കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലെല്ലാം അമിത് ഷായ്ക്കും ഭാര്യയ്ക്കും കോടിക്കണക്കിന് രൂപയുടെ വന്‍ നിക്ഷേപം, അഞ്ചു വര്‍ഷം കൊണ്ട് സമ്പത്ത് ഇരട്ടിയിലേറെയായി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ചിലത് ഉള്‍പ്പെടെ ഏകദേശം 180 കമ്പനികളില്‍ തനിക്ക് ഓഹരിയുണ്ടെന്ന് വെളിപ്പെടുത്തി. ഭാര്യ സോണലിന് 80ഓളം കമ്പനികളില്‍ ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ, റിലയന്‍സ്, അദാനി ഗ്രൂപ്പ്, വേദാന്ത, ബജാജ്, ബിര്‍ള തുടങ്ങി രാജ്യത്തെ പ്രമുഖ കോര്‍പറേറ്റ് ഗ്രൂപ്പുകളിലെല്ലാം അമിത് ഷായ്ക്കും ഭാര്യയ്ക്കും നിക്ഷേപമുള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മലയാള മനോരമ കുടുംബത്തിന്റെ ടയര്‍ കമ്പനിയായ എംആര്‍എഫ് അടക്കം 10 കമ്പനികളില്‍ ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം അമിത് ഷായ്ക്കും ഭാര്യയ്ക്കുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ അമിത് ഷായുടെയും ഭാര്യയുടെയും സ്വത്തുക്കള്‍ ഇരട്ടിയിലേറെയായി വര്‍ധിക്കുകയും ചെയ്തു. 30.49 കോടി രൂപയില്‍ നിന്ന് 65.7 കോടി രൂപയാണ് സ്വത്ത് കൂടിയത്.
നിലവില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അമിത് ഷായുടെ വെളിപ്പെടുത്തല്‍ അനുസരിച്ച്, ഇക്വിറ്റി പോര്‍ട്ട്ഫോളിയോയുടെ വിപണി മൂല്യം ഏകദേശം 17.46 കോടി രൂപയും ഭാര്യയുടേത് ഏകദേശം 20 കോടി രൂപയുമാണ്.
പൊതുമേഖലാ ബാങ്ക് ഓഹരിയായ കാനറ ബാങ്കാണ് അവരുടെ ഏറ്റവും വലിയ നിക്ഷേപം. സോണാല്‍ ഷായുടെ ഉടമസ്ഥതയിലുള്ള 50,000 ഓഹരികള്‍ക്ക് ഏകദേശം 2.96 കോടി രൂപയും അമിത് ഷായുടെ ഓഹരി മൂല്യം 7.25 ലക്ഷം രൂപയുമാണ്.

പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അവരുടെ രണ്ടാമത്തെ വലിയ ഹോള്‍ഡിംഗ് ആണ്. ഇരുവര്‍ക്കും ഏകദേശം ആകെ 1.9 കോടി രൂപ മൂല്യമുള്ള നിക്ഷേപമുണ്ട്. കരൂര്‍ വൈശ്യ ബാങ്കിന്റെ 1.9 കോടി രൂപ വിലമതിക്കുന്ന ഒരു ലക്ഷം ഓഹരികള്‍ സോണലിന്റെ പേരിലാണ്. ഏകദേശം 1.79 കോടി രൂപയാണ് ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സില്‍ സോണലിന്റെ ഓഹരി.
ലക്ഷ്മി മെഷീന്‍ വര്‍ക്ക്സ് സോണലിന്റെ ഏറ്റവും വലിയ ഹോള്‍ഡിംഗുകളില്‍ ഒന്നാണ്, 1.75 കോടി രൂപയാണ് അവരുടെ നിക്ഷേപം. ഏകദേശം 1.35 കോടി രൂപയുടെ ഓഹരി എഫ്എംസിജി യില്‍ അമിത് ഷായ്ക്കുണ്ട്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്റ്റോക്കായ എംആര്‍എഫില്‍ അമിത് ഷായ്ക്ക് ഏകദേശം 1.29 കോടി രൂപ വിലമതിക്കുന്ന 100 ഓഹരികളുണ്ട്. ഏകദേശം 1.22 കോടി രൂപ വിലമതിക്കുന്ന ഭാരതി എയര്‍ടെല്‍ ഓഹരികളാണ് സോണലിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു നിക്ഷേപം.
1.07 കോടി രൂപയുടെ ഓഹരി കോള്‍ഗേറ്റ്-പാമോലിവ് (ഇന്ത്യ) യില്‍ അമിത് ഷായ്ക്കുണ്ട്. സണ്‍ ഫാര്‍മയിലെ സോണലിന്റെ ഓഹരി മൂല്യം ഒരു കോടി രൂപയിലേറെയാണ്.
ഐടിസി, വിഐപി ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍, കമ്മിന്‍സ് ഇന്ത്യ, കന്‍സായി നെറോലാക് പെയിന്റ്‌സ് എന്നിവയാണ് മറ്റ് പ്രധാന നിക്ഷേപങ്ങള്‍. നിക്ഷേപത്തിനായി അമിത് ഷാ ബാങ്കിംഗ്, എഫ്എംസിജി ഓഹരികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.