ഇനി ഏത് മഷിയിലും അപേക്ഷ എഴുതാം; സർക്കാർ ഓഫീസുകളിൽ പച്ചയും ചുവപ്പുമെല്ലാം ഓക്കെ
നീല, കറുപ്പ്, പച്ച, ചുവപ്പ് തുടങ്ങി വായിക്കാൻ സാധിക്കുന്ന ഏത് നിറത്തിലുള്ള മഷി ഉപയോഗിച്ചും തയ്യാറാക്കുന്ന അപേക്ഷകൾ സ്വീകരിക്കാൻ സർക്കാർ ഓഫീസുകൾ ബാധ്യസ്ഥരാണ്
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾ എഴുതാൻ ഇനി ഏത് നിറത്തിലുള്ള മഷിയും ഉപയോഗിക്കാം. അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക നിറത്തിലുള്ള മഷി തന്നെ വേണമെന്ന തരത്തിലുള്ള യാതൊരുവിധ നിയമമോ സർക്കാർ ഉത്തരവുകളോ നിലവിലില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിരിക്കുകയാണ്.
നീല, കറുപ്പ്, പച്ച, ചുവപ്പ് തുടങ്ങി വായിക്കാൻ സാധിക്കുന്ന ഏത് നിറത്തിലുള്ള മഷി ഉപയോഗിച്ചും തയ്യാറാക്കുന്ന അപേക്ഷകൾ സ്വീകരിക്കാൻ സർക്കാർ ഓഫീസുകൾ ബാധ്യസ്ഥരാണ് എന്നാണ് ഇതോടെ സർക്കാർ വ്യക്തത വരുത്തിയിരിക്കുന്നത്.
അപേക്ഷയുടെ സാധുത നിർണയിക്കുന്നത് മഷിയുടെ നിറമല്ല, മറിച്ച് അതിലെ ഉള്ളടക്കമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അപേക്ഷയിലെ വിവരങ്ങളുടെ വ്യക്തത, പൂർണത, ആവശ്യമായ അനുബന്ധ രേഖകൾ, നിയമപരമായ യോഗ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനാൽ, വായിക്കാൻ വ്യക്തമായ രീതിയിൽ തയ്യാറാക്കിയ അപേക്ഷകൾ മഷിയുടെ നിറം ചൂണ്ടിക്കാട്ടി നിരസിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും സർക്കാർ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അപേക്ഷകൾ പരിശോധിക്കുന്നതിലെ തടസ്സങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തിരുത്തലുകൾ, മായ്ച്ചെഴുത്ത്, വായിക്കാൻ കഴിയാത്ത കൈയക്ഷരം തുടങ്ങിയവ അപേക്ഷയുടെ പരിശോധനയെ ബാധിച്ചേക്കാം.
മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നത് അപേക്ഷ നിരസിക്കാനുള്ള കാരണമാകില്ലെന്ന് ഭരണകൂടം ഓർമ്മിപ്പിക്കുമ്പോഴും, സാങ്കേതികമായും പ്രായോഗികമായും നീല അല്ലെങ്കിൽ കറുപ്പ് മഷി ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നതിൽ യാതൊരു തർക്കവും ഇല്ല. ഡിജിറ്റൈസ് ചെയ്യാനും ഔദ്യോഗിക ഫയലുകളിൽ സൂക്ഷിക്കാനും കൂടുതൽ പ്രായോഗികം നീലയോ കറുപ്പോ മഷി തന്നെയാണ്.
.jpg)

