പുതിയ രാഷ്ട്രീയ പാര്‍ട്ടി, അണ്ണാമലൈയെ മുന്‍നിര്‍ത്തി ബിജെപി നീക്കമോ, വിജയ് മോഡലില്‍ തമിഴ്‌നാട് പിടിക്കാന്‍ അമിത് ഷായുടെ തന്ത്രമെന്ന് സൂചന

annamalai amit shah

അണ്ണാമലൈ ഡല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പുതിയ സംഘടന രൂപീകരിച്ചത്. മന്ത്രി അമിത് ഷാ, ബി.എല്‍. സന്തോഷ് തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ന്യൂഡല്‍ഹി: ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവച്ച് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്.

'വീ ദ ലീഡേഴ്‌സ്' എന്ന പേരിലുള്ള രാഷ്ട്രീയ മൂവ്‌മെന്റിലൂടെ മുഖ്യ പ്രതിപക്ഷമാകാനുള്ള ശ്രമത്തിലാണ് അണ്ണാമലൈ. ഇത് പൂര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിയായി മാറി അടുത്ത തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഘടന രൂപീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ മൂവ്‌മെന്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അണ്ണാമലൈ ഡല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പുതിയ സംഘടന രൂപീകരിച്ചത്. മന്ത്രി അമിത് ഷാ, ബി.എല്‍. സന്തോഷ് തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അണ്ണാമലൈയുടെ പ്രഖ്യാപനത്തില്‍ ബിജെപിയോടുള്ള നന്ദി പ്രകടിപ്പിച്ചെങ്കിലും, 18 മാസമായി പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് രാജിയെന്ന് വ്യക്തമാക്കി.

അണ്ണാമലൈയുടെ ഇപ്പോഴത്തെ നീക്കം ബിജെപിക്കുവേണ്ടിയാണെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. ബിജെപിയുമായുള്ളത് യഥാര്‍ത്ഥ വേര്‍പിരിയലല്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജി സ്വീകരിച്ച ഉടനെ അമിത് ഷായുമായുള്ള കൂടിക്കാഴ്ച അസാധാരണമാണ്. ബിജെപി തമിഴ്നാട്ടില്‍ 'നോര്‍ത്ത് ഇന്ത്യന്‍ പാര്‍ട്ടി' എന്ന ലേബല്‍ മറികടക്കാന്‍ ബുദ്ധിമുട്ടുകയാണ്. അണ്ണാമലൈയെ 'സ്വതന്ത്ര' തമിഴ് നേതാവായി മാറ്റി, തമിഴ് അഭിമാനവും ദേശീയ ഔട്ട്ലുക്കും ഉള്ള ഒരു ബദല്‍ ഉയര്‍ത്തി ബിജെപി പിന്നീട് ഒപ്പം ചേരാനുള്ള ഒരു തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ബിജെപി നേതാക്കള്‍ രാജിയെ 'വലിയ നഷ്ടമല്ല' എന്ന നിലപാട് സ്വീകരിക്കുന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അണ്ണാമലൈയുടെ മൂവ്‌മെന്റ് വിജയിയുടെ രാഷ്ട്രീയ മോഡല്‍ പിന്തുടരുന്നതായും വിലയിരുത്തലുണ്ട്. 2031ലെ അസംബ്ലി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം.

അണ്ണാമലൈയുടെ ജനപ്രിയതയും ഓര്‍ഗനൈസേഷണല്‍ സ്‌കില്ലും ഈ മൂവ്‌മെന്റിന് ശക്തി പകരുമെങ്കിലും, ദ്രാവിഡ മണ്ണിലെ ദീര്‍ഘകാല വിജയം എളുപ്പമല്ല. ബിജെപി ഒപ്പം ചേര്‍ന്നാല്‍ ജനങ്ങള്‍ കൈയ്യൊഴിയുകയും ചെയ്യും. അതുകൊണ്ടുതന്നെ അണ്ണാമലൈയുടെ നീക്കം വിജയിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

Tags