ആരിഫ് ഖാന്‍ അവസരവാദിയും അധികാരമോഹിയും, 5 പാര്‍ട്ടികളിലേക്ക് കാലുമാറി, ഉടക്കിട്ട് പിരിഞ്ഞ ബിജെപിയിലേക്ക് തിരിച്ചെത്തി ഗവര്‍ണറായി


തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ ശ്രദ്ധേയവ്യക്തി. കേരള സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ നിര്‍ദ്ദേശിച്ചവരെ തെരഞ്ഞെടുത്തന്നെ ആരോപണത്തെ തുടര്‍ന്ന് എസ്എഫ്‌ഐയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് ഗവര്‍ണര്‍. കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും ഗവര്‍ണറും വാക്കുകള്‍ കൊണ്ട് കോര്‍ത്തപ്പോള്‍ എസ്എഫ്‌ഐയെ പരസ്യമായി വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നടപ്പ്.
tRootC1469263">കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തിയ ഗവര്‍ണര്‍ അവിടെയുള്ള ബാനറുകള്‍ അഴിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ സംസ്ഥാനത്തെ ക്യാമ്പസുകളിലെല്ലാം ഗവര്‍ണര്‍ക്കെതിരെ ബാനറുകളുയര്‍ത്തി എസ്എഫ്‌ഐ സമരം കടുപ്പിച്ചു. കോഴിക്കോടുനിന്നും മടങ്ങുന്നതിനിടെ മിഠായിത്തെരുവിലിറങ്ങിയ ഗവര്‍ണര്‍ ആള്‍ക്കൂട്ടത്തിലൂടെ നടന്നാണ് ഇതിന് മറുപടി നല്‍കിയത്.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റമുട്ടല്‍ രൂക്ഷമാകവെ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരവാദിയെന്ന് വിളിച്ചിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടിമാറി അധികാരത്തിലെത്താന്‍ ശ്രമിക്കാറുള്ള വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാലറിയാം. 5 രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ആരിഫ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം പുറത്തുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആരിഖ് ഖാന്റെ രാഷ്ട്രീയ കരിയറിന് തുടക്കമാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ 1951 നവംബര്‍ 18ന് ജയിച്ച അദ്ദേഹം ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അലിഗഡില്‍ നിന്നും ബിഎയും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും പാസായിട്ടുണ്ട്. എഎംയു സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ ആയിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയം.
അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ കടുത്ത ഇടതുപക്ഷ വിരുദ്ധ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയം തുടങ്ങുന്നത്. 1972-73 ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. ആദ്യകാലങ്ങളില്‍ സെന്റര്‍-റൈറ്റ് സ്ഥാപകനായ പൈലൂ മോഡിക്കൊപ്പം പ്രവര്‍ത്തിച്ചു. ഈ പാര്‍ട്ടിയെ ചൗധരി ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളില്‍ (ബികെഡി) ലയിപ്പിച്ചപ്പോള്‍ മോഡി തന്റെ അനുയായിയേയും തന്നോടൊപ്പം കൊണ്ടുപോയി. ബികെഡിയുടെ യുവജന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്ന ഖാന്‍, ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ബികെഡിയുടെ ചിഹ്നത്തില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1977-ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിര്‍ത്ത കോണ്‍ഗ്രസ് വിരുദ്ധരുടെ കൂട്ടായ്മയായ ജനതാ പാര്‍ട്ടിയിലെത്തി. ജനതാ പാര്‍ട്ടിക്കൊപ്പം അതേ സീറ്റില്‍ വീണ്ടും മത്സരിച്ച് വിജയിച്ചു.
പ്രത്യയശാസ്ത്രപരമായാണ് അദ്ദേഹത്തിന്റെ തുടക്കത്തിലുള്ള പാര്‍ട്ടിമാറ്റമെങ്കിലും പിന്നീടുള്ള കോണ്‍ഗ്രസിലേക്കുള്ള കാലുമാറ്റം നോക്കുമ്പോള്‍ അവസരവാദമാണെന്നുകാണാം. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നെങ്കിലും, 1978-ല്‍ അസംഗഢില്‍ കോണ്‍ഗ്രസിന്റെ മൊഹ്സിന കിദ്വായിക്ക് വേണ്ടി പ്രചാരണം നടത്തിയ ഖാന്‍ രണ്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980-ല്‍ കാണ്‍പൂരില്‍ നിന്നും 1984-ല്‍ ബഹ്റൈച്ചില്‍ നിന്നും ലോക്സഭാ സീറ്റുകളില്‍ വിജയിച്ചു.
മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം നല്‍കിയ സുപ്രീം കോടതിയുടെ ഷാ ബാനോ വിധി ഖാന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. പാര്‍ലമെന്റില്‍ വിധിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ആദ്യം ഖാനെ മന്ത്രിയാക്കി. എന്നാല്‍, മുസ്ലിം പുരോഹിതരുടെയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചു. സുപ്രിംകോടതി വിധിയെ എതിര്‍ക്കാന്‍ മറ്റൊരു മന്ത്രിയായ അന്‍സാരിയെ പാര്‍ലമെന്റില്‍ രംഗത്തിറക്കി, വിധി മാറ്റാന്‍ നിയമം കൊണ്ടുവരികയും ചെയ്തു.
മുസ്ലീം പരിഷ്‌കരണ വാദിയായ ഖാന്‍ ഇതോടെ കോണ്‍ഗ്രസുമായി അകന്നു. 1987ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ശേഷം ആരിഫ് മുഹമ്മദ് ഖാനും പാര്‍ട്ടി വിമതരായ അരുണ്‍ നെഹ്റു, വി സി ശുക്ല, വി പി സിംഗ് എന്നിവരും ചേര്‍ന്ന് സത്യപാല്‍ മാലിക്കിനൊപ്പം ജന്‍ മോര്‍ച്ച രൂപീകരിച്ചു. വി പി സിംഗ് പ്രധാനമന്ത്രിയായി. വി പി സിംഗ് സര്‍ക്കാര്‍ വീണതിന് ശേഷം ഖാന്‍ ബിഎസ്പിയില്‍ ചേര്‍ന്ന് അതിന്റെ ജനറല്‍ സെക്രട്ടറിയായി. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം, യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഎസ്പി ബിജെപിയുമായി കൈകോര്‍ക്കുമെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം ബിഎസ്പിയില്‍ നിന്ന് രാജിവച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം, ഖാന്‍ ബി.ജെ.പിയില്‍ ചേരുകയും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് സീറ്റില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം, യുപിയിലെ കളങ്കിതരായ നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്ന് ആരോപിച്ച് അദ്ദേഹം ബിജെപി വിട്ടു. മുത്തലാഖ് വിഷയത്തിലെ ബിജെപി നിലപാടാണ് വീണ്ടും പാര്‍ട്ടിയുമായി അടുക്കാന്‍ കാരണം. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി കേരള ഗവര്‍ണറുമാക്കി.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും കേന്ദ്രങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോണത്തിന്റെ മുള്‍മുനയിലാണ് ആരിഖ് ഖാന്‍. എസ്എഫ്‌ഐയുടെ കടുത്ത സമര പോരാട്ടമായിരിക്കും ഖാന്‍ നേരിടേണ്ടിവരിക. മുഖ്യമന്ത്രിക്കെതിരേയും എസ്എഫ്‌ഐയ്ക്ക് എതിരേയും കണ്ണൂരിനെതിരേയുമെല്ലാം ആരിഫ് ഖാന്‍ നടത്തിയ പരാമര്‍ശം ഇതിനകം വിവാദമായിട്ടുണ്ട്. ബിജെപി പൂര്‍ണ പിന്തുണയുമായി ഗവര്‍ണര്‍ക്കൊപ്പം നല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പരോക്ഷ പിന്തുണയും നല്‍കുന്നുണ്ട്.