അമേരിക്കയില്‍ നിന്നും കുറഞ്ഞ വിലയില്‍ കാര്‍ഷികോത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും, നമ്മുടെ കര്‍ഷകര്‍ക്ക് കോളടിച്ചെന്ന് യുഎസ് സെക്രട്ടറി, ഇതുപോലൊരു ചതി മറ്റാരും ചെയ്തിട്ടില്ല

India US Deal

അമേരിക്കയുടെ കാര്‍ഷിക, പാല്‍ ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ ഇന്ത്യയിലേക്ക് ഒഴുകും. ഇതുപോലൊരു ചതി ഇന്ത്യയിലെ കോടിക്കണക്കിനു കൃഷിക്കാരോട് ഇതിനുമുന്‍പ് ആരും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: അമേരിക്കയുമായുണ്ടാക്കുന്ന പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. അമേരിക്കയുടെ കാര്‍ഷിക, പാല്‍ ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ ഇന്ത്യയിലേക്ക് ഒഴുകും. ഇതുപോലൊരു ചതി ഇന്ത്യയിലെ കോടിക്കണക്കിനു കൃഷിക്കാരോട് ഇതിനുമുന്‍പ് ആരും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ട്രംപ് ഇന്ത്യയുമായുള്ള വ്യാപാര ഡീല്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസം ആണ്. ട്രംപ് പറഞ്ഞതില്‍ ഏതൊക്കെ ശരി? ഏതൊക്കെ തെറ്റ്? എന്ന് രാജ്യത്തോട് തുറന്നു പറയാന്‍ പ്രധാനമന്ത്രി മോഡിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

പക്ഷേ, ട്രംപിന്റെ പ്രഖ്യാപനം ആഘോഷിച്ച ഒരു കൂട്ടം ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും കോര്‍പ്പറേറ്റുകള്‍ക്കും ഫെബ്രുവരി 3 ഉത്സവമായിരുന്നു. ഓഹരി വിപണി കത്തിക്കയറി. ബഡ്ജറ്റ് ദിനത്തില്‍ സെന്‍സെക്‌സ് 1.18% ഇടിഞ്ഞതാണ്. അത് 2.54% തിരിച്ചു കയറി. നിക്ഷേപകര്‍ക്ക് 12 ലക്ഷം കോടി രൂപയുടെ നേട്ടം ഉണ്ടായി.

രൂപയും കുതിച്ചുയര്‍ന്നു. ഡോളറിന് 91.50 രൂപയായിരുന്നു വിനിമയ നിരക്ക്. അമേരിക്കന്‍ തീരുവ നിലവില്‍ വന്നതിനു ശേഷമാണ് രൂപ കുത്തനെ ഇടിയാന്‍ തുടങ്ങിയത്. ഈ സാമ്പത്തിക വര്‍ഷം മൂല്യം 5% ത്തിലേറെ ഇടിഞ്ഞതാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് രൂപ 1.50% ത്തിന്റെ നേട്ടം ഉണ്ടാക്കി. രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 90.32 ആയി ഉയര്‍ന്നു.

അങ്ങിനെ കോര്‍പ്പറേറ്റ് ഇന്ത്യ ആഹ്‌ളാദത്തില്‍ മതിമറക്കുമ്പോള്‍. ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ കനത്ത പ്രതിക്ഷേധത്തിലാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഈ കരാര്‍ മുച്ചൂടും മുടിക്കും എന്നാണവരുടെ ഭയം. സംയുക്ത  കിസാന്‍ മോര്‍ച്ച ഫെബ്രുവരി 4 മുതലുള്ള ഒരു ആഴ്ചക്കാലം എല്ലാ ഗ്രാമങ്ങളിലും മോദിയുടെയും ട്രമ്പിന്റെയും കോലം കത്തിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ടിക്കായത്തിന്റെ ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യ കിസാന്‍ സഭയും, ഇന്ത്യന്‍ കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയും പ്രതിക്ഷേധത്തിനു ആഹ്വാനം ചെയ്തു കഴിഞ്ഞു. ബിജെപി അനുകൂല കര്‍ഷകസംഘടന മാത്രം ഇപ്പോഴും മൗനത്തിലാണ്. 
മലയാളികള്‍ക്ക് സുപരിചിതമായിട്ടുള്ള ആസിയന്‍ കരാറിന്റെ അനുഭവം എടുത്താല്‍ ഈ ഘടക വിരുദ്ധ നിലപാടുകള്‍  പെട്ടന്ന് മനസിലാക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് ആണല്ലോ ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. അതിന്റെ വലിയ നേട്ടം ഇന്ത്യയിലെ പല വ്യവസായങ്ങളുടെയും, ഐടി സേവനങ്ങളുടെയും കയറ്റുമതിയിലുണ്ടായി. പക്ഷെ റബ്ബര്‍, പാം ഓയില്‍, വെളിച്ചെണ്ണ തുടങ്ങിയവയുടെ ഇറക്കുമതിമൂലം കേരളത്തിലെ കാര്‍ഷികമേഖല തകര്‍ന്നു. രാജ്യത്തിനുണ്ടായ നേട്ടത്തിന്റെ ഒരു പങ്ക് തകര്‍ച്ച നേരിടുന്ന കൃഷിക്കാര്‍ക്ക് നല്‍കുവാനുള്ള നിരന്തരമായ അഭ്യര്‍ഥന മൂന്ന് പതിറ്റാണ്ടുകളായി മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കേരളത്തിലെ കാര്‍ഷിക മേഖല ഇന്നും തകര്‍ച്ചയില്‍ നിന്ന് കരകയറിയിട്ടില്ല.

ആസിയന്‍ കരാറിന്റെ പ്രത്യാഘാതം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഒതുങ്ങി നിന്നു. എന്നാല്‍ അതായിരിക്കില്ല അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക മേഖലയ്ക്ക് ഇന്ത്യയെ തുറന്നു കൊടുത്താല്‍ ഉണ്ടാവുക. ഏറ്റവും വലിയ ദുരന്തം ഉണ്ടാവാന്‍ പോവുന്നത്. ഡയറി മേഖലയില്‍ ആയിരിക്കും.  ഇന്ത്യയിലെ ഒരു കൃഷിക്കാരന് 1 - 3 പശുക്കള്‍ വീതമാണ് ഉള്ളത്. എന്നാല്‍ അമേരിക്കയിലെ ഡയറി കൃഷിക്കാരന് ശരാശരി 377 പശുക്കളാണ് ഉള്ളത്. 1000 പശുക്കളെക്കാള്‍ കൂടുതലുള്ള ഫാമുകളാണ് ഏതാണ്ട് 70% പാലും ഉല്‍പ്പാദിപ്പിക്കുന്നത്. 

ഒരു ഫാമിന്റെ ശരാശരി വലുപ്പം ഏതാണ്ട് 460 ഏക്കര്‍ ആണ്. നമ്മളെക്കാള്‍ വളരെ ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമതായാണ്. പാല്‍ മിച്ചമാണ്. അതുകൊണ്ട് വില താഴ്ത്തി വില്‍ക്കുന്നതുകൊണ്ട് നഷ്ടവുമില്ല. ഇറച്ചിയുടെയും സ്ഥിതി ഇത് തന്നെ.  ഇവയുടെ കുത്തൊഴുക്ക് നമ്മുടെ ഡയറി മേഖലയെ തകര്‍ക്കും. ചോളം, ഗോതമ്പ്, പരുത്തി, ഇവയും വലിയ ഭീഷണി നേരിടുന്നു. എന്തിന് നെല്‍കൃഷിക്ക് പോലും ഭീഷണിയായിരിക്കും അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി.

അമേരിക്കയില്‍ 4% ജനങ്ങളാണ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത് ഇന്ത്യയില്‍ ആവട്ടെ 40% ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണ് കൃഷി. ഈ 4% ത്തിനു ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കന്‍ കാര്‍ഷിക സെക്രട്ടറിയുടെ പോസ്റ്റ് വായിക്കു. 

''അമേരിക്കന്‍ കൃഷിക്കാരെ സഹായിച്ചതിന് ഒരിക്കല്‍ കൂടി നന്ദി പ്രസിഡന്റ്. പുതിയ അമേരിക്ക ഇന്ത്യ കരാര്‍ ഇന്ത്യയുടെ വമ്പന്‍ കമ്പോളത്തിലേക്ക് അമേരിക്കന്‍ കാര്ഷികോല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സഹായിക്കും. വിളകളുയരും. അമേരിക്കയിലെ ഗ്രാമീണ മേഖലയിലേക്ക് ഫണ്ടുകള്‍ ഒഴുകും..... ഇതിനകം കൃഷിക്കായി ഉണ്ടായിട്ടുള്ളവയില്‍ ഒരു വമ്പന്‍ ഡീല്‍ ആണ് ഇത്. അമേരിക്ക നമ്പര്‍ 1 ന്റെ വിജയമാണിത്.''

അങ്ങനെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അമേരിക്കയ്ക്ക് തീറെഴുതി കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന ബഡ്ജറ്റില്‍ കര്‍ഷകരെ സഹായിക്കാന്‍ അധികമായി എന്താണ് ഉള്ളത്? 2025 - 26 ലെ പുതുക്കിയ കണക്കു പ്രകാരം കാര്‍ഷിക മേഖലയ്ക്കുള്ള അടങ്കല്‍ വെട്ടി കുറയ്ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. 2025 - 26 ല്‍ കാര്‍ഷികമേഖലയ്ക്ക് വകയിരുത്തിയതിനേക്കാള്‍ 7000 കോടി രൂപ കുറവാണ് ചെലവാക്കിയത്. 

2026 - 27 ല്‍ വര്‍ദ്ധനവ് കേവലം 2.4% മാത്രമാണ്. വിലക്കയറ്റം കണക്കിലെടുത്താല്‍ കാര്‍ഷിക മേഖലയിലെ ചെലവ് കുറയുകയാണ്. വളത്തിന്റെ സബ്സിഡിയും ഭക്ഷ്യ സബ്‌സിഡിയും വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതുപോലൊരു ചതി ഇന്ത്യയിലെ കോടിക്കണക്കിനു കൃഷിക്കാരോട് ഇതിനുമുന്‍പ് ആരും ചെയ്തിട്ടില്ല.
 

Tags