കേരളത്തിലെ റോഡുകളെല്ലാം സൂപ്പര്‍, രണ്ടുവര്‍ഷംകൊണ്ട് കുതിക്കും, പക്ഷെ.. എംവിഡിക്ക് പരിഹാസവുമായി മുരളി തുമ്മാരുകുടി


കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി സമാനതകളില്ലാത്ത രീതിയിലാണ് റോഡ് വികസനം നടക്കുന്നത്. പ്രധാന റോഡുകളെല്ലാം മികവുറ്റ രീതിയില്‍ യാത്രയ്‌ക്കൊരുക്കിയപ്പോള്‍ ഗ്രാമീണ റോഡുകളും വികസനക്കുതിപ്പിലാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളുമെല്ലാം തകൃതിയായി നടക്കുന്നു.
ദേശീയപാത 2 വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ആറുവരിപ്പാതയാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര മലയാളികള്‍ക്കും സാധ്യമാകും. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡുകളുടെ വികസനം ത്വരിതഗതിയിലാണെന്നുപറയാം. ജനങ്ങളുടേയും മാധ്യമങ്ങളുടേയും ജാഗ്രതയും പ്രതിഷേധങ്ങളും ഗ്രാമീണ റോഡ് വികസനത്തിന് കാരണമായിട്ടുണ്ട്.

നിലവാരമുള്ള യാത്രാ സൗകര്യം കേരളത്തിലും സാധാരണമാവുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയും ചൂണ്ടിക്കാട്ടുന്നു. കാര്യങ്ങള്‍ ഇതുപോലെ പോയാല്‍ രണ്ടുവര്‍ഷത്തിനകം റോഡുകളുടെ കാര്യത്തില്‍ കേരളത്തില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ തുമ്മാരുകുടി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അതേസമയം, കേരളത്തിലെ പൊതുഗതാഗത സംവിധാനം തകര്‍ച്ചയിലാണെന്നും സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് യാത്രാ ദുരിതത്തിനിടയാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ റോഡുകളില്‍ യാത്രയാണ്.
ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ റോഡുകള്‍ എത്രമാത്രം നന്നായിട്ടുണ്ട് എന്നതാണ്. ഗ്രാമങ്ങളില്‍ പോലും നല്ല നിലവാരത്തില്‍ ഉള്ള റോഡുകള്‍. പോഞ്ഞാശ്ശേരിയില്‍ നിന്നും വെങ്ങോലയിലേക്കുള്ള റോഡ് നാളുകളായി കുളമായിരുന്നു, അത് പോലും ഇപ്പോള്‍ അടിപൊളിയാണ്.
തെക്ക് വടക്കുള്ള നാഷണല്‍ ഹൈവേയില്‍ എങ്ങും വികസന പ്രവര്‍ത്തനം ആണ്, അതുകൊണ്ട് അല്പം അസൗകര്യം ഒക്കെയുണ്ട്. പക്ഷെ കാര്യങ്ങള്‍ ഇതുപോലെ പോയാല്‍ രണ്ടുവര്‍ഷത്തിനകം റോഡുകളുടെ കാര്യത്തില്‍ കേരളത്തില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.
പക്ഷെ വിഷമിപ്പിച്ചത് പൊതുഗതാഗതത്തിന്റെ സ്ഥിതിയാണ്, പ്രത്യേകിച്ചും ബസുകളുടെ.
കെ എസ് ആര്‍ ടി സി ആണെങ്കിലും സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ആണെങ്കിലും പടിപടിയായി കുറഞ്ഞുവരുന്ന ഒരു രീതിയാണ് കാണുന്നത്. അതേ സമയം സ്വകാര്യ വാഹനങ്ങള്‍ അതി വേഗത്തില്‍ വര്‍ദ്ധിച്ചു വരുന്നു.
ആലുവ എറണാകുളം മെട്രോ വന്നപ്പോള്‍ റോഡില്‍ തിരക്ക് കുറയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ ഓരോ യാത്രയിലും പഴയത് പോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ ആണ് റോഡിലെ തിരക്ക്. പഴയത് പോലെ തന്നെ എപ്പോള്‍ എത്തുമെന്ന് പറയാന്‍ പറ്റാത്ത രീതിയായി.
പാശ്ചാത്യ രാജ്യങ്ങളില്‍ അമേരിക്ക ഒഴിച്ചുള്ളവയില്‍ ഒക്കെ പൊതുഗതാഗതം ശക്തി പ്രാപിക്കുകയാണ്. ജര്‍മ്മനിയില്‍ പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങളെ, പ്രത്യേകിച്ചും കാറുകളെ നിരുത്സാഹപ്പെടുത്താനുദ്ദേശിച്ചുള്ള നയങ്ങളും നടപടികളും ആണ് എവിടെയും.
ഇവിടെ പക്ഷെ കാര്യങ്ങള്‍ തിരിച്ചാണെന്ന് തോന്നുന്നു. ആളുകളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അല്ല നടക്കുന്നത്. നഷ്ടത്തില്‍ ആകുന്ന സ്വകാര്യ ബസ് പ്രസ്ഥാനങ്ങളെ പിന്തുണക്കാനോ വിജയിപ്പിക്കാനോ ശ്രമമില്ല. സ്വകാര്യ വാഹനങ്ങള്‍ കുറക്കാന്‍ ഉള്ള ഒരു നയവും കാണുന്നില്ല.
റോഡുകള്‍ നന്നാകുമ്പോള്‍ യാത്ര സുഗമം ആകുമെന്നുള്ള പ്രതീക്ഷ കുറയുന്നു.
സ്വകാര്യമേഖലയ്ക്ക് പരമാവധി സ്വാതന്ത്ര്യം കൊടുത്ത് പൊതുഗതാഗതത്തെ പുനരുജ്ജീവിപ്പിക്കണം. കെ എസ് ആര്‍ ടി സി യുടെ താല്പര്യങ്ങളും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ 'ലൈസന്‍സ് രാജും' നോക്കി സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ നോക്കിയാല്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതെ ആയി എന്ന നിലവരും.
നമ്മുടെ നാട്ടില്‍ സ്വകാര്യ വാഹനങ്ങള്‍ കുറച്ചു കൊണ്ടുവരാനും പൊതുഗതാഗതം ലാഭകരമായി ശക്തിപ്രാപിക്കാനും ഉള്ള നയപരമായ ഇടപെടലുകള്‍ വേണം.
ഇല്ലെങ്കില്‍ നമ്മുടെ റോഡുകളില്‍ ഉണ്ടാകുന്ന പുരോഗതി യാത്രയുടെ സുഖമായി മാറില്ല. അപകടം, ആരോഗ്യം, സാമ്പത്തികമായ നഷ്ടങ്ങള്‍ ഇതൊക്കെ വേറെ.