സഞ്ജുവിന് പ്രായമായി, ഇനി ടി20 ലോകകപ്പ് ടീമിലെടുക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം

Sanju Samson
Sanju Samson

ന്യൂഡല്‍ഹി: കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ്‍ രാജ്യത്തിന്റെ കിരീടനേട്ടത്തിലും പങ്കാളിയായതിന്റെ ആവേശത്തിലാണ്. ടി20 ലോകകപ്പിലെ ഒരു മത്സരത്തിലും കളിച്ചില്ലെങ്കിലും 15 അംഗ ടീമില്‍ ഉള്‍പ്പെടുകയെന്നത് ചെറിയ കാര്യമല്ല. ലോകകപ്പിന് തൊട്ടുപിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒരു അര്‍ദ്ധശതകവുമായി സഞ്ജു തിളങ്ങുകയും ചെയ്തു.

tRootC1469263">

ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം ഋഷഭ് പന്തിന് വേണ്ടി സഞ്ജു സാംസണെ ബെഞ്ചിലിരുത്തി. എന്നാല്‍, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിച്ചതോടെ ദേശീയ ടീമില്‍ സ്ഥിരത നേടാനുള്ള അവസരം സഞ്ജുവിനുണ്ട്. 2026 ടി20 ലോകകപ്പിലേക്ക് പോകുന്ന ഇന്ത്യയുടെ ഒരു പ്രധാന കളിക്കാരന്‍ സഞ്ജു സാംസണായിരിക്കുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും പ്രസ്താവിച്ചുകഴിഞ്ഞു.

അതേസമയം, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര പറയുന്നത് സഞ്ജുവിന് പ്രായക്കൂടതല്‍ ആയെന്നും ഇനി ദേശീയ ടീമില്‍ സാധ്യത കുറവാണെന്നുമാണ്. വിരാട് കോഹ്ലി മുന്നോട്ടുവെക്കുന്ന സന്ദേശം ടീം യുവതാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. മാത്രമല്ല, ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ലോട്ടിനായുള്ള കടുത്ത മത്സരവും വെറ്ററന്‍ സ്പിന്നര്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവിന് ഇപ്പോള്‍ പ്രായമുണ്ട്. ടീമില്‍ യുവാക്കളുടെ വലിയ ഒഴുക്കാണ്. ടി20യില്‍ യുവ കളിക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നു, ഇന്ത്യയ്ക്ക് അവരെയാണ് കൂടുതല്‍ ആവശ്യം. സഞ്ജു ഇനി കളിക്കണമെങ്കില്‍ അസാധാരണമായ പ്രകടനം പുറത്തെടുക്കേണ്ടി വരും. അപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാം. ഇപ്പോള്‍ ടീമിലുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം അടുത്ത ലോകകപ്പ് വരെ അവിടെ തുടരണം എങ്കില്‍ മാത്രമേ പരിഗണിക്കൂയെന്നും മിശ്ര വ്യക്തമാക്കി.

മികച്ച പ്രതിഭയായ ഇഷാന്‍ കിഷന്‍ ടി20യില്‍ നിന്ന് പുറത്തായത് മിശ്ര ചൂണ്ടിക്കാട്ടുന്നു. ഋഷഭ് പന്ത് എപ്പോഴും ടീമിലുണ്ട്. ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ തുടങ്ങി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി വലിയ മത്സരമുണ്ടെന്നും അതുകൊണ്ടുതന്നെ സഞ്ജുവിന് പിടിച്ചുനില്‍ക്കാന്‍ പാടാണെന്നും മിശ്ര വ്യക്തമാക്കി.

Tags