കണ്ണൂരിലെ തെയ്യക്കോലങ്ങൾക്ക് ജീവൻ പകരുന്ന നാല്പത്തിയൊന്നുകാരി

A 41-year-old woman who brings life to the Theyyakolams of Kannur

ഉത്തര മലബാറിന്റെ പെരുമയായ തെയ്യക്കാലം വരവായി. കളിയാട്ടക്കാവുകളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടുമ്പോൾ, ആ ചമയങ്ങളുടെ വർണ്ണപ്പകിട്ടിന് പിന്നിൽ അധികമാരും അറിയാത്ത ഒരു പെൺകൈയ്യൊപ്പുണ്ട്! കണ്ണൂർ കാനായി മുക്കൂട് സ്വദേശിയായ പ്രിയാ ശശിയാണ് തെയ്യത്തിന്റെ അണിയലങ്ങൾ തുന്നിയെടുത്ത് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാർ മേൽക്കോയ്മ പുലർത്തുന്ന തെയ്യച്ചമയ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയാവുകയാണ് ഈ നാൽപ്പത്തിയൊന്നുകാരി.

തലചമയം, അരചമയം, കാല്‍ചമയം, കൈച്ചമയം എന്നിങ്ങനെ തെയ്യത്തിന് ആവശ്യമായ എല്ലാത്തരം ആടകളും തുന്നിയെടുക്കാൻ ഇന്ന് പ്രിയ സജ്ജമാണ്.കഴിഞ്ഞ 10-15 വർഷമായി തെയ്യത്തിന്റെ ആവശ്യങ്ങൾക്കായുള്ള തയ്യൽ ജോലികളിൽ സജീവമാണ് ഇവർ. സാധാരണ ഒരു കൈപ്പടിപ്പ് തുന്നിക്കൊണ്ടാണ് പ്രിയാ ശശി ഈ രംഗത്തേക്ക് കടന്നുവരുന്നത്.

എന്നാൽ ഇന്ന് കാണി, കൈപ്പടിപ്പ്, കച്ചിങ്കര, ഞെറി, വാലിഞ്ഞെറി തുടങ്ങിയ നിരവധിയായ തെയ്യം സാമഗ്രികൾ ഇവർ നിർമ്മിക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് നിരവധി ആളുകളാണ് തെയ്യത്തിന്റെ അണിയലങ്ങൾ തുന്നിയെടുക്കാനായി ഇവരെ സമീപിക്കുന്നത്.

 ഡിസംബർ മുതൽ മാർച്ച് വരെയുള്ള കളിയാട്ട കാലത്താണ് ഈ രംഗത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. വീട്ടുജോലികൾക്കെല്ലാം ശേഷമാണ് പ്രിയ ഇതിനായി സമയം കണ്ടെത്തുന്നത്. ഭർത്താവും മക്കളും നൽകുന്ന പൂർണ്ണ പിന്തുണയാണ് ഈ രംഗത്ത് മുന്നോട്ട് പോകാൻ തനിക്ക് കരുത്തേകുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. തനത് കലാരൂപങ്ങൾക്ക് അണിയലങ്ങളൊരുക്കി, തുന്നിച്ചേർക്കുന്ന ഓരോ നൂലിലും വിശ്വാസത്തിന്റെ മനോഹര വർണ്ണങ്ങൾ നെയ്യുകയാണ് ഈ കലാകാരി.

Tags