തളിപ്പറമ്പ് ബക്കളം വയൽത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളി ; പ്രദേശവാസികൾക്കും കാർഷിക മേഖലയ്ക്കും കടുത്ത ഭീഷണി, ജനകീയ പ്രതിഷേധം ശക്തമാകുന്നു

Toilet waste dumped in Bakkalam field in Taliparamba; Severe threat to local residents and the agricultural sector, public protest intensifies

ഈ മനോഹരമായ തോട്ടിലേക്കാണ് ഇപ്പോൾ വൻതോതിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരിക്കുന്നത്.

തളിപ്പറമ്പ് : തളിപ്പറമ്പ് ബക്കളം വയൽത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികൾക്കും കാർഷിക മേഖലയ്ക്കും നാടൻ മത്സ്യ പ്രജനനത്തിനും കടുത്ത ഭീഷണിയുയർത്തിക്കൊണ്ടാണ് പാരിസ്ഥിതിക മലിനീകരണം രൂക്ഷമായിരിക്കുന്നത്. ദേശീയപാതയോരത്തെ ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ഈ ശുദ്ധജല സ്രോതസ്സിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും കർഷകരും രംഗത്തെത്തിയിട്ടുണ്ട്. 

Toilet waste dumped in Bakkalam field in Taliparamba; Severe threat to local residents and the agricultural sector, public protest intensifies

വിശാലമായ ബക്കളം വയൽ പ്രദേശത്ത് നിന്ന് ഉൽഭവിക്കുന്ന തോട് ഒരു നാടിന്റെ ജീവനാഡിയായ ശുദ്ധജല വാഹിനിയാണ്. കുട്ടികളും മുതിർന്നവരും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കുന്നതോടൊപ്പം തന്നെ, പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരിടമാണിത്. എന്നാൽ ഈ മനോഹരമായ തോട്ടിലേക്കാണ് ഇപ്പോൾ വൻതോതിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരിക്കുന്നത്. തോട്ടിലെ വെള്ളത്തിനുണ്ടായ കടുത്ത നിറവ്യത്യാസവും ദുർഗന്ധവും കൂടാതെ, ജലാശയത്തിലിറങ്ങിയവർക്ക് ശരീരത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്നാണ് കക്കൂസ് മാലിന്യം വൻതോതിൽ തള്ളിയതാണെന്ന ഗുരുതരമായ വസ്തുത പുറത്തറിയുന്നത്.

തോടിന് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ, അതല്ലെങ്കിൽ ടാങ്കർ ലോറികളിൽ രാത്രികാലങ്ങളിൽ എത്തിച്ചോ ഒഴുക്കി വിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയോരത്തെ ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലത്ത് ഇപ്പോഴും മലിനജലം ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാലിന്യം ഒഴുക്കിവിട്ടതോടെ കുറ്റിക്കോൽ പുഴയിൽ നിന്നും പ്രജനനത്തിനായി ഈ തോട്ടിലേക്ക് കയറി വരാറുള്ള നാടൻ മത്സ്യങ്ങൾ ഇത്തവണ എത്തിയിട്ടില്ല.

Toilet waste dumped in Bakkalam field in Taliparamba; Severe threat to local residents and the agricultural sector, public protest intensifies

മത്സ്യസമ്പത്തിനെ മാത്രമല്ല, ഈ മേഖലയിലെ കാർഷിക രംഗത്തെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തോട്ടിൽ നിന്നും ബക്കളം വയലുകളിലേക്ക് മാലിന്യം വ്യാപിച്ചതോടെ കർഷകരുടെ ഒന്നാം വിള നെൽകൃഷിയുടെ ഞാറു നടീൽ ഇപ്പോൾ പൂർണ്ണമായും മുടങ്ങിയ നിലയിലാണ്.  അരിപ്പത്തോട് വഴി കുറ്റിക്കോൽ പുഴയിലേക്കാണ് വെള്ളം  ഒഴുകിയെത്തുന്നത് എന്നതിനാൽ ഒരു പ്രദേശത്തെ മാത്രം ദുരിതത്തിലാക്കുന്ന നിലയിൽ നിന്നും ഈ മാലിന്യം തള്ളൽ വലിയൊരു ജനവിഭാഗത്തെ മൊത്തത്തിൽ ബാധിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെട്ട് മാലിന്യത്തിൻ്റെ ഉറവിടം കണ്ടെത്തണമെന്നും, ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കർഷക സംഘം പ്രവർത്തകനും ബക്കളം വയൽ പച്ചക്കറി കൃഷി കൺവീനറുമായ മനോഹരൻ ആവശ്യപ്പെട്ടു.

Tags