വിസ്മയമായി ആടുജീവിതം, ഇത് പൃഥ്വിയുടേയും ബ്ലസിയുടേയും സിനിമ, കണ്ണുനിറയാതെ ഇറങ്ങിവരാനാകില്ല, ഹോളിവുഡിലായിരുന്നെങ്കില്‍ ഓസ്‌കാര്‍ ഉറപ്പ്, ലോകമെങ്ങുനിന്നും കൈയ്യടി


കൊച്ചി: പതിനഞ്ച് വര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച സര്‍വൈവല്‍ ത്രില്ലര്‍ നോവലുകളിലൊന്നായ ആടുജീവിതം സിനിമയായി തീയേറ്ററിലെത്തിയപ്പോള്‍ ലോകമെങ്ങുനിന്നും കൈയ്യടി. സിനിമ നോവലിനേക്കാള്‍ മികച്ച രീതിയില്‍ വിഷയം കൈകാര്യം ചെയ്‌തെന്നും ഹോളിവുഡ് സര്‍വൈവല്‍ ത്രില്ലറുകളുടെ നിലവാരത്തിലുള്ളതാണെന്നും പലരും വിലയിരുത്തി.
നോവലിലെന്നപോലെ പ്രേക്ഷകരെയൊന്നാകെ കണ്ണീരണിയിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. ഇത്രത്തോളം പ്രതീക്ഷയുമായി അടുത്തകാലത്തൊന്നും ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ടില്ല.
മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലെത്തിക്കുന്നതാണ് ആടുജീവിതമെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ ഭാഷകളില്‍ ഇന്ത്യയിലും വിദേശത്തും റിലീസ് ചെയ്ത സിനിമയ്ക്ക് ലോകമെങ്ങുമുള്ള മലയാളികളുടെ സ്വകാര്യത അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകള്‍ക്കൊപ്പം നൂറുകോടി കടക്കുന്ന മറ്റൊരു സിനിമായി ആടുജീവിതം മാറുമെന്ന് ആദ്യദിവസത്തെ പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നു.
പൃഥ്വിരാജിന്റെ അഭിനയം കരിയര്‍ ബെസ്റ്റെന്ന് ഏവരും പറയുമ്പോള്‍ സംവിധായകന്‍ ബ്ലസിയുടെ ക്ലാസ് ഓരോ സീനിലും വ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എആര്‍ റഹ്‌മാന്റെ സംഗീതവും ഇതിനകം ഹിറ്റായി മാറിക്കഴിഞ്ഞ പാട്ടുകളും കൂടിച്ചേരുമ്പോള്‍ ഇന്ത്യന്‍ സിനിമയിലേക്ക് മറ്റൊരു ഓസ്‌കാര്‍ കൂടി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
