ചൂടുകാലത്ത് കൂളര്‍ വാങ്ങിയാല്‍ പണികിട്ടും, വില കൂടിയാലും കേരളത്തില്‍ എസി തന്നെ മികച്ചത്

air cooler vs AC

എസിയുടെ ഉപഭോക്താക്കള്‍ കൂടുമ്പോള്‍ തന്നെ കൂളറുകള്‍ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. കുറഞ്ഞ വിലയും വൈദ്യുതിയും കൂളറിനെ ആകര്‍ഷകമാക്കുന്നു.

കേരളത്തില്‍ ഉയര്‍ന്ന താപനില സാധാരണമായിക്കഴിഞ്ഞു. വേനല്‍ക്കാലത്തുണ്ടാകുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മിക്ക വീടുകളിലും എസി സ്ഥാപിച്ചുതുടങ്ങി. ഒരുകാലത്ത് ആഡംബരമായിരുന്ന എസി ഇന്ന് അവശ്യവസ്തുവായി മാറിക്കഴിഞ്ഞു.

എസിയുടെ ഉപഭോക്താക്കള്‍ കൂടുമ്പോള്‍ തന്നെ കൂളറുകള്‍ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. കുറഞ്ഞ വിലയും വൈദ്യുതിയും കൂളറിനെ ആകര്‍ഷകമാക്കുന്നു. എന്നാല്‍, കേരളത്തിലെ കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്തതാണ് കൂളറുകള്‍ എന്ന് വിദഗ്ധര്‍ പറയുന്നു.

കേരളത്തിന്റെ കാലാവസ്ഥ ട്രോപ്പിക്കല്‍ മണ്‍സൂണ്‍ തരത്തിലുള്ളതാണ്. വടക്കന്‍ ഇന്ത്യയിലെ ഡെസേര്‍ട്ട് ഏരിയകളെപ്പോലെ വരണ്ടതല്ല. മഴക്കാലത്ത് മാത്രമല്ല, മറ്റു കാലാവസ്ഥകളിലും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്ന തലത്തിലുള്ളതാണ്. കൊച്ചിയില്‍ ജൂലൈ മാസത്തില്‍ ആര്‍ദ്രത 83% വരെ എത്താറുണ്ട്.

കൂളറുകള്‍ 'എവാപൊറേറ്റീവ് കൂളിങ്'' തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളം നിറച്ച പാഡുകളിലൂടെ വായു കടത്തിവിടുമ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നു. വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോള്‍ ചൂട് ആഗിരണം ചെയ്യപ്പെടുകയും വായു തണുക്കുകയും ചെയ്യും. പക്ഷേ, ഈ പ്രക്രിയയ്ക്ക് വരണ്ട വായു അത്യന്താപേക്ഷിതമാണ്. ആര്‍ദ്രത കുറഞ്ഞ (30-50%) പ്രദേശങ്ങളില്‍ മാത്രമേ ഈ ബാഷ്പീകരണം ഫലപ്രദമാവൂ.

ഇന്ത്യയിലെ വരണ്ട സംസ്ഥാനങ്ങളില്‍ (രാജസ്ഥാന്‍, ഡല്‍ഹി) ഇത് മികച്ച ഫലം തരുന്നത് ഇതുകൊണ്ടാണ്. പക്ഷേ കേരളത്തില്‍ ആര്‍ദ്രത കൂടിയതിനാല്‍ കൂളറുകള്‍ ഉദ്ദേശിച്ച ഫലം തരില്ലെന്ന് മാത്രമല്ല അലര്‍ജി പ്രശ്‌നമുള്ളവര്‍ക്ക് മോശം അനുഭവമാണ് ലഭിക്കുകയും ചെയ്യുക.

ആര്‍ദ്രത 60-70%ന് മുകളിലെത്തിയാല്‍ വായുവില്‍ ഈര്‍പ്പം നിറഞ്ഞിരിക്കുന്നതിനാല്‍ വെള്ളം ബാഷ്പീകരിക്കപ്പെടില്ല. കൂളറില്‍ നിന്ന് പുറത്തുവരുന്ന വായു തണുപ്പിക്കുന്നതിനു പകരം കൂടുതല്‍ ഈര്‍പ്പം ഉണ്ടാകും. താപനില കുറയുന്നതിനു പകരം ശരീരത്തിന് കൂടുതല്‍ അസ്വസ്ഥത തോന്നും.

എസി റഫ്രിജറേഷന്‍ തത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കംപ്രസര്‍ ഉപയോഗിച്ച് ഫ്രിയോണ്‍ വഴി വായുവിന്റെ ചൂട് പുറത്തേക്ക് തള്ളുന്നു. ഈര്‍പ്പം നീക്കം ചെയ്യുന്നു.  ഇതാണ് കേരളത്തിന് അനുയോജ്യം. എസി ഉപയോഗിച്ചാല്‍ മുറിയും ശരീരവും സ്വാഭാവികമായി തണുക്കും. പൂപ്പല്‍, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല.

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥ മനസ്സിലാക്കി ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും. ചൂട് കൂടുതലുള്ളപ്പോള്‍ എസി ഉപയോഗിച്ച് മുറി തണുപ്പിച്ച്, പിന്നീട് ഫാന്‍ ഉപയോഗിക്കാം.

Tags