കോണ്‍ഗ്രസിന്റെ താര പ്രചാരകയായി അച്ചു ഉമ്മന്‍, അനില്‍ ആന്റണിക്കെതിരെ വോട്ടു ചോദിക്കില്ല, പത്തനംതിട്ടയില്‍ പിന്തുണ ബിജെപിക്കോ?


കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മനേക്കാള്‍ ശ്രദ്ധനേടിയ അച്ചു ഉമ്മനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം പ്രചരണത്തിനിറക്കാന്‍ കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മകളെന്ന നിലയിലുള്ള സ്വീകാര്യത അച്ചുവിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരപ്രചാരകയാക്കുന്നത്. അതേസമയം, കുട്ടിക്കാലം മുതലുള്ള സുഹൃത്ത് ആയതിനാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ മത്സരിക്കില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞതായി ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന്റെ പ്രചരണം കോണ്‍ഗ്രസിന്റെ മികച്ച വിജയത്തിന് കാരണമായിരുന്നു. ചാണ്ടി ഉമ്മനേക്കാള്‍ മികവുറ്റ രീതിയില്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഇടപെടാനുള്ള മിടുക്ക് ശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സിറ്റിംഗ് എംപിമാര്‍ക്ക് മാത്രം പരിഗണന ലഭിച്ചതോടെയാണ് അച്ചു ഉമ്മനെ പരിഗണിക്കാതിരുന്നത്.

സംസ്ഥാനത്തുടനീളം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെങ്കിലും പത്തനംതിട്ടയില്‍ ബിജെപി അനുകൂല നിലപാടാണ് അച്ചുവിനെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയത്തിനകത്തും പുറത്തും ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്നു. ഇവരുടെ മക്കള്‍ തമ്മിലും ഈ ബന്ധം നിലനില്‍ക്കുന്നു. കുട്ടിക്കാലം മുതല്‍ക്കുള്ള സുഹൃത്ത് ആയതിനാലാണ് പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ മത്സരിക്കാത്തതെന്നാണ് അച്ചു പറയുന്നത്. എന്നാല്‍, ഇത് ബിജെപി അനുകൂല നിലപാടാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ വിജയമാണോ അച്ചു ഉമ്മന്‍ ആഗ്രഹിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് എംപി ആന്റോ ആന്റണിയെയും മുതിര്‍ന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ ആന്റണി നേരിടുന്നത്. അതേസമയം, അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത അച്ചു ഉമ്മന്‍ നിഷേധിച്ചിട്ടുണ്ട്.
മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അച്ചു, ദുബൈ ആസ്ഥാനമാക്കിയാണ് ജോലി ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്.