എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം, ഇ.പി ജയരാജൻ്റെ ആത്മകഥ ; 2024 ൽ വാർത്താ കേന്ദ്രമായി കണ്ണൂർ


കണ്ണൂർ : കണ്ണൂർ വാർത്താ കേന്ദ്രമായി മാറിയ വർഷം കൂടിയാണ് 2024. പോയ വർഷം കേരളമാകെ ചർച്ച ചെയ്യപ്പെട്ട പല വിഷയങ്ങളും കണ്ണൂരിൽ നിന്നുണ്ടായതാണ്. കഴിഞ്ഞ ഒക്ടോബർ 15 ന് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവമായിരുന്നു അതിൽ പ്രധാനപ്പെട്ടത്.
പള്ളിക്കുന്നിലെ വാടക ക്വാർട്ടേഴ്സിലാണ് പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നവീൻ ബാബുവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14 ന് വൈകിട്ട് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അധിക്ഷേപകരമായി സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനെ തുടർന്നാണ് നവീൻ ബാബു മനം നൊന്ത് ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് റിപ്പോർട്ട്.
ചെങ്ങളായി നിടുവാലൂർ ചേരൻ മൂലയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാരൻ കെ. വി പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാൻ നിരാക്ഷേപപത്രത്തിനായി സമീപിച്ചപ്പോൾ ഒരു ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
എ.ഡി.എമ്മിൻ്റെ മരണത്തോടെ ആത്മഹത്യയോടെ ഒന്നാം പ്രതിയായ പി.പി. ദിവ്യ 17 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും അവരെ പാർട്ടി ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
ഒരാഴ്ച്ചയിലേറെ പള്ളിക്കുന്ന് വനിതാ സ്പെഷ്യൽ ജയിലിൽ റിമാൻഡിലായ ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്. കേരളത്തിലെ മാധ്യമങ്ങൾ ഒരു മാസത്തിലേറെ ഇഴകീറി ചർച്ച വിഷയമായിരുന്നു നവീൻ ബാബുവിൻ്റെ മരണം.
സി.പി.എമ്മിൻ്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി പരസ്യമായി ദിവ്യയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നു. ജീവനൊടുക്കിയ നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ സംഭവത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ല മുൻപോട്ടു പോകുന്നതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. എന്നാൽ സർക്കാർ ഇതിനെ എതിർക്കുകയും പൊലിസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ അതുവരെ നവീൻ ബാബുവിൻ്റെ കുടുംബത്തെ പിൻതുണച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പിൻവലിഞ്ഞു. കണ്ണൂരിനെ വാർത്താ കേന്ദ്രമാക്കിയ മറ്റൊരു സംഭവം ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ഇപി ജയരാജൻ മാറി നിന്നതാണ്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായുള്ള ശീതസമരമാണ് ഇപിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയും ശോഭാ സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങളും ഇ.പി.യെ വിവാദ കേന്ദ്രമാക്കി.
ഏറ്റവും ഒടുവിൽ ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തലുകളും കട്ടൻ ചായയും പരിപ്പുവടയും ആത്മകഥാ വിവാദവും ജയരാജനെ ന്യൂസ് മേക്കറാക്കി. ഡി.സി ബുക്സിനെതിരെ തൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവിട്ടതിന് നിയമനടപടി സ്വീകരിച്ചു വരികയാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജൻ.