ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം; ഡിജിപിയ്ക്കും എഡിജിപി ഉൾപ്പെടെയുള്ളവർക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് രണ്ടാഴ്ചയ്ക്കകം ഉത്തരവ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ബോഡി ബിൽഡർമാരെ ഇൻസ്‌പെക്ടർമാരായി നിയമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് രണ്ടാഴ്ചക്കുള്ളിൽ അനുമതി നൽകാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി.
സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ കെ എം ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജ് ബദറുദ്ദീൻ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പരാതിക്കാരൻ്റെ വാദത്തിൽ കഴമ്പില്ലന്ന് ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ ഹർജിക്കാരൻ്റെ അഭിഭാഷകൻ ആയുധമാക്കിയത് വിജിലൻസ് എസ് പി ജുവനപുഡി മഹേഷ് ഹൈകോടതി മുൻപാകെ ഹാജരാക്കിയ റിപ്പോർട്ടായിരുന്നു.
ഈ റിപ്പോർട്ടിൽ ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടെങ്കിലും രണ്ട് ബോഡി ബിൽഡർമാരെ പൊലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാൻ അനുവദിക്കണമെന്ന് പൊലീസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യത്തിൽ, അഡ്വ കെ എം ഷാജഹാൻ്റെ പരാതി ലഭിക്കും മുൻപ് തന്നെ, മാനദണ്ഡങ്ങൾ ലംഘിച്ച് സ്പോർട്സ് ക്വാട്ടയിൽ രണ്ട് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിന് പ്രത്യേക ശാരീരിക പരിശോധന നടത്തുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ, വിജിലൻസ് ഡയറക്ടറുടെ 26.02.2026 ലെ ഉത്തരവ് പ്രകാരം ഒരു രഹസ്യ പരിശോധനയ്ക്ക് ഉത്തരവിട്ടതായും വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സതേൺ റേഞ്ചിലെ വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോയിലെ പൊലീസ് ഇൻസ്പെക്ടർ ശ്രീ. നിസാം ആയിരുന്നു അന്വേഷണ ഉദ്ദ്യോഗസ്ഥൻ.

അഴിമതി നിരോധന നിയമത്തിലെ 17A പ്രകാരം മുൻകൂർ അനുമതി നേടിയ ശേഷം, ബോഡി ബിൽഡർമാരായ ശ്രീ. നടേശൻ, ശ്രീ. ഷിനു ചൊവ്വ എന്നിവരെ ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിലും, ഇതിനായുളള ശാരീരിക കാര്യക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും നടത്തിയതിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കാനും, തയ്യാറാണ് എന്നാണ് വിജിലൻസ് എസ് പി കോടതി മുൻപാകെ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനായി പരാതിക്കാരനായ അഡ്വ. കെ. എം. ഷാജഹാൻ 21.04.2026 ന് വിജിലൻസ് ഡയറക്ടറേറ്റിന് സമർപ്പിച്ച പരാതിയും തെളിവുകളും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി 23.04.2026 ന് വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ചതായും എസ്.പിയുടെ റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്തുന്നതിന് സർക്കാരിൽ നിന്ന് 2018 ലെ അഴിമതി നിരോധന നിയമത്തിലെ 174 വകുപ്പ് പ്രകാരം മുൻകൂർ അനുമതി ആവശ്യമായതിനാലാണ് വിജിലൻസ് ഡയറക്ടറേറ്റ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയിരിക്കുന്നത് .
ഈ അനുമതി ലഭിച്ച ശേഷം, ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് എസ്. പി യുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതോടെയാണ് സർക്കാർ അഭിഭാഷകൻ വെട്ടിലായി പോയിരുന്നത്. നേരത്തെ ഈ റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ ഫയൽ ചെയ്തിരുന്നു എങ്കിലും കോടതി മുൻപാകെ ഹാജരാക്കാതെ, ഹർജിക്കാരൻ്റെ പരാതി നിലനിൽക്കില്ലന്ന ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്.
ആ റിപ്പോർട്ടിൽ ഹർജിക്കാരൻ "മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും യാതൊരു മെറിറ്റുമില്ലാത്തതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും, ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ എല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമാണ് അവകാശപ്പെട്ടിരുന്നത്.
ഈ റിപ്പോർട്ടിലെ വാദത്തെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. തുടർന്നാണ് വിജിലൻസ് എസ് പി യുടെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്ത് രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് അന്വേഷണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യം ചെയ്താണ് കെ എം ഷാജഹാൻ വിജിലൻസ് ഡയറക്ടർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നത്. ഇതിനു ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
നിയമനവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ രേഖകൾ ഇപ്പോൾ കോടതി മുൻപാകെയാണ് ഉള്ളത്.
മുൻപുണ്ടായിരുന്ന സെലക്ഷൻ ബോർഡിനെ മാറ്റി സെൻട്രൽ സ്പോട്സ് ഓഫീസർ ചുമതല എഡിജിപി എസ് ശ്രീജിത്തിന് നൽകിയാണ് നിയമന നടപടികളുമായി കഴിഞ്ഞ പിണറായി സർക്കാർ മുന്നോട്ട് പോയിരുന്നത്.
ഈ സെലക്ഷൻ ബോർഡിൻ്റെ കൺവീനർ എസ് പി റാങ്കിലുള്ള കമാൻഡൻ്റ് സോളമനായിരുന്നു. ഡിഐജി ചാർജുള്ള ഐപിഎസ് ഓഫീസർ ആനന്ദിനെ സെലക്ഷൻ ബോർഡിലെ വെറും മെമ്പർ ആക്കി ഒതുക്കി നിർത്തിയതും വിജിലൻസിന് തന്നെ ഏറെ സംശയത്തിനിട നൽകിയിരുന്നു.
ആദ്യത്തെ ബോർഡ് എന്തിന് മാറ്റി ? എഡിജിപി ബറ്റാലിയനെ മാറ്റി എഡിജിപി അഡ്മിനിസ്‌ട്രേഷൻ ആയിരുന്ന ശ്രീജിത്തിനെ ഈ ചുമതലയിൽ നിയമിച്ചത് എന്തിന് എന്ന ചോദ്യവും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത ഷിനു ചൊവ്വയാണ് തോറ്റിരുന്നത്. ചിത്തരേശ് നടേശനാകട്ടെ പങ്കെടുത്തിരുന്നുമില്ല.
വീണ്ടും റീടെസ്റ്റ് നടത്തന്നമെന് ആവശ്യപ്പെട്ട ഷിനു ചൊവ്വയും ചിത്തരേശ് പരാതി നൽകിയപ്പോൾ ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് ശക്തമായി എതിർത്തിരുന്നു.

എന്നാൽ റീടെസ്റ്റ് നടത്താതെ തന്നെ നിയമനം നടത്താം എന്നാണ് അഡ്മിനിസ്ട്രേഷൻ എഡിജിപി ഫയലിൽ എഴുതിയിരുന്നത്. ഈ ഫയലിലാണ് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറും ഒപ്പിട്ടിരുന്നത്. മുൻ ഡിജിപി ദർവേഷ് സാഹിബ് ഇട്ട ഉത്തരവിന് വിരുദ്ധമായ നടപടിയാണിത്.
ഇതിന് മുൻപ് തന്നെ ഷിനു ചൊവ്വയെയും ചിത്തരേശ് നടേശനെയും ഇൻസ്‌പെക്ടർമാരായി നിയമിച്ച് ഇടതുപക്ഷ സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ജൂൺ 16 ന് ആണ് നിയമന ഉത്തരവ് നൽകിയിരുന്നത്.

എന്നാൽ ഇതിനിടെ ഭരണമാറ്റം സംഭവിച്ചതോടെ, തനിക്ക് ലഭിച്ച പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഷിനു ചൊവ്വയുടെ പരിശീലനം തടയുകയാണ് ഉണ്ടായത്. ഷിനു ചൊവ്വയ്ക്ക് ഇൻസ്പെക്ടർ നിയമനം ഉറപ്പിച്ച് നൽകാൻ ഒരു 'ഡമ്മി' റോളിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥനായ ചിത്തരേശ് നടേശൻ രംഗപ്രവേശനം ചെയ്തത് എന്ന ആരോപണവും നിലവിലുണ്ട്.

.jpg)

