അഗതികളായ സ്ത്രീകളെ സര്‍ക്കാര്‍ പിടിച്ചുപറിക്കരുത്, കോര്‍ട്ട് ഫീ വര്‍ധന പിന്‍വലിക്കണം

adv vimala binu
adv vimala binu

കൊച്ചി: കോര്‍ട്ട് ഫീ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ബാധിക്കുന്നത് ആരുമില്ലാതെ നടുക്കടലില്‍ ഒറ്റപ്പെട്ടു പോകുന്ന ജീവിതങ്ങളെയാണെന്ന് അഡ്വ. വിമല ബിനു. ഭര്‍ത്താവില്‍ നിന്നും നീതിതേടയെത്തുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ജീവനാംശം തേടിയെത്തുന്നവര്‍ വന്‍ കോര്‍ട്ട് ഫീ കാരണം അതില്‍ നിന്നും പിന്മാറേണ്ട അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴുത്തറ്റം മുങ്ങിയിട്ടും കുഞ്ഞുങ്ങളെയും നെഞ്ചിലേറ്റി  ഇത്തിരി ശ്വാസത്തിനായി പിടയുന്ന ജന്മങ്ങളാണ്. കൈ ചേര്‍ത്ത് പിടിക്കാന്‍ ആരുമില്ലാതെ വലിയൊരു വഞ്ചനയുടെയോ ചതിയുടെയോ നേര്‍കാഴ്ചകള്‍ ആയി മാതാപിതാക്കള്‍ നല്‍കിയതും ജീവിതത്തിലെ സാമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടു അവസാന കച്ചിത്തുരുമ്പിനായി കോടതികളിലേക്ക് ഓടിയെത്തുന്ന പാവപ്പെട്ടവരാണ്. അങ്ങനെയുള്ള പെണ്‍കുട്ടികളെ ഇനിമുതല്‍ കാത്തിരിക്കുന്നത് ഭീമമായ കോര്‍ട്ട് ഫീ ആണ്.

വര്‍ഷങ്ങളായി കുടുംബകോടതികളില്‍ കോര്‍ട്ട് ഫീ ആയി അടക്കേണ്ടി ഇരുന്നത് 50 രൂപ ആയിരുന്നു. പൊതുവെ ഭര്‍ത്താക്കന്മാര്‍ അപഹരിച്ച പണമോ സ്വര്‍ണമോ തിരിച്ചു കിട്ടുന്നതിന് വേണ്ടിയും, ന്യായമായ നഷ്ടപരിഹാരം കിട്ടുന്നതിന് വേണ്ടിയും കുടുംബകോടതിയില്‍ വിവാഹമോചനത്തിന്റെ വക്കിലെത്തിയ സ്ത്രീകള്‍ക്ക് കോടതിയെ സമീപിക്കാന്‍ വിലങ്ങു തടി ആവുകയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീ വര്‍ധന.

ഒരു ലക്ഷം രൂപ വരെയാണെങ്കില്‍ 200 രൂപ, ഒരുലക്ഷത്തിനും അഞ്ചു ലക്ഷത്തിനു ഇടയില്‍ ആണ് എങ്കില്‍ നഷ്ടപരിഹാരതുകയുടെ അരശതമാനം, അഞ്ചു ലക്ഷം രൂപയിലധികമാണെങ്കില്‍ നഷ്ട്ട പരിഹാരതുകയുടെ ഒരു ശതമാനം, എന്നിങ്ങനെയാണ് കോര്‍ട്ട് ഫീ നിശ്ചയിച്ചിട്ടുള്ളത്. ഹൈക്കോടതിയെ സമീപിക്കണമെങ്കിലും ഇതേ പോലെ കോര്‍ട്ട് ഫീ അടക്കണം.

സര്‍ക്കാരിന് പണം സമ്പാദിക്കാന്‍ മറ്റേതൊക്കെ വഴികളുണ്ട്? വേദനയുടെയും സങ്കടങ്ങളുടെയും പടുകുഴിയില്‍ വീണു പോയവരില്‍ നിന്നും ഇതു പോലെ പിടിച്ചു പറിക്കുന്നത് അപമാനകരമാണ്. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ മുചൂടും നശിപ്പിക്കപ്പെട്ട് കുഞ്ഞുങ്ങളെയുമായി പെരുവഴിയില്‍ ഇറങ്ങേണ്ടി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇതു താങ്ങാവുന്നതിലും അധികമാണ്.

ഒരു കുടുംബം തകര്‍ന്നു പോകുമ്പോഴാണ് പലപ്പോളും ഒരു ഗതിയുമില്ലാതെ കോടതിയെ സമീപിക്കേണ്ടി വരുക. പൊതുവെ തകര്‍ച്ചയുടെ വക്കിലാവുന്ന സ്ത്രീകള്‍ക്കു സ്വന്തം കുടുംബം പോലും തുണയുണ്ടാവില്ല. സ്വന്തം മാതാപിതാക്കളൊ കുടുംബമോ അവരെ തിരിഞ്ഞു നോക്കാറില്ല. കോടതി മാത്രമായിരിക്കും ഏക ആശ്രയം. അപ്പോളാണ് ഇത്തരമൊരു കോര്‍ട്ട് ഫീ വര്‍ധന.

വെല്‍ഫെയര്‍ സംസ്ഥാനം എന്നാണ് പിടിച്ചു പറി കേന്ദ്രമായതു? ചെക്ക് കേസുകളിലും ഫാമിലി കേസുകളിലും കോര്‍ട്ട് ഫീ വര്‍ധിപ്പിച്ചത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട ഒന്നാണ്.

Tags