ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല, അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായര്‍ക്ക് സാമ്പത്തിക സഹായ അഭ്യര്‍ത്ഥനയുമായി കുടുംബം


ചെന്നൈ: അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന തെന്നിന്ത്യന്‍ സിനിമാതാരം അരുന്ധതി നായര്‍ക്ക് സാമ്പത്തിക സഹായ അഭ്യര്‍ത്ഥനയുമായി കുടുംബം. ശസ്ത്രക്രിയകള്‍ക്കുള്ള ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്ന് അരുന്ധതിയുടെ അടുത്ത സുഹൃത്തും നടിയുമായ രമ്യ ജോസഫ് വെളിപ്പെടുത്തി.
tRootC1469263">ആറ് ദിവസം മുമ്പാണ് നടി അപകടത്തില്‍പ്പെട്ടത്. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. ഒടുവില്‍ അതുവഴി പോയ വാഹനത്തിലുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞിട്ടും തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ആരും അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്ന് പിടിഐയോട് സംസാരിക്കവെ രമ്യ ജോസഫ് വെളിപ്പെടുത്തി. നടികര്‍ സംഘം ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന് ആരും തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്നും രമ്യ കുറ്റപ്പെടുത്തി.
ശസ്ത്രക്രിയയ്ക്കുള്ള ബില്ല് അടയ്ക്കാന്‍ സഹായിക്കുന്നതിന് തങ്ങള്‍ ധനസമാഹരണ കാമ്പെയ്ന്‍ ആരംഭിച്ചതായി അരുന്ധതിയുടെ സഹോദരി ആരതിയും വെളിപ്പെടുത്തി. അരുന്ധതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും തങ്ങള്‍ നല്ല നിലയിലുള്ള കുടുംബമല്ലെന്നും സാമ്പത്തിക സഹായം ആവശ്യമാണെന്നും ആരതി പിടിഐയോട് പറഞ്ഞു.
മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം 'സൈത്താനി'ലെ നായികയായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്‌ക്കൊരു കാമുകന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.