കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അടിമുടി ദുരൂഹത, വിവരം മാസങ്ങളോളം പുറത്തുപറയാതിരുന്നത് എന്തിന്?, അതിസുരക്ഷ ഭേദിച്ച് പുറത്തുനിന്നുള്ള ആള്‍ എങ്ങിനെ ഉള്ളിലെത്തും?

kowdiar palace robbery

കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ആണ് പോലീസില്‍ പരാതിയുമായി എത്തിയത്. പോലീസിന് വിശദമായ പരാതി നല്‍കിയെങ്കിലും പരസ്യ പ്രതികരണം നല്‍കാന്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ ദുരൂഹതയേറുന്നു. 2025 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടന്ന മോഷണത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്.

കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ആണ് പോലീസില്‍ പരാതിയുമായി എത്തിയത്. പോലീസിന് വിശദമായ പരാതി നല്‍കിയെങ്കിലും പരസ്യ പ്രതികരണം നല്‍കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

tRootC1469263">

നൂറിലേറെ മുറികളുള്ള, നാല് രാജകുടുംബങ്ങള്‍ താമസിക്കുന്ന, 40-ലധികം ജീവനക്കാരുള്ള, സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും നിറഞ്ഞ അതീവ സുരക്ഷിത സ്ഥലമാണ് കവടിയാര്‍ കൊട്ടാരം.

പുറത്തുനിന്ന് ആരും കയറിയിറങ്ങാന്‍ സാധ്യമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്നത് രണ്ടാം നിലയിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ ബെഡ്‌റൂമിലെ ഇരുമ്പ് അലമാരയിലെ ലോക്കര്‍ തുറന്നാണ്. അതുകൊണ്ടുതന്നെ കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് കരുതുന്നു.

മോഷണം ഒറ്റത്തവണയല്ല, ഒന്നിലധികം തവണ നടന്നിരിക്കാമെന്നും സൂചനയുണ്ട്. ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ കഴിഞ്ഞതിനാല്‍ തെളിവു ശേഖരണം എളുപ്പമല്ല.

ഏതാണ്ട് 2 കോടി രൂപയിലേറെ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം (3 പവന്‍), കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വള (4 പവന്‍), 2 സ്വര്‍ണ പിരിവള (3 പവന്‍), പിരിമാല (2.5 പവന്‍), സ്വര്‍ണ കുഴിമിന്നുമാല (5 പവന്‍), രത്‌നക്കല്ലുകള്‍ (റൂബി, ഡയമണ്ട്) പതിച്ച 2 ഒഴുക്കന്‍ വള (6 പവന്‍), പദ്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കമടങ്ങിയ മാല (1 പവന്‍), പച്ചക്കല്ല് പതിച്ച നാഗപട മാല, കമ്മല്‍, പതക്കം, പച്ചക്കല്ല് പതിച്ച മാലയും പതക്കവും (1 ലക്ഷം രൂപ മൂല്യം), 2 പവന്‍, 5 സ്വര്‍ണ നാണയങ്ങള്‍ (കുതിരപ്പവന്‍ നാണയം).  

ജീവനക്കാര്‍, സന്ദര്‍ശകര്‍, യൂട്യൂബര്‍മാര്‍ വരെ സംശയനിഴലിലാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ സന്ദര്‍ശകരുടെയും പട്ടിക തയാറാക്കി ചോദ്യം ചെയ്യല്‍ ആരംഭിച്ചുകഴിഞ്ഞു. 40 ലധികം ജീവനക്കാരെയും ചോദ്യം ചെയ്യും.

അതീവ സുരക്ഷയുള്ള കൊട്ടാരത്തില്‍ പുറത്തുള്ളൊരാള്‍ക്ക് പ്രവേശനം അസാധ്യമാണ്. അലമാരയുടെ ഒരുഭാഗത്ത് മാത്രം തുറന്ന് ആഭരണമെടുത്തത് കൂടുതല്‍ സംശയത്തിനിടയാക്കുന്നു.

പോലീസ് കമ്മീഷണര്‍ പറയുന്നത് കൊട്ടാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ്. മാസങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതിയെ പിടികൂടുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
 

Tags