അരിയിൽ ഷുക്കൂർ വധക്കേസ്; 14 വർഷത്തിന് ശേഷം രാഷ്ട്രീയ കേരളം കാത്തിരുന്ന സുപ്രധാന വിധി
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ 14 വർഷത്തിന് ശേഷം എറണാകുളം പ്രത്യേക സി.ബി.ഐ കോടതി സുപ്രധാന വിധി പ്രസ്താവിച്ചു.യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ വെറുതേ വിട്ടു. ഒന്നാം പ്രതി കെ.വി.സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു.
ഒന്നാം പ്രതി കെ.വി.സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി.മനോഹരൻ, 10–ാം പ്രതി എം.പി.ദിനേശൻ, 12–ാം പ്രതി ബിജുമോൻ,14–ാം പ്രതി ഇ.പി.രാധാകൃഷ്ണൻ, 15–ാം പ്രതി ഷിജിൻ മോഹൻ, 16–ാം പ്രതി കെ.വി.സജിത്, 25–ാം പ്രതി വി.വി.മോഹനൻ, 26–ാം പ്രതി എം.വി.പുരുഷോത്തമൻ, 27–ാം പ്രതി പി.കെ.അജിത് കുമാർ കുമാർ, 28–ാം പ്രതി പി.പി.സുരേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു.
രണ്ടാം പ്രതി പി.ഗണേശൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ.പ്രകാശൻ, ആറാം പ്രതി വി.ഉമേശൻ, എട്ടാം പ്രതി സി.ലതീഷ്, 11–ാം പ്രതി സി.എൻ മോഹനൻ, 13–ാം പ്രതി എൻ.നിധിൻ, 17–ാം പ്രതി സുധാകരൻ, 18–ാം പ്രതി എൻ.പി.നവീൻ, 19–ാം പ്രതി ശ്യാംജിത്, 21–ാം പ്രതി കെ.വി.ഷാജി, 22–ാം പ്രതി പ്രകാശൻ മുതുവാനി, 23–ാം പ്രതി അജയകുമാർ, 24–ാം പ്രതി പി.രാജീവൻ, 29–ാം പ്രതി കെ.ബാബു, 30–ാം പ്രതി യു.വി.വേണു, 32–ാം പ്രതി പി.ജയരാജൻ, 33–ാം പ്രതി ടി.വി.രാജേഷ് എന്നിവരെയാണ് വെറുതേ വിട്ടത്.
2012 ഫെബ്രുവരി 20-ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധി വരുന്നത്.
കേസിന്റെ പശ്ചാത്തലം:
2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് (MSF) പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ (24) കൊല്ലപ്പെട്ടത്. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പട്ടുവം അരിയിലിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി മണിക്കൂറുകൾക്കുള്ളിൽ കണ്ണപുരം കീഴറയിലെ ഒരു വയലിൽ വെച്ച് ഷുക്കൂറിനെ തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
അന്വേഷണവും നിയമപോരാട്ടവും:
ആദ്യം തളിപ്പറമ്പ് പൊലീസ് അന്വേഷിച്ച കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, കല്യാശ്ശേരി എം.എൽ.എ ആയിരുന്ന ടി.വി. രാജേഷ് എന്നിവർക്കെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും ചേർന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
എന്നാൽ, പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലും പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 33 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ വിടുതൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു.14 വർഷത്തോളം നീണ്ട വിചാരണയ്ക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കേസിൽ അന്തിമ തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന വിധിയാണിത്.
.jpg)

