോലും റെക്കോര്‍ഡിട്ട് ഈ സിനിമ മുന്നേറുകയാണ്.
7. മഞ്ഞുമ്മല്‍ ബോയ്‌സ്
ഇന്ത്യന്‍ പ്രേക്ഷകരെ അതിശയിപ്പിച്ച മലയാളം സിനിമയായ മഞ്ഞുമ്മേല്‍ ബോയ്‌സ് റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. സംഭവകഥ സിനിമയായപ്പോള്‍ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു.
8. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം
വിജയ് നായകനായെത്തിയ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് ഗൂഗിള്‍ തിരച്ചിലില്‍ എട്ടാം സ്ഥാനത്ത്.
9. സലാര്‍
പ്രഭാസ് നായകനായ സലാര്‍ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ പായ്ക്ക് എന്റര്‍ടെയ്നറാണ്.
10. ആവേശം
ഫഹദ് ഫാസിലിന്റെ എക്കാലത്തേയും മികച്ച ഹിറ്റു സിനിമയായിമാറിയ ആവേശം ദേശീയതലത്തിലും പ്രേക്ഷകരുടെ കൈയ്യടി നേടി.