അര്‍ജന്റീന ടീമില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ലാത്തത് എന്തുകൊണ്ട്? ഇതിന് പിന്നില്‍ അധികമാരും അറിയാത്ത ഒരു മോശം ചരിത്രമുണ്ട്

argentina team
argentina team

ദുബായ്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഇന്ന് സമാനതകളില്ലാത്ത വിജയക്കുതിപ്പിലാണ്. നാലു വര്‍ഷത്തിനിടെ ലോകകപ്പ് ഉള്‍പ്പെടെ നാല് കിരീടങ്ങള്‍ സ്വന്തമാക്കിയ മെസ്സിയും സംഘവും മറ്റേതൊരു രാജ്യവും കൊതിക്കുന്ന സ്വപ്‌നസമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കി. കിരീടമില്ലാതെ പതിറ്റാണ്ടുകള്‍ വിമര്‍ശനത്തിനിരയായ അര്‍ജന്റീനയാണ് ഇത്തവണയും കോപ്പ അമേരിക്ക ചാമ്പ്യന്മാര്‍.

tRootC1469263">

കോപ്പ ചാമ്പ്യന്മാരായശേഷം ടീമിലെ പ്രധാന കളിക്കാരിലൊരാളായ എന്‍സോ ഫെര്‍ണാണ്ടസ് വംശയവെറിയുള്ള ഗാനം ആലപിച്ചെന്ന പേരില്‍ വിവാദത്തിലാണ്. സംഭവത്തില്‍ എന്‍സോ പരസ്യമായി മാപ്പു പറഞ്ഞെങ്കിലും ഫിഫയും ചെല്‍സിയും താരത്തിനെതിരെ നടപടിയെടുത്തേക്കും.

യൂറോപ്പിലും ലാറ്റിനമേരിക്കയിലും എന്നുവേണ്ടി മിക്ക ഫുട്‌ബോള്‍ വമ്പന്മാരായ രാജ്യങ്ങളുടെ ദേശീയ ടീമിലും ആഫ്രിക്കന്‍ വംശജരുണ്ടാകും. എന്‍സോ വിവാദത്തിലാകുമ്പോള്‍ അര്‍ജന്റീനന്‍ ടീമില്‍ ആഫ്രിക്കന്‍ വംശജരില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യം വീണ്ടുമുയരുകയാണ്. അടിമകളായും കുടിയേറ്റക്കാരുമായി യൂറോപ്പിലും അമേരിക്കയിലുമെല്ലാം ആഫ്രിക്കക്കാര്‍ എത്തിയതുപോലെ അര്‍ജന്റീനയില്‍ എന്തുകൊണ്ട് ഇവരില്ല എന്നത് പലരേയും അമ്പരപ്പിക്കുന്നതാണ്.

നിലവിലെ അര്‍ജന്റീനന്‍ ടീമില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അവര്‍ ജനസംഖ്യയില്‍ വളരെ കുറവാണെന്നാകും അര്‍ജന്റീനക്കാര്‍ നല്‍കുന്ന ഉത്തരം. അര്‍ജന്റീനയിലെ 46 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 1,50,000 ആഫ്രിക്കന്‍ വംശജര്‍ മാത്രമേ ഉള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരുകാലത്ത് രാജ്യത്തെ മൂന്നില്‍ ഒന്നുപേരും ആഫ്രിക്കന്‍ വംശജരായിരുന്നെങ്കില്‍ ഇന്ന് അവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

അര്‍ജന്റീനയിലെ ആഫ്രിക്കന്‍ വംശജരുടെ എണ്ണം കുറഞ്ഞതിന് പല കാരണങ്ങളുണ്ട്. മറ്റെല്ലാ അമേരിക്കന്‍ രാജ്യങ്ങളിലേക്കും എന്നപോലെ അര്‍ജന്റീനയിലേക്കും ആഫ്രിക്കക്കാരെ അടിമകളായി എത്തിച്ചിരുന്നു. അടിമകളാക്കിയ ആഫ്രിക്കക്കാര്‍ 1587 ല്‍ ബ്രസീല്‍ വഴിയാണ് ബ്യൂണസ് അയേഴ്‌സില്‍ എത്തുന്നത്. 1580 മുതല്‍ 1640 വരെ ബ്യൂണസ് അയേഴ്‌സിലെ പ്രധാന വാണിജ്യ പ്രവര്‍ത്തനമായിരുന്നു അടിമക്കച്ചവടം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇവിടുത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് കറുത്തവര്‍ഗ്ഗക്കാരായിരുന്നു. സാന്റിയാഗോ ഡെല്‍ എസ്റ്റെറോ, കാറ്റമാര്‍ക്ക, സാള്‍ട്ട, കോര്‍ഡോബ എന്നിവയുള്‍പ്പെടെ ചില പ്രവിശ്യകളില്‍ കറുത്തവര്‍ഗ്ഗക്കാരായിരുന്നു ജനസംഖ്യയുടെ പകുതിയും.

1850-കളില്‍ അര്‍ജന്റീനിയന്‍ തത്ത്വചിന്തകനും നയതന്ത്രജ്ഞനുമായ ജുവാന്‍ ബൗട്ടിസ്റ്റ അല്‍ബെര്‍ഡി വെള്ളക്കാരുടെ യൂറോപ്യന്‍ കുടിയേറ്റത്തെ രാജ്യത്തേക്ക് പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് ആഫ്രിക്കക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതെന്നുപറയാം. പിന്നീടുവന്ന അര്‍ജന്റീനന്‍ പ്രസിഡന്റുമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആഫ്രിക്കക്കാരെ രാജ്യത്തുനിന്നും എങ്ങിനെയെങ്കിലും ഒഴിവാക്കുക എന്നതായിരുന്നു.

അര്‍ജന്റീനന്‍ സൈന്യത്തിലെ ഭൂരിഭാഗംപേരും അക്കാലത്ത് ആഫ്രിക്കന്‍ വംശജരായിരുന്നു. തുടര്‍ച്ചയായുണ്ടായ യുദ്ധങ്ങളില്‍ ഇവരില്‍ ഭൂരിഭാഗംപേര്‍ക്കും ജീവന്‍ നഷ്ടമായി. 1853 വരെ, അടിമ ഉടമകള്‍ അവരുടെ 40 ശതമാനം അടിമകളെ സൈനിക സേവനത്തിന് വിട്ടുകൊടുക്കണമെന്ന് നിയമമുണ്ടായിരുന്നു. രാജ്യത്തിന്റെ യുദ്ധങ്ങളില്‍ ആഫ്രോ-അര്‍ജന്റീനക്കാര്‍ പോരാടി.

ജനറല്‍ ജോസ് സാന്‍ മാര്‍ട്ടിന്റെ ആന്‍ഡീസിലെ സൈന്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കറുത്തവര്‍ഗ്ഗക്കാരായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ആന്‍ഡീസ് യുദ്ധത്തില്‍ പങ്കെടുത്ത 2,500 കറുത്ത സൈനികരില്‍ 143 പേര്‍ മാത്രമാണ് രക്ഷപ്പെട്ട് അര്‍ജന്റീനയിലേക്ക് മടങ്ങിയത്. 1865-1870 കാലഘട്ടത്തില്‍ പരാഗ്വേയ്ക്കെതിരായ യുദ്ധവും രാജ്യത്തെ കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു. അര്‍ജന്റീനയിലെ ആഫ്രിക്കന്‍ വിരോധത്തെ തുടര്‍ന്ന് ഒട്ടേറെപേര്‍ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. 1871-ല്‍ ബ്യൂണസ് അയേഴ്‌സില്‍ യെല്ലോ ഫീവര്‍ പടര്‍ന്നുപിടിച്ചതും ആഫ്രിക്കന്‍ വംശജരുടെ ഉന്മൂലനത്തിന് ഒരു കാരണമാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, അന്നത്തെ പ്രസിഡന്റ് ഡൊമിംഗോ ഫൗസ്റ്റിനോ സാര്‍മിയന്റോ 20 വര്‍ഷംകൊണ്ട് ആഫ്രിക്കക്കാരെ ഇല്ലാതാക്കും എന്ന് പ്രസ്താവിച്ചു. 1989 മുതല്‍ 1999 വരെ രാജ്യത്തെ നയിച്ച മറ്റൊരു അര്‍ജന്റീന പ്രസിഡന്റായ കാര്‍ലോസ് മെനെവും ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നിലകൊണ്ടു. അവരെ ദേശീയ സെന്‍സസില്‍നിന്നുപോലും ഒഴിവാക്കി.

രാജ്യത്തെ സര്‍ക്കാരിന്റെ നിലപാടുകള്‍ അര്‍ജന്റീനയിലെ വെള്ളക്കാരായ യൂറോപ്യന്‍ ജനസംഖ്യയില്‍ വലിയ വര്‍ധനയ്ക്ക് കാരണമായി. ആഫ്രോ-അര്‍ജന്റീനിയന്‍ പൗരന്മാരില്‍ രാജ്യം ഗണ്യമായ ഇടിവ് കണ്ടു.

ഒട്ടേറെ നാസികള്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അര്‍ജന്റീനയില്‍ അഭയം തേടിയിട്ടുണ്ട്. പ്രസിഡന്റ് ജുവാന്‍ പെറോണ്‍ തന്റെ രാജ്യത്തിന് മൂല്യമുള്ളതായി കരുതുന്ന പ്രത്യേക സൈനിക സാങ്കേതിക വൈദഗ്ധ്യമുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനാല്‍ നാസികള്‍ക്ക് അവസരങ്ങള്‍ ഏറെയായിരുന്നു. നാസികളുടെ സങ്കേതമെന്ന ഖ്യാതിയെ ന്യായീകരിച്ചുകൊണ്ട് മറ്റേതൊരു തെക്കേ അമേരിക്കന്‍ രാജ്യത്തേക്കാളും അയ്യായിരത്തോളം നാസി യുദ്ധക്കുറ്റവാളികള്‍ അര്‍ജന്റീനയിലേക്ക് താമസം മാറിയതായി കണക്കാക്കപ്പെടുന്നു.

അര്‍ജന്റീനയിലെ കറുത്തവര്‍ഗ്ഗക്കാരുടെ നാശം സ്വാഭാവികമായി ഉണ്ടായതല്ല. മറിച്ച്, അവരെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ നയിച്ചവര്‍ തീരുമാനിച്ചതിലൂടെ സംഭവിച്ചതാണ്. ശേഷിക്കുന്ന ആഫ്രിക്കന്‍ വംശജര്‍ക്ക് ഇന്നും അര്‍ജന്റീനയില്‍ പൗരനെന്ന നിലയിലുള്ള പൊതുസ്വാതന്ത്ര്യം കുറവാണ്. അതുകൊണ്ടുതന്നെ ദേശീയ ടീമുകളിലും മറ്റും ആഫ്രിക്കന്‍ വംശജരെ ഉള്‍പ്പെടുത്താന്‍ അര്‍ജന്റീനക്കാര്‍ മടികാണിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

Tags