ഈ പണമെല്ലാം ബിജെപിക്കോ? ആദായനികുതി റെയ്ഡിന് പിന്നാലോ ഹീറോ മോട്ടോകോര്‍പ്പ് കോടിക്കണക്കിന് രൂപയുടെ ബോണ്ട് വാങ്ങി


ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന് കമ്മീഷന് പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദം ബോണ്ടുവാങ്ങുന്നതില് നിര്‍ണായകമായെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ആദായനികുതി റെയ്ഡ് നടന്ന് മാസങ്ങള്‍ക്കുള്ളില്‍, വാഹന പ്രമുഖരായ ഹീറോ മോട്ടോകോര്‍പ്പും 20 കോടി രൂപയുടെ ബോണ്ടു വാങ്ങിയതായുള്ള വിവരം പുറത്തുവന്നു.
2022 ഒക്ടോബര്‍ 7 ന് ഒരു കോടി രൂപ വീതമുള്ള 20 ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ആ വര്‍ഷം മാര്‍ച്ചില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഹീറോ മോട്ടോകോര്‍പ്പില്‍ റെയ്ഡ് നടത്തിയിരുന്നു.
ഹീറോ മോട്ടോകോര്‍പ്പ് ഓഫീസുകളിലും ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ പവന് മുഞ്ജാള്‍ ഉള്‍പ്പെടെയുള്ള പ്രമോട്ടര്‍മാരുടെ ഗുഡ്ഗാവ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ് നടന്നത്.

ഹീറോ മോട്ടോകോര്‍പ്പ് വ്യാജ പര്‍ച്ചേസുകളിലൂടെ ബുക്ക് ചെയ്യുകയും കണക്കില്‍ പെടാത്ത 1,000 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തുവെന്നതിന്റെ തെളിവുകള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിയിലെ ഛത്തര്‍പൂരിലുള്ള ഒരു ഫാം ഹൗസില്‍ 100 കോടി രൂപയുടെ പണമിടപാട് നടത്തിയതായും ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഹീറോ മോട്ടോകോര്‍പ്പ് എക്സിക്യൂട്ടീവ് ചെയര്മാന് പവന് മുഞ്ജാലിന്റെ ഉടമസ്ഥതയിലുള്ള 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഡല്‍ഹിയിലെ മൂന്ന് സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നുവെന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചു.
54 കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും വിലപിടിപ്പുള്ള വസ്തുക്കളും അനധികൃതമായി വിദേശത്തേക്ക് കൊണ്ടുപോയി, പിന്നീട് അവ തന്റെ സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ പദ്ധതി മുഞ്ജല്‍ ദുരുപയോഗം ചെയ്തുവെന്ന് ഇഡി ആരോപിച്ചു.
ഈ രീതിയില്‍ വമ്പന്‍ തട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയ കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിരയായ മിക്ക കമ്പനികളും പിന്നീട് ബോണ്ട് വാങ്ങിയതായി കാണാം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ആയതുകൊണ്ടുതന്നെ ബിജെപിക്ക് നല്‍കാനാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് സൂചന. ബോണ്ടുകള്‍ സ്വീകരിച്ചയാളുടെ വിവരങ്ങള്‍ കൂടി വരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.